മൂലമറ്റം: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതനിലയത്തിന്റെ നിര്‍മാണചരിത്രത്തിലെ സ്ത്രീകരുത്ത്‌ ജാക്ക്ഹാമര്‍ മേരി (90) നിര്യാതയായി
1962ലാണ് പൊന്മുടി സ്വദേശിനിയായ ചെറുമുളയില്‍ മേരി മൂലമറ്റത്ത് എത്തിയത്. 1967 മുതല്‍ രണ്ടാം ഘട്ടത്തില്‍ 1985 വരെ വൈദ്യുതിനിലയത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായി.
പാറപൊട്ടിക്കാന്‍ ജാക്ഹാമര്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ വിദഗ്ധയായിരുന്നു മേരി. വൈദ്യുതിനിലയത്തിന്റെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ ജാക്ക് ഹാമര്‍ കൊണ്ട് പാറപൊട്ടിച്ച് കുഴിയെടുത്തത് മേരിയാണ്. പാറപൊട്ടിച്ച് കുഴിയെടുക്കാന്‍ പ്രദേശത്തുള്ളവര്‍ക്ക് കഴിയാതെ വന്നതോടെയാണ് ഈ ഉദ്യമം മേരി ഏറ്റെടുത്തത്.
ഇടുക്കി ജില്ലയുടെ പ്രഥമ കളക്ടര്‍ ഡി. ബാബുപോളാണ് ജാക്ഹാമര്‍ എന്ന വിളിപ്പേര് മേരിക്ക് നല്‍കിയത്. അങ്ങനെ മേരി ജാക്ഹാമര്‍ മേരിയായി. പുരുഷന്മാര്‍പോലും സഹായികളെക്കൂട്ടി ജാക്ഹാമര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മേരി അത് തനിച്ച് ചെയ്തു.
എല്ലാവര്‍ക്കും 1.15 പൈസ കൂലി നല്‍കിയിരുന്ന അക്കാലത്ത് തനിക്ക് 3.00 രൂപയായിരുന്നു കൂലിയെന്ന് മേരി പിന്നീട് വെളിപ്പെടുത്തിയിരുന്നു. വൈദ്യുതിനിലയം കമ്മിഷന്‍ ചെയ്ത വേളയില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്കെല്ലാം ഇലക്ട്രിസിറ്റി ബോര്‍ഡ് ജോലി നല്‍കിയപ്പോഴും തന്നെ അവഗണിച്ചത് മേരിയെ വേദനിപ്പിച്ചു. ഭര്‍ത്താവ് പരേതനായ പൈലി. മക്കള്‍: ബേബി, മേഴ്‌സി, ബിജു, പരേതരായ ബാബു, ടോമി, സൈമണ്‍.  

By admin

Leave a Reply

Your email address will not be published. Required fields are marked *