നവവധുവിനെ മർദിച്ച യുവാവ് ജർമനിയിൽ എഞ്ചിനീയർ; വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കിടെ മകൾ നേരിട്ടത് ക്രൂരപീഡനമെന്ന് അച്ഛൻ

കോഴിക്കോട്: വിവാഹം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ നവവധുവിനെ ഭർത്താവ് മർദിച്ച സംഭവത്തിൽ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതിയുടെ പിതാവ്. സ്ത്രീധനം കുറഞ്ഞുപോയെന്നും കാര്‍ വേണമെന്നും വരന്റെ അമ്മയും സഹോദരിയും നിരന്തരം പറഞ്ഞിരുന്നതായി അദ്ദേഹം ആരോപിച്ചു. 

മകളെ മര്‍ദ്ദിച്ച ദിവസം പുലര്‍ച്ചെ രണ്ടോടെയാണ് രാഹുല്‍ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മകളുടെ ഫോണ്‍ പോലും രാഹുലിന്റെ കസ്റ്റഡിയിലായിരുന്നു. ഉറക്കെ നിലവിളിച്ചെങ്കിലും എസി റൂമായതിനാല്‍ ആരും ശബ്ദം പുറത്തേക്കു കേട്ടില്ല. വാതില്‍ തുറന്ന് പുറത്തേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി വീണ്ടും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. 

പരാതി പറയാനായി പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷനില്‍ എത്തിയെങ്കിലും പൊലീസ് അനുകൂല നിലപാട് സ്വീകരിച്ചില്ലെന്നും യുവതിയുടെ അച്ഛൻ കുറ്റപ്പെടുത്തി. ഉച്ചക്ക് 1.30ഓടെയാണ് പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. എന്നാല്‍ രാത്രി ഏഴ് മണി വരെ അവിടെ തുടരേണ്ട സാഹചര്യം ഉണ്ടായതായി അദ്ദേഹം പറഞ്ഞു.

കോഴിക്കോട് പന്തീരങ്കാവിലാണ് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ നടന്നത്. സംഭവത്തില്‍ ഏഴ് ദിവസം മുന്‍പ് വിവാഹിതനായ യുവാവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തു. പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം തെക്കേവളളിക്കുന്ന് സ്വദേശി രാഹുലി(29)നെതിരെയാണ് കേസെടുത്തത്.

മെയ് അഞ്ചിനായിരുന്നു ജര്‍മനിയില്‍ എഞ്ചിനീയറായ രാഹുലിന്റെയും ഐടി പ്രൊഫഷണലായ എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയുടെയും വിവാഹം. വിവാഹശേഷം ഞായറാഴ്ച വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും പന്നിയൂര്‍ക്കുളത്തേക്ക് വിരുന്ന് വന്നപ്പോഴാണ് മകള്‍ക്ക് മർദനമേറ്റതായി ബോധ്യമായത്. യുവതിയുടെ മുഖത്തും ശരീരത്തിലും പാടുകള്‍ കണ്ട് അന്വേഷിച്ചപ്പോള്‍ ഭര്‍ത്താവ് മർദിച്ച കാര്യം തുറന്നുപറയുകയായിരുന്നു.

ലൈംഗിക പീഡനം; ഇമാമിനെ കൊലപ്പെടുത്തി മദ്രസ വിദ്യാർത്ഥികൾ, 6 പേർ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin