കണ്ണൂര്‍: അങ്കണവാടിയില്‍ നിന്ന് തിളച്ചപാല്‍ നല്‍കിയതിനെത്തുടര്‍ന്ന് അഞ്ചുവയസുകാരന് ഗുരുതരപൊള്ളലേറ്റ സംഭവത്തില്‍ ഹെല്‍പ്പര്‍ക്കെതിരേ പോലീസ് കേസെടുത്തു. കണ്ണൂര്‍ പിണറായിലെ അങ്കണവാടി ജീവനക്കാരി ഷീബയ്ക്കെതിരെയാണ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടിക്ക് പൊള്ളലേറ്റിട്ടും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ അങ്കണവാടി ജീവനക്കാര്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.
ചൊവ്വാഴ്ചയാണ് സംഭവം. ”മോന്റെ കീഴ്ത്താടിയില്‍ നിന്ന് തൊലി പോകുന്നുണ്ട് എന്ന് പറഞ്ഞ് ഭാര്യയെയാണ് അങ്കണവാടി ജീവനക്കാര്‍ വിളിച്ചുപറഞ്ഞത്. പോയി നോക്കുമ്പോള്‍ മകന്റെ വായും നാവും താടിയും മുഴുവനായി പൊള്ളലേറ്റ നിലയിലായിരുന്നു. അപ്പോ എന്താണ് സംഭവിച്ചതെന്ന് ഞാന്‍ ചോദിച്ചു. കുട്ടിക്ക് പാല്‍ കൊടുത്തതാണെന്ന് പറഞ്ഞു. മറ്റു കുട്ടികള്‍ പറയുന്നുണ്ട് പാല്‍ നല്ല ചൂടുണ്ടെന്ന്.
തിളച്ച പാല്‍ കൊടുത്ത ശേഷം തുണികൊണ്ട് തുടച്ചു. തുടച്ചപ്പോള്‍ തൊലി മുഴുവന്‍ ഇളകി വന്നു. ഇവര്‍ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകണ്ടേ. അവര് കൊണ്ടുപോയില്ല. കുട്ടി ഭാഗ്യത്തിന് പാല്‍ ഇറക്കിയില്ല. അല്ലെങ്കില്‍ അന്നനാളമൊക്കെ പൊള്ളി പോയേനെ” -കുട്ടിയുടെ പിതാവ് പറഞ്ഞു.
കീഴ്ത്താടിയിലും വായിലും ഗുരുതര പൊള്ളലേറ്റ കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തു. പോലീസിനോട് ഉള്‍പ്പെടെ വിശദീകരണം ചോദിച്ചിട്ടുണ്ട്.