സൂറത്ത്: തെരഞ്ഞെടുപ്പിന് മുമ്പ് നാമനിർദേശ പത്രിക പിൻവലിച്ച് ബിജെപി സ്ഥാനാർഥിക്ക് ജയമൊരുക്കിയ കോൺഗ്രസ് സ്ഥാനാർഥി 20 ദിവസത്തെ അപ്രത്യക്ഷമാകലിന് ശേഷം പൊതുമധ്യത്തിൽ. കോൺഗ്രസ് നേതാവായിരുന്ന നിലേഷ് കുംഭാനിയാണ് വീണ്ടും രംഗത്തെത്തിയത്. 2017ൽ തന്നെ കോൺഗ്രസ് ആദ്യം വഞ്ചിച്ചെന്നും പാർട്ടി സംസ്ഥാന അധ്യക്ഷൻ ശക്തിസിൻഹ് ഗോഹിലിനോടും പാർട്ടിയുടെ രാജ്കോട്ട് ലോക്സഭാ സ്ഥാനാർത്ഥി പരേഷ് ധനാനിയോടുമുള്ള ബഹുമാനം കൊണ്ടാണ് താൻ ഇത്രയും ദിവസങ്ങൾ നിശബ്ദനായിരുന്നതെന്നും നിലേഷ് കുംഭാനി പറഞ്ഞു.
ഞാന്‍ വഞ്ചിച്ചെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. എന്നാൽ, 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, അവസാന നിമിഷം സൂറത്തിലെ കാംറേജ് മണ്ഡലത്തിലെ എൻ്റെ ടിക്കറ്റ് റദ്ദാക്കി ആദ്യം വഞ്ചിച്ചത് കോൺഗ്രസാണെന്നും കുംഭാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പത്രിക പിൻവലിക്കാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ സൂറത്തിൽ അഞ്ച് സ്വയം പ്രഖ്യാപിത നേതാക്കളാണ് പാർട്ടി ഭരിക്കുന്നത്. എൻ്റെ അനുയായികളും ഓഫീസ് ജീവനക്കാരും അസ്വസ്ഥരായിരുന്നു. ഞങ്ങളെ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നില്ല. എഎപിയും കോൺഗ്രസും ഇന്ത്യയുടെ ഭാഗമാണെങ്കിലും സൂറത്തിൽ എഎപി നേതാക്കൾ പ്രചാരണത്തിനെത്തുന്നത് അംഗീകരിക്കാനായില്ലെന്നും കുംഭാനി പറഞ്ഞു.
2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കാമ്രേജിൽ നിന്ന് മത്സരിച്ചെങ്കിലും കുഭാനി ബിജെപിയോട് പരാജയപ്പെട്ടു. മെയ് 7 ന് ഗുജറാത്തിൽ ഒറ്റ ഘട്ടമായാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്.