നമുക്ക് ചുറ്റുമുള്ള കാഴ്ചകളെ, സംഭവങ്ങളെ ഉൾക്കൊള്ളിച്ച് കഥകളാക്കി വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കുന്ന മനോഹര സൃഷ്ടിയാണല്ലോ സിനിമ. കഥാകാരന്റെ ഭാവനയിലും വിരിഞ്ഞ വളരെ മികച്ച സൃഷ്ടികൾ അഭ്രപാളികളിൽ ചരിത്രം കുറിച്ചിട്ടുണ്ട്. ഒരു വിഷയത്തെ പലരും കാണുന്നതും സമീപിയ്ക്കുന്നതും പല രീതിയിലുമായിരിയ്ക്കും.
ഒരേ കഥയും നോവലും വായിയ്ക്കുന്ന ഓരോരുത്തരുടെയും മനസ്സിൽ വിവിധ ഫ്രെയിമുകളായിരിയ്ക്കും വിരിയുക. വായന നമുക്ക് തരുന്ന ആ പരിപൂർണ്ണ സ്വാതന്ത്യം ദൃശ്യങ്ങൾക്ക് തരാൻ കഴിയുന്നില്ല. ഒരാൾ ഒരുക്കുന്ന ആ ദൃശ്യാവിഷ്ക്കാരത്തിൽ നമ്മൾ സംതൃപ്തരാകണം. ആ പരിമിതിയാണ് സിനിമയുടെ ജയപരാജയങ്ങൾ നിശ്ചയിയ്ക്കുന്നത്.
സിനിമ കാണികളെ രസിപ്പിയ്ക്കുന്നതായിരിയ്ക്കണം എന്ന് വാശി പിടിയ്ക്കാൻ പറ്റത്തില്ല. അത് പോലെ ഭയപ്പെടുത്തുന്നതോ, കരയിപ്പിയ്ക്കുന്നതോ ആയിരിയ്ക്കണം എന്നും പറയാൻ പറ്റത്തില്ല.
എന്നാൽ ഒട്ടുമുക്കാൽ പേരും സിനിമ കണ്ട് ചിരിയ്ക്കാൻ ഇഷ്ടപ്പെടുന്നവരാണ് എന്ന് തോന്നുന്നു. ചിരിപ്പിച്ച് ചിരിപ്പിച്ച് കാണികളെ മണ്ണ് കപ്പിച്ച പ്രതിഭാധനൻമാരായ സംവിധായകരും തിരക്കഥാകാരൻമാരും നമുക്കുണ്ട്. പുതിയ തലമുറക്കാരായ അതുല്യ പ്രതിഭകൾ മലയാള സിനിമാ മേഖലയിൽ ഉണ്ട് എന്ന് നമുക്ക് ആശ്വസിക്കാം. ഇനി പറയാൻ വന്ന കാര്യത്തിലേക്ക് കടക്കാം.
ആവേശം എന്ന സിനിമ
ഫഹദ് ഫാസിലിന്റെ ആവേശം എന്ന സിനിമ പ്രേക്ഷകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഒന്നിൽ കൂടുതൽ തവണ “ആവേശം” കണ്ടവരുണ്ടെന്ന റിപ്പോർട്ടുകൾ ഫിലിം ഇൻഡസ്ട്രിയിൽ നിന്ന് വരുന്നുണ്ട്. ചിരിയുടെ രസക്കൂട്ടിലെ പുതുമയാകാം അല്ലങ്കിൽ പതിവ് മസാലകൾ ഉപേക്ഷിച്ച പരീക്ഷണമാകാം. എന്തായാലും ജനങ്ങൾ ആവേശത്തോടെയാണ് “ആവേശ”ത്തെ സ്വീകരിച്ചത്.
മെയ് പതിനൊന്നിന്, സിനിമ റിലീസായിട്ട് മുപ്പത് ദിവസമായി. ഇന്നും “ആവേശ”ത്തിന്റെ ഓരോ സീനുകളും ക്യാമ്പസ്സുകളെ ഇളക്കിമറിയ്ക്കുന്നു. ക്യാംപസ്സുകളെ മാത്രമല്ല എല്ലാ പ്രായത്തിലുമുള്ള സിനിമാ ആസ്വാദകരെയും ഹരം കൊള്ളിയ്ക്കുന്നുണ്ട്.
ബംഗലുരുവിൽ എൻജിനീയറിങ് കോളേജിൽ അഡ്മിഷൻ കിട്ടിയ മൂന്ന് മലയാളി വിദ്യാർത്ഥികൾക്ക് അവിടെ നേരിടേണ്ടി വന്ന റാഗിംഗും തുടർന്ന് ഉണ്ടായ സംഭവങ്ങളും ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തു ചാലിച്ച് ആവേശം ചോരാതെ വിളമ്പുകയായിരുന്നു സംവിധായകൻ ജിത്തുമാധവൻ.
രംഗണ്ണൻ എന്ന ഫാസിലിന്റെ നായകനായ ഗുണ്ടാ നേതാവിന് പകരം വയ്ക്കാവുന്ന ഒരു കഥാപാത്രം സിനിമാ കഥകളിൽ ജനിച്ചിട്ടില്ല. തല്ലാൻ പറഞ്ഞുവിട്ടാൽ കൊല്ലുന്ന കിങ്കരൻമാർ. പതിവ് മസാല സിനിമകളിലെ പോലെ സെക്സും വയലൻസും റേപ്പും കിഡ്നാപ്പിംഗും വിലപേശലും സംവിധായകൻ ഒഴിവാക്കിയത് നന്നായി എന്ന് പ്രേക്ഷകർ പറയുന്നു.
രംഗണ്ണൻ സിനിമ നിറഞ്ഞു നിന്നാടി. രംഗണ്ണന്റെ വിശ്വസ്തൻ, അമ്പാനെ അവതരിപ്പിച്ച സജിൻ ഗോപു പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയിട്ടുണ്ട്. രംഗണ്ണന്റെ വിവിധ ഭാവങ്ങൾ, രംഗണ്ണന്റെ നൃത്തം, രംഗണ്ണന്റെ ഫൈറ്റ് എല്ലാം ഒന്നിനൊന്ന് വ്യത്യസ്തവും മനോഹരവുമായി.
സിനിമയുടെ ആദ്യപകുതിയിൽ രംഗണ്ണനും അനുചരൻമാരും വെറും കോമാളികൾ ആണന്ന് പ്രേക്ഷകർക്ക് തോന്നി. തങ്ങളെ ആക്രമിച്ച കോളജിലെ സീനിയറായ തെമ്മാടിക്കൂട്ടങ്ങൾക്കിട്ട് പണികൊടുക്കാൻ ഇറങ്ങിയ അജു (ഹിപ്സ്റ്റർ) ബിബിൻ (മിഥുൻ ജയ് ശങ്കർ) ശാന്തൻ (റോഷൻ ഷാനവാസ്) എന്നിവർ കണ്ടുമുട്ടിയ രംഗണ്ണൻ എന്ന ഗുണ്ടയുടെ വീര സാഹസിക കഥകൾ പൊടിപ്പും തൊങ്ങലും വെച്ചാണ് അമ്പാൻ പറയുന്നത് എന്ന് പിള്ളേരോടൊപ്പം കാണികളും ആദ്യം വിശ്വസിച്ചു.
അമ്മ പിണങ്ങിപോയതിൽ ആകെ വിഷമിച്ചിരിയ്ക്കുന്ന രംഗണ്ണൻ ബിബിന്റെ അമ്മയുമായി ഫോണിൽ സംസാരിയ്ക്കുമ്പോൾ ഉണ്ടാകുന്ന മാതൃവാത്സല്യത്തിന്റെ പരന്നൊഴുക്കിൽ മുങ്ങിപ്പോയി. “ഇതാരാ സംസാരിയ്ക്കുന്നത്” എന്ന് ബിബിന്റെ അമ്മ ചോദിയ്ക്കുമ്പോൾ “രംഗണ്ണൻ” ആണെന്ന് മറുപടി പറഞ്ഞു.
” ആ രംഗണ്ണൻ ആണോ.? ബിബിൻമോൻ എപ്പോഴും പറയും, ഇന്നലെയും പറഞ്ഞു” എന്ന് അമ്മയുടെ മറുപടി കേൾക്കുന്ന രംഗണ്ണന്റെ മുഖം കാണേണ്ടത് തന്നെ. തുടർന്ന് അമ്മ, ” രംഗണ്ണൻ ഹാപ്പിയാണോ” “ഹാപ്പിയാണ്”, “ബിബിൻ മോൻ ഹാപ്പിയാണോ” “ഹാപ്പിയാണ് ” എന്ന ചോദ്യോത്തരങ്ങളിൽ ബിബിനോട് രംഗണ്ണന് സഹോദര നിർവ്വിശേഷമായ സ്നേഹവും വാത്സല്യവും കരുതലും കൂടുകയായിരുന്നു.
കുട്ടികളെ പൊതിരെ തല്ലിയ കുട്ടിയുടെ (മിഥുട്ടി) നേതൃത്വത്തിൽ ഉള്ള തെമ്മാടികൾക്കിട്ട് കോളജിലെ മറ്റ് കുട്ടികളുടെ മുന്നിലിട്ട് ആവശ്യത്തിലധികം കൊടുത്തു അമ്പാനും കൂട്ടരും. പിന്നീട് രംഗണ്ണന്റെ കൂട്ടത്തിൽ മൂവരും തല്ലാനും തല്ല്കാണാനും പോയി, രാവെളുക്കുവോളം കള്ളുകുടിച്ചും പകൽ ക്ലാസ്സിൽ ഉറങ്ങിയും അജുവും ബിബിനും ശാന്തനും പഠനം ഉഴപ്പി.
പഠിയ്ക്കാൻ വന്ന കുട്ടികൾ മൂന്നുപേരും എട്ടുനിലയിൽ പൊട്ടി. കോളജ് പ്രിൻസിപ്പൽ തോക്കിൻമുനയിൽ നിർത്തി വിറപ്പിച്ചപ്പോൾ രംഗണ്ണൻ അവർക്ക് ശല്യമായി. രംഗണ്ണന്റെ ബൈക്കും, രംഗണ്ണന്റെ ഭക്ഷണവും, വീടും അവർ മറന്നു.
മലയാളിയുടെ തനിനിറം കഥാകാരനും സംവിധായകനുമായ ജിത്തു മാധവൻ ഇവിടെ തുറന്നു കാണിച്ചു. സ്വാർത്ഥരും വഞ്ചകരും ആണ് മലയാളികൾ എന്ന് ജിത്തു അടിവരയിട്ട് തുറന്ന് കാട്ടി. രംഗണ്ണനെ ചതിച്ച ബിബിൻ രംഗണ്ണന്റെ യഥാർഥ രൂപം കണ്ട് ഞെട്ടിത്തരിച്ചു.
സമീപകാലത്ത് മലയാളികളെ ഇത്രയും രസിപ്പിച്ച മലയാള സിനിമ വേറെയില്ല. സജീർ താഹിറും, വിവേക് ഹർഷനും ചേർന്ന് ഒരുക്കിയ ദൃശ്യങ്ങൾ ആവേശോജ്ജ്വലമായി. സംഘട്ടന രംഗങ്ങൾ വ്യത്യസ്തമായി. ചുരുക്കത്തിൽ ആവേശം എന്ന സിനിമ കണ്ടിറങ്ങിയവരോട് ചോദിയ്ക്കട്ടെ, “എട മോനേ…! നിങ്ങൾ ഹാപ്പിയാണോ ?”