ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ടത്തിലും വോട്ടിംഗ് ശതമാനത്തിലെ ഇടിവ് തുടരുന്നു.10 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 96 മണ്ഡലങ്ങളാണ് നാലാം ഘട്ടത്തിൽ ബൂത്തിലെത്തിയത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ അവസാനം പുറത്തുവിട്ട കണക്കുകൾ പ്രകാരം 67.25 ശതമാനം പോളിംഗാണ് നാലാം ഘട്ടത്തിൽ രേഖപ്പെടുത്തിയത്.  ഇന്നലെ വോട്ടെടുപ്പ് നടന്ന സീറ്റുകളിൽ 2019 ലെ പോളിംഗ് ശതമാനം 68.8 ആയിരുന്നു. 
അതേ സമയം എല്ലാ പോളിംഗ് സ്റ്റേഷനുകളിൽ നിന്നുമുള്ള റിപ്പോർട്ടുകൾ കണക്കിലെടുക്കുമ്പോൾ അന്തിമ പോളിംഗ് ശതമാനത്തിൽ വർദ്ധനവുണ്ടായേക്കും. മുൻ ഘട്ടങ്ങളെ അപേക്ഷിച്ച് നാലാം ഘട്ടത്തിൽ 2019 ലെ കണക്കുകളുമായുള്ള പോളിംഗ് വ്യത്യാസത്തിൽ കുറവ് വന്നിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ, 102 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നപ്പോൾ, 2019 ലെ 69.89 ശതമാനത്തിൽ നിന്ന് 66.14 ശതമാനമായിരുന്നു അന്തിമ പോളിംഗ്. മൂന്നാം ഘട്ടത്തിൽ, 93 മണ്ഡലങ്ങളിലായി, 2019 ലെ 67.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 65.68 ശതമാനവുമായിരുന്നു പോളിംഗ്. 
നാലാം ഘട്ടത്തിൽ ഒരു നിയോജക മണ്ഡലം ഉൾപ്പെട്ടിരുന്ന ജമ്മു കശ്മീരിൽ, പോളിംഗ് ശതമാനം 23 ശതമാനത്തിലധികം ഉയർന്നു. ജമ്മുവിൽ 2019 ലെ പോളിംഗ് 14.39 ശതമാനമായിരുന്നെങ്കിൽ ഇത്തവണ അത് 37.98 ശതമാനമായി. 
തെലങ്കാന (2019 ലെ 62.69 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ 64.74 ശതമാനം), ഒഡീഷ (2019 ലെ 73.95 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 73.97 ശതമാനം) എന്നിവയാണ് നേരിയ വർധന രേഖപ്പെടുത്തിയ മറ്റ് സംസ്ഥാനങ്ങൾ. തെലങ്കാനയിലെ 17 ലോക്‌സഭാ മണ്ഡലങ്ങളിലും ഒഡീഷയിലെ നാല് മണ്ഡലങ്ങളിലുമാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. 
പൊതുവേ സമാധാനപരമായാണ് പോളിങ് നടന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു. “വൈകിട്ട് 6 മണിക്ക് പോളിംഗ് അവസാനിപ്പിച്ചു, പക്ഷേ ധാരാളം വോട്ടർമാർ പോളിംഗ് സ്റ്റേഷനുകളിൽ ക്യൂവിൽ ഉണ്ടായിരുന്നു,” കമ്മീഷൻ പറഞ്ഞു.
പോളിങ് സ്‌റ്റേഷനുകളിൽ പ്രവേശിച്ചവർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകുന്നതിനായി വൈകിട്ട് ആറിന് ശേഷവും പോളിങ് തുടർന്നു. നാലാം ഘട്ടത്തിൽ 1.92 ലക്ഷം പോളിങ് സ്‌റ്റേഷനുകളിലായി 17.7 കോടി വോട്ടർമാരാണുണ്ടായിരുന്നത്. 
ഏഴ് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്ന പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് – 78.37 ശതമാനം.  ഈ സീറ്റുകളിൽ 2019ൽ 82.68 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.25 ലോക്‌സഭാ സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടന്ന ആന്ധ്രാപ്രദേശിൽ 2019ലെ 79.64 ശതമാനത്തിൽ നിന്നും 76.5 ശതമാനമായി പോളിംഗ് കുറഞ്ഞു. 
 ഉത്തർപ്രദേശിലെ 13, മഹാരാഷ്ട്രയിലെ 11, മധ്യപ്രദേശിലെ എട്ട്, ബിഹാറിലെ അഞ്ച്, ജാർഖണ്ഡ്, ഒഡീഷ എന്നിവിടങ്ങളിൽ നാല് വീതം മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടന്നത്. 96 ലോക്‌സഭാ സീറ്റുകൾക്ക് പുറമെ ആന്ധ്രാപ്രദേശിലെ 175 നിയമസഭാ സീറ്റുകളിലേക്കും ഒഡീഷയിലെ 28 നിയമസഭാ സീറ്റുകളിലേക്കും ഇന്നലെ വോട്ടെടുപ്പ് നടന്നു.
തിരഞ്ഞെടുപ്പിന്റെ അടുത്ത ഘട്ടം  മെയ് 20 ന്  നടക്കും. എട്ട് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 ലോക്‌സഭാ സീറ്റുകളിലേക്കാണ് അഞ്ചാം ഘട്ടത്തിലെ വോട്ടെടുപ്പ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed