‘ഈ മനുഷ്യർ ഇത്രയും ദിവസം ഒന്നിച്ച് നിന്നിട്ടും…’; ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സാബു

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും ശ്രദ്ധ നേടിയ വാരങ്ങളിലൊന്നായിരുന്നു കഴിഞ്ഞ വാരം. വീക്കിലി ടാസ്ക് ആയി ഹോട്ടല്‍ ടാസ്ക് നടന്ന വാരത്തില്‍ അതിഥികളായി സീസണ്‍ 1 മത്സരാര്‍ഥികളായ സാബുമോനും ശ്വേത മേനോനും എത്തിയതായിരുന്നു പ്രധാന വിശേഷം. മത്സരാര്‍ഥികളെ റാഗ് ചെയ്യുന്നതിന് പകരം അവരോട് സൌഹാര്‍ദ്ദപൂര്‍വ്വം ഇടപെട്ട് വേണ്ട പ്രചോദനം നല്‍കിയാണ് അവര്‍ പോയത്. എന്നാല്‍ പവര്‍ ടീമിന്‍റെ ഇടപെടല്‍ മൂലം നിറംമങ്ങിപ്പോയ ടാസ്ക് ആയി മാറി ഹോട്ടല്‍ ടാസ്ക്. ശനിയാഴ്ച എപ്പിസോഡില്‍ മോഹന്‍ലാലിന്‍റെ ചോദ്യത്തിന് വീഡിയോ കോളിലൂടെ തങ്ങളുടെ നിരാശ അവര്‍ പ്രതികരിക്കുകയും ചെയ്തു. 

കൂട്ടത്തില്‍ മത്സരാര്‍ഥികളെ ഏറ്റവും രൂക്ഷമായി വിമര്‍ശിച്ചത് സാബു ആയിരുന്നു. 60 ദിവസം കഴിഞ്ഞിട്ടാണ് ഇവര്‍ ഇങ്ങനെ പെരുമാറുന്നത്. ഒരു ഗെയിമിനെ ഗെയിം ആയി കാണാന്‍ ഇവര്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണ് എന്ന മോഹന്‍ലാലിന്‍റെ ചോദ്യത്തോട് സാബു പ്രതികരിച്ചത് ഇങ്ങനെ- “ലാലേട്ടാ, ഇവര്‍ക്ക് തമ്മില്‍ ഒരു സ്നേഹവുമില്ല. ഈ മനുഷ്യര്‍ ഇത്രയും ദിവസവും ഒന്നിച്ച് നിന്നിട്ടും ഒരു സൌഹൃദമോ ഒരു ഹൃദയബന്ധമോ ഒന്നുമില്ല. എത്രത്തോളം സ്വാര്‍ഥതയുടെ നിറകുടങ്ങളാണെന്ന് അറിയാമോ ഇവരൊക്കെ. അവനവന്‍ എന്നൊരു സാധനത്തിലേക്ക് ഇവര്‍ ഭയങ്കരമായി ചുരുങ്ങി. അതുകൊണ്ടാണ് ഇത്രയും വയലന്‍സ് അതിനകത്ത് ഉണ്ടായിവരുന്നത്. ഇവരാരും മനസ് തുറന്ന് ഒന്ന് സംസാരിക്കുന്നില്ല. ആര്‍ക്കും ആരെയും വിശ്വാസമില്ല. എല്ലാവരെയും ശത്രുക്കളായിട്ടാണ് പ്ലേസ് ചെയ്ത് വച്ചിരിക്കുന്നത്. മനുഷ്യന്‍ അങ്ങനെയല്ല സമൂഹത്തില്‍ ജീവിക്കേണ്ടത്. നമ്മള്‍ വിശ്വാസം വെക്കണം. വിശ്വാസവഞ്ചന അവര്‍ നടത്തുന്നുണ്ടെങ്കില്‍ അത് അവരുടെ കുഴപ്പം. അവരെ ജനം വിലയിരുത്തട്ടെ”, സാബുമോന്‍ പറഞ്ഞു.

ALSO READ : കുടുംബവിളക്കിലെ ‘വേദിക’യ്ക്ക് ബിഗ് ബോസില്‍ ജനപ്രീതി കുറഞ്ഞത് എന്തുകൊണ്ട്? പുറത്താവാനുള്ള 6 കാരണങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

By admin