ബെയ്ജിങ്: കോവിഡ് മഹാമാരിയെ കുറിച്ച് ആദ്യമായി ലോകത്തെ അറിയിച്ച ചൈനീസ് മാധ്യമ പ്രവർത്തക ഒടുവിൽ ജയിൽ മോചിതയാവുന്നു. വുഹാനിലെ കോവിഡ് 19 വൈറസിനെ കുറിച്ച് പുറത്തുവിട്ട സിറ്റിസൺ ജേണലിസ്റ്റും അഭിഭാഷകയുമായ ഷാങ് ഷാനെ ആണ് നാലുവർഷത്തെ തടവിനു ശേഷം ചൈന മോചിപ്പിക്കുന്നത്. 2020ലാണ് കോവിഡ് വിവരങ്ങൾ ശേഖരിക്കാൻ ഷാൻ നേരിട്ട് വുഹാനിലെത്തിയത്.
എന്നാൽ അന്ന് വുഹാനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്ന സമയമായതിനാൽ ഏതാനും മാധ്യമപ്രവർത്തകർക്ക് മാത്രമേ നഗരത്തിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ വീഡിയോ ആയും മറ്റും ഷാൻ ശേഖരിക്കുകയും തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ നിന്ന് വിവരങ്ങൾ പുറത്തുവിട്ടു. ട്വിറ്റർ, യൂട്യൂബ്, വിചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഷാൻ പങ്കുവെച്ചത്. രാജ്യം ലോക്ക്ഡൗണിലായതും ആശുപത്രികൾ നിറഞ്ഞു കവിയുന്നതിനെ കുറിച്ചെല്ലാം അതിൽ ഉൾപ്പെട്ടിരുന്നു.
‘നഗരം സ്തംഭിച്ചിരിക്കുന്നു എന്നല്ലാതെ എനിക്ക് ഒന്നും പറയാനില്ല. ഈ നഗരത്തെ നിയന്ത്രിക്കുന്നതിനുള്ള സർക്കാരിൻ്റെ മാർഗം ഭീഷണിയും തടവിലിടുകയുമാണ്, നമ്മുടെ സ്വാതന്ത്ര്യത്തെ തടയുകയും ചെയ്യുന്നു’ 2020 ൽ ഷാൻ തന്റെ വീഡിയോയിലൂടെ പറഞ്ഞു. ഇതായിരുന്നു ഷാനിന്റെതായി അവസാനമായി പുറത്തുവന്ന വീഡിയോ എന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത് രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനും കലഹത്തിനും കാരണമായെന്നും കാണിച്ചായിരുന്നു 2020 മെയിൽ വുഹാൻ പൊലീസ് ഷാനിനെ അറസ്റ്റ് ചെയ്തത്. അന്നുമുതൽ ചെെനയിലെ ഷാങ്ഹായി വനിത ജയിലിലാണ് ഷാൻ.