ഡല്‍ഹി:  ജനങ്ങള്‍ക്ക് മുന്നില്‍ 10 വാഗ്‌ദാനങ്ങളുമായി ആംആദ്മി  ദേശീയ കണ്‍വീനർ അരവിന്ദ് കെജ്‌രിവാള്‍. മേയ് 25ന് ആറാം ഘട്ട വോട്ടെടുപ്പിലാണ് ഡല്‍ഹി ഉള്‍പ്പെട്ടിരിക്കുന്നത്. ‘കെജ്‍രിവാള്‍ കി ഗ്യാരന്റി’ എന്ന തലക്കെട്ടോടുകൂടിയാണ് വാഗ്ദാനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. 
എഎപിയുടെ ഉറപ്പുകള്‍ പണപ്പെരുപ്പം കുറയ്ക്കുമെന്നും തൊഴിലില്ലായ്മയ്ക്ക് പരിഹാരമാകുമെന്നും കെജ്‍രിവാള്‍ അവകാശപ്പെട്ടു. വൈദ്യുതിയാണ് ആംആദ്മിയുടെ വാഗ്ദാനങ്ങളില്‍ ഒന്നാമത്. രാജ്യത്തുടനീളം 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്ന് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. “ഇത്രയും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷി രാജ്യത്തിനുണ്ട്. പക്ഷേ, പവർക്കട്ട് നിലനില്‍ക്കുന്നു. മോശം ഭരണനിർവഹണം മൂലമാണ് ഇത്. ഡല്‍ഹിയിലും പഞ്ചാബിലും ഈ സ്ഥിതിയായിരുന്നു. പക്ഷേ, ഞങ്ങളത് തിരുത്തി,” കെജ്‌രിവാള്‍ വ്യക്തമാക്കി.
രണ്ടാമത്തെ വാഗ്ദാനമായി കെജ്‌രിവാള്‍ ഉയർത്തിക്കാണിക്കുന്നത് വിദ്യാഭ്യാസമാണ്. രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുമെന്നാണ് എഎപി നേതാവിന്റെ അവകാശവാദം. അടിസ്ഥാനസൗകര്യങ്ങള്‍ ഉള്‍പ്പെടെ മെച്ചപ്പെടുത്തുമെന്നും ഇതിനായി അഞ്ച് ലക്ഷം കോടി രൂപ ആവശ്യമായി വരുമെന്നും കെ‌ജ്‌രിവാള്‍ പറഞ്ഞു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും പകുതി വീതം തുക ചെലവഴിക്കുമെന്നും കെ‌ജ്‌രിവാള്‍ കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ എല്ലാ കോണുകളിലും മൊഹല്ല ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മൂന്നാമത്തെ വാഗ്ദാനമായ ആരോഗ്യമേഖലയെക്കുറിച്ച് കെജ്‍രിവാള്‍ നിലപാട് വ്യക്തമാക്കിയത്. സ്വകാര്യ ആശുപത്രികള്‍ക്ക് സമാനമായി സർക്കാർ ആശുപത്രികള്‍ മെച്ചപ്പെടുത്തും. വലിയ തട്ടിപ്പിന് വഴിയൊരുക്കുന്ന ഇന്‍ഷുറന്‍സ് ഒഴിവാക്കും. എല്ലാ കോണുകളിലും ആശുപത്രി സംവിധാനം എത്തിക്കും, ഇതിനും അഞ്ച് ലക്ഷം കോടി രൂപയാകും. ചെലവ് സംസ്ഥാനവും കേന്ദ്രവും ചേർന്ന് വഹിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഇന്ത്യയുടെ ഭൂമി ചൈനീസ് നിയന്ത്രണത്തില്‍ നിന്ന് മുക്തമാക്കുമെന്നാണ് നാലാമത്തെ വാഗ്ദാനം. നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച അഗ്നിവീർ പദ്ധതി റദ്ദാക്കുമെന്നും അഞ്ചാമത്തെ വാഗ്ദാനമായി കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. സ്വാമിനാഥാന്‍ കമ്മിഷന്‍ റിപ്പോർട്ട് പ്രകാരം കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കും, ഡല്‍ഹിക്ക് സംസ്ഥാന പദവി, യുവാക്കള്‍ക്ക് രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍, അഴിമതി തുടച്ചുനീക്കും എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍.
രാജ്യത്തുടനീളമുള്ള വ്യാപാരികള്‍ക്ക് വ്യവസായം നടത്താന്‍ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നാണ് പത്താമത്തെ പ്രഖ്യാപനം. കഴിഞ്ഞ എട്ട്, പത്ത് വർഷമായി വ്യാപാരികള്‍ വ്യവസായം അവസാനിപ്പിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നതായും കെജ്‌രിവാള്‍ ചൂണ്ടിക്കാണിച്ചു. പിഎംഎല്‍എയുടെ പരിധിയില്‍ നിന്ന് ജിഎസ്‍ടി ഒഴിവാക്കും. അത് ലളിതമാക്കുകയും ഭരണപരമായും നിയമപരമായും കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *