ഐപിഎൽ ഓറഞ്ച് ക്യാപ്: ബുമ്രയുടെ യോര്‍ക്കറിൽ വീണു, സഞ്ജുവിനെ മറികടക്കാനുള്ള സുവര്‍ണാവസരം നഷ്ടമാക്കി നരെയ്ന്‍
കൊല്‍ക്കത്ത: ഐപിഎല്‍ ഓറഞ്ച് ക്യാപ് പോരാട്ടത്തില്‍ ടോപ് 5ല്‍ എത്താനുള്ള സുവര്‍ണാവസരം നഷ്ടമാക്കി കൊല്‍ക്കത്തയുടെ സുനില്‍ നരെയ്ന്‍. ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായ നരെയ്ൻ 12 മത്സരങ്ങളില്‍ 461 റണ്‍സുമായി ആറാം സ്ഥാനത്ത് തുടര്‍ന്നപ്പോള്‍ 11 മത്സരങ്ങളില്‍ 471 റണ്‍സടിച്ച സഞ്ജു ടോപ് 5ല്‍ തുടര്‍ന്നു.
ടോപ് 5ല്‍ എത്താന്‍ അവസരമുണ്ടായിരുന്ന കൊല്‍ക്കത്തയുടെ മറ്റൊരു ഓപ്പണറായ ഫില്‍ സാള്‍ട്ട് ആറ് റണ്‍സെടുത്ത് പുറത്തായി. 12 മത്സരങ്ങളില്‍ 435 റണ്‍സാണ് സാൾട്ട് ഒമ്പതാം സ്ഥാനത്ത് തുടരുന്നു. 634 റണ്‍സുമായി വിരാട് കോലി ഒന്നാം സ്ഥാനം സുരക്ഷിതമാക്കിയപ്പോള്‍ ഗുജറാത്തിനെതിരെ പൂജ്യത്തിന് പുറത്തായ ചെന്നൈ നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് 541 റണ്‍സുമായി രണ്ടാം സ്ഥാനത്തുണ്ട്. 533 റണ്‍സുമായി ട്രാവിസ് ഹെഡും 527 റണ്‍സുമായി സായ് സുദര്‍ശനും ആണ് മൂന്നും നാലും സ്ഥാനങ്ങളില്‍. കെ എല്‍ രാഹുൽ(460), റിയാന്‍ പരാഗ്(436) എന്നിവരാണ് ഏഴും എട്ടും സ്ഥാനങ്ങളില്‍.
ഇന്ന് നടക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ തിളങ്ങിയാല്‍ സഞ്ജുവിന് ഐപിഎല്‍ കരിയറില്‍ ആദ്യമായി 500 റണ്‍സെന്ന നേട്ടം സ്വന്തമാക്കാനും അവസരമുണ്ട്. 29 റണ്‍സാണ് ഈ സീസണിലെ അഞ്ഞൂറാന്‍മാരുടെ ക്ലബ്ബിലെത്താന്‍ സഞ്ജുവിന് ഇനി വേണ്ടത്.അതേസമയം ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുന്‍റെ വിരാട് കോലിക്ക് ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്താനും അവസരം ലഭിക്കും. റിഷഭ് പന്തിന് ഇന്നത്തെ മത്സരത്തില്‍ വിലക്കുള്ളതിനാല്‍ ആദ്യ പത്തിലെത്താനുള്ള അവസരം നഷ്ടമാവും. ചെന്നൈയുടെ ശിവം ദുബെയാണ് ഇന്ന് ആദ്യ പത്തില്‍ അവസരമുള്ള് മറ്റൊരു ബാറ്റര്‍.
Beauty ! What a dream wicket for Bumrah 😅🔥#KKRvMI pic.twitter.com/DXshgzIaYj
— Deekshitha Aithal (@deekshi_aithal) May 11, 2024