മൂവാറ്റുപുഴ: നിർമല കോളജ് പുതിയ ബാച്ചിലേക്കുളള വിദ്യാർഥികളെ സ്വാഗതം ചെയ്ത് പുറത്തിറക്കിയ വീഡിയോ വിവാദത്തിൽ. കോളജ് ലൈബ്രറിയിൽ വെച്ച് കണ്ടുമുട്ടുന്ന രണ്ട് വിദ്യാർഥികളെ ചുറ്റിപ്പറ്റി സ്വകാര്യ ഏജൻസിയാണ് വീഡിയോ തയാറാക്കിയത്. കോളജിന്റെ മൂല്യങ്ങൾക്ക് അനുസരിച്ചുളള വീഡിയോ അല്ല ഇതെന്നും വീഡിയോ പുറത്ത് വിടരുതെന്ന് നിർദേശിച്ചതാണെന്നും കോളജ് മാനേജ്മെന്റ് വ്യക്തമാക്കി. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിനും നിർദേശിച്ചു.
2024ൽ നിർമല കോളജിലെ വിവിധ ബാച്ചുകളിലേക്കുളള വിദ്യാർഥികളെ സ്വാഗതം ചെയ്ത് പുറത്തിറക്കിയ വീഡിയോയ്ക്ക് നിറക്കൂട്ട് എന്ന സിനിമയിലെ പ്രശസ്തമായ ഗാനവും അകമ്പടിയായുണ്ട്. കോളജിലെ ലൈബ്രറിയിൽ ഇരുന്ന് മുട്ടത്തു വർക്കിയുടെ ഇണപ്രാവുകൾ വായിക്കുന്ന വിദ്യാർഥിയെ കാണിച്ചുകൊണ്ടാണ് തുടക്കം. അവിടേക്ക് ഒരു പെൺകുട്ടി കടന്നു വരുന്നു. വിദ്യാർഥി അവളിൽ ആകൃഷ്ടനാകുന്നു. ലൈബ്രറിയിലെ പുസ്തക ഷെൽഫുകൾക്കിടയിൽ വെച്ച് ഇരുവരും മുഖത്തോടുമുഖം നോക്കുന്നതും അടുപ്പത്തിലാകുന്നതും പിന്നീട് കൈപിടിച്ച് ലൈബ്രറിയിലൂടെ നടന്ന് നീങ്ങുന്നതുമാണ് ഇതിവൃത്തം. ഒടുവിൽ ഇതെല്ലാം ലൈബ്രറിയിൽവെച്ച് വിദ്യാർഥി കണ്ട പകൽക്കിനാവ് എന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
വായന മനസ് തുറക്കുമെന്നും സങ്കൽപങ്ങളെ ആളിക്കത്തിക്കുമെന്നും വീഡിയോയിൽ എഴുതിക്കാണിച്ചിട്ടുണ്ട്. സാഹിത്യത്തിന്റെ ലോകത്തേക്ക് വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതായും സ്ക്രീനിൽ തെളിയുന്നു. ഒടുവിലായി 2024 ബാച്ചിലേക്കുളള അഡ്മിഷൻ ആരംഭിച്ചതായും വീഡിയോയിലുണ്ട്. വീഡിയോ ശ്രദ്ധയിൽപ്പെട്ട കോതമംഗലം രൂപതയുടെ കോർപറേറ്റ് മാനേജ്മെന്റ് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കോളജിനോട് ആവശ്യപ്പെട്ടു. നിർമല കോളജ് ഉയർത്തിപ്പിടിക്കുന്ന ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമാണ് വീഡിയോയിലെ ആശയമെന്നും ഖേദിക്കുന്നതായും കോർപറേറ്റ് മാനേജർ തന്നെ വ്യക്തമാക്കി. കോളജിനായി സ്വകാര്യ ഏജൻസി നിർമിച്ച വിഡിയോ ആണെന്നും മുൻവിധികളോടും ദുരുദ്ദേശത്തോടുംകൂടി പ്രചരിപ്പിക്കരുതെന്നുമാണ് മാനേജ്മെന്റിന്റെ ആവശ്യം.