ചങ്ങനാശേരി: പ്രൗഡിയും ഒട്ടും നഷ്ടപ്പെടാതെ പൈതൃക തനിമയോടെ അടിമുടി മാറാന്‍ ഒരുങ്ങി ചങ്ങനാശേരി മാര്‍ക്കറ്റ്. പദ്ധതിയുടെ പ്രാരംഭ നടപടി എന്ന നിലയില്‍ എം.എല്‍.എയും മുന്‍സിപ്പല്‍ അധികാരികളും ഉദ്യോഗസ്ഥരും മാര്‍ക്കറ്റും പരിസരപ്രദേശങ്ങളും സന്ദര്‍ശിച്ചു. ചങ്ങനാശേരി മാര്‍ക്കറ്റ് പൈതൃകമായി നില നിര്‍ത്തി നവീകരിക്കുന്നതിന് ബജറ്റില്‍ 3 കോടി രൂപ ജോബ് മൈക്കിള്‍ എം.എല്‍.എ വകയിരുത്തിയിരുന്നു.
ഇതിന്റെ ഭാഗമായി ഉള്ള ആലോചന യോഗവും സ്ഥല സന്ദര്‍ശനവുമാണ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്നത്. മാര്‍ക്കറ്റ് പ്രദേശത്ത് വേനല്‍കാലത്തും മഴകാലത്തും സുഗമമായി വ്യാപാരം നടത്തുന്നതിനു സഹായിക്കുന്ന തരത്തില്‍ ഉള്ള റൂഫിങ് സൗകര്യം ഒരുക്കുക, ചങ്ങനാശേരി മാര്‍ക്കറ്റിന്റെ തനതായ പൈതൃകം നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കുക എന്നതുമാണ് ലക്ഷ്യമാക്കുന്നത്. പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗത്തിനാണു നിര്‍മ്മാണ ചുമതല.സമാനമായ മറ്റു പ്രൊജക്ടുകളുടെ ആശയങ്ങളും ഉപയോഗപ്പെടുത്തി ഏറ്റവും അനുയോജ്യമായ രീതിയില്‍ തന്നെ ആകും നിര്‍മ്മാണമെന്ന് എം.എല്‍.എ അറിയിച്ചു.
അതോടൊപ്പം ചങ്ങനാശേരി മാര്‍ക്കറ്റിലെ മുഴുവന്‍ ഓടകളും വൃത്തിയാക്കി നീരൊഴുക്കു സുഗമമാക്കുകയും വെള്ളക്കെട്ട് തടയുവാനും എം.എല്‍.എ നിര്‍ദേശം നല്‍കി. യോഗത്തില്‍ ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീന ജോബി, വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്,വാര്‍ഡ് കൗണ്‍സിലര്‍ ബാബു തോമസ്, രാജു ചാക്കോ,സന്തോഷ് ആന്റണി, മാര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ ജോസഫ് പ്ലാന്തോട്ടം, അസോസിയേഷന്റെ മറ്റു ഭാരവാഹികള്‍, പി.ഡബ്ല്യൂ.ഡി കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീലേഖ, എ.എക്‌സ്.ഇ മഞ്ജുള ,എ.ഇ. രാജി , പി.ഡബ്ല്യൂ.ഡി നിരത്ത് വിഭാഗം എ.എക്‌സ്.ഇ. സിനി, എ.ഇ അലന്‍ , വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.