‘ഇന്ത്യ തിളങ്ങുന്നു ‘ എന്ന് പറയേണ്ടത് ഇപ്പോഴാണ്. ശരിക്കും ‘ഇന്ത്യമുന്നണി’ തിളങ്ങുകയാണ്. ഈ തിരഞ്ഞെടുപ്പിൽ ജയിച്ചാലും ഇല്ലെങ്കിലും മോഡിയെന്ന ബലൂണിൽ സൂചി കയറ്റിയെന്ന് ‘ഇന്ത്യ’ക്ക് അവകാശപ്പെടാനാവും. 
ആകെ മത്സരിക്കുന്ന 441 സീറ്റിൽ 400 പ്ലസ് എന്ന വീരവാദം മുഴക്കിയെങ്കിലും അത് അപ്പാടെ വിഴുങ്ങേണ്ടി വന്ന ഗതികേട് മോഡിക്ക് മേൽ അടിച്ചേൽപ്പിക്കപെടും. ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി ശക്തികൾക്കുള്ള ശക്തമായ താക്കീതാണ് ഇത്തവണ ഭാരതീയർ നൽകിക്കൊണ്ടിരിക്കുന്നത്.

441 സീറ്റിൽ 42 സീറ്റ് വെസ്റ്റ് ബംഗാളിലും 23 സീറ്റിൽ തമിഴ്‌നാട്ടിലും 17 സീറ്റിൽ തെലുങ്കാനയിലും 16 സീറ്റിൽ കേരളത്തിലും 13 സീറ്റ് പഞ്ചാബിലും മത്സരിക്കുന്ന ബിജെപി 111 സീറ്റുകളിൽ ചുരുങ്ങിയത് 75 എങ്കിലും നേടിയാൽ മാത്രമേ 400 കടക്കുവാനാകൂ. 111 സീറ്റുകളിൽ ഇത്തവണ 11 എണ്ണം കിട്ടിയാൽ ബിജെപിയുടെ ഭാഗ്യം എന്ന് വേണമെങ്കിൽ പറയാം. 

എങ്ങനെ തിരിച്ചും മറിച്ചും കണക്കുകൂട്ടിയാലും 400 സീറ്റുകളിൽ ബിജെപി എത്തുക എന്നത് ബാലികേറാമലയെന്ന് മനസിലാക്കുവാൻ അവരുടെ ടീമിന് ലേശം വൈകിയെന്ന് തോന്നുന്നു. ‘ആപ് കീ ബാർ 400 ബാർ’ എന്ന വിടുവായത്തം എത്രയും പെട്ടെന്ന് നിർത്തിവെക്കുവാൻ മോഡിക്ക് നിർദ്ദേശം ലഭിക്കുകയായിരുന്നു.
ആർഎസ്എസിന്റെയും ബിജെപിയുടെയും ബുദ്ധികേന്ദ്രമായ നിതിൻ ഗഡ്കരിയെന്ന മറാഠിയെ ഒതുക്കിമാറ്റിക്കൊണ്ട് രണ്ടു ഗുജറാത്തികൾ ഇന്ത്യയെ കീറി മുറിച്ചപ്പോൾ ഇന്നിപ്പോൾ ഇന്ത്യയുടെ രക്ഷക്ക് എത്തുന്നതും ആ മറാഠി തന്നെ. 
കോൺഗ്രസ്സും പ്രതിപക്ഷവും കോൺഗ്രസ്സ് മുക്തഭാരതത്തിനായി പ്രവർത്തിച്ച ഗുജറാത്തികൾക്ക് മുന്നിൽ അടിപതറിയപ്പോൾ ഇന്നിപ്പോൾ കോൺഗ്രസ്സിനും ഇന്ത്യ മുന്നണിക്കും രക്ഷകൻ ആയെത്തിയത് ബിജെപിയുടെ ഒരുന്നതൻ തന്നെ. 
2019 തിരഞ്ഞെടുപ്പിലും 2014 തിരഞ്ഞെടുപ്പിലും കോൺഗ്രസിനുള്ളിലെ നീക്കങ്ങൾ പുറത്ത് ചോർത്തി കൊടുത്ത ജ്യോതിരാദിത്യ സിന്ധ്യ പോലുള്ളവരുടെയും ചില നേതാക്കളുടെ മക്കളുടെയും റോളുകൾ ഇന്നിപ്പോൾ ബിജെപിയിലെ അസംതൃപ്തരായ നേതാക്കളും കൂട്ടരും ഏറ്റെടുത്തിരിക്കുകയാണ്.

രാമക്ഷേത്രം ഇത്ര തിരക്കുപിടിച്ചുകൊണ്ട് ഉത്‌ഘാടനം ചെയ്യരുത് എന്ന ഗഡ്കരിയുടെ ഉപദേശം കേൾക്കാതെ പണി പൂർത്തിയാക്കുന്നതിന് മുൻപേ മോഡി ഉത്‌ഘാടനം ചെയ്‌തത്‌ ഇനിയൊരു ഭരണം തനിക്ക് ലഭിക്കില്ല എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നോ ? 

സംസ്ഥാനങ്ങളിൽ വസുന്ധര പോലുള്ള, പൃഥ്വിരാജ് ചൗഹാൻ പോലുള്ള, ഹരിയാനയിൽ ഘട്ടർ പോലുള്ള രണ്ടാം നിര നേതാക്കന്മാരെ മൂലക്ക് ഇരുത്തിയതും ബുദ്ധിയുള്ള ചെറുപ്പക്കാർ പാർട്ടിയുടെ തലപ്പത്തേക്ക് വരാതിരിക്കുന്നതും മോഡി – അമിത് ഷാ അച്ചുതണ്ട് ഇളകുവാൻ കാരണമായി. 
പ്രമോദ് മഹാജൻ – ഗോപിനാഥ്‌ മുണ്ടെ – അരുൺ ജെയ്റ്റ്ലി – സുഷമ സ്വരാജ് – മനോഹർ പരീഖർ എന്നിവരുടെ അകാലത്തിലെ മരണങ്ങൾ ഇപ്പോഴത്തെ നേതൃത്വത്തിന് ഒട്ടേറെ ഗുണം ചെയ്‌തെങ്കിലും അവരുടെയെല്ലാം ആത്മാക്കൾ ഇവരെ ചുറ്റിപറ്റി നടക്കുന്നുണ്ട് എന്ന് തോന്നിപോകുന്നു.
‘വിനാശകാലേ വിപരീത ബുദ്ധി’ എന്ന പഴം ചൊല്ല് ഇപ്പോൾ മോഡിയുടെ പിന്നാലെ കൂടിയിരിക്കുന്നു. ഒന്നാം ഘട്ടം തിരഞ്ഞെടുപ്പ് വരെ വളരെ മാന്യനായി മാത്രം കണ്ടിരുന്ന, വിദേശങ്ങളിൽ ഇന്ത്യയുടെ മുഖം ഉന്നതിയിൽ എത്തിച്ചുവെന്ന് അവകാശപ്പെടുന്ന, ബുദ്ധിജീവി ഇന്ത്യക്കാരുടെ ഇടയിൽ ഒരു വീരപുരുഷനായി മാറിയ നരേന്ദ്ര മോഡി രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ വിളമ്പിയ വിഷം ഓരോ നാളിലും കൂടുതൽ അലമ്പായി മാറിക്കൊണ്ടിരിക്കുന്നു.  

മുസ്ലിം, പാകിസ്ഥാൻ, ജാതി, മതം, വെറുപ്പ്, വർഗീയം തുടങ്ങി എല്ലാ സ്ഥിരം നമ്പറുകളും ഇറക്കിയെങ്കിലും അദാനി അംബാനി വിഷയം ഇറക്കിയത് എന്തുദ്ദേശിച്ചാണ് എന്നത് ആർക്കും മനസിലാകുന്നില്ല. പലരും കൂട്ടിയും കുറച്ചും നോക്കിയിട്ടും മനസിലാകാത്ത വിഷയമായി അദാനി അംബാനി വിഷയം മാറിയിരിക്കുന്നു. 

വിഡി സതീശൻ  75 കോടി ബെംഗളൂരുവിൽ നിന്നും കൊണ്ടുവന്ന് തിരിച്ചു ബെംഗളുരുവിലേക്ക് മീൻ ടെമ്പോയിൽ കൊണ്ടുപോയി എന്ന് പിവി അൻവർ നിയമസഭയിൽ പറഞ്ഞതുപോലത്തെ ഒരു ജൽപ്പനം മാത്രമായി അത് കണക്കാക്കാം.
ഈ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് ബിജെപിക്ക് കുറഞ്ഞാൽ അത് നരേന്ദ്രമോഡിയുടെ പരാജയവും, ഒരു സീറ്റ് കോൺഗ്രസ്സിന് കൂടിയാൽ അത് രാഹുൽഗാന്ധിയുടെ വിജയവുമായി കണക്കാക്കാം. മോഡിയും ഗോഡി മീഡിയയും സോഷ്യൽ മീഡിയ വാട്സ്ആപ് യുണിവേഴ്സിറ്റികളും അത്രയധികം തള്ളിമറിച്ചതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നത്. 
ബിജെപി കേവലഭൂരിപക്ഷത്തിൽ അധികാരത്തിൽ വരികയാണെങ്കിൽ തീർച്ചയായും നരേന്ദ്രമോഡിയെ ഒരു മൂലക്കിരുത്തുവാൻ ആർഎസ്എസ് തീരുമാനിച്ചേക്കാം. മോഡിജിയെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ രണ്ടാം രാമനായി വാഴ്ത്തപ്പെട്ടവനാക്കിയേക്കാം.

ഇന്ത്യ മുന്നണി കേവലഭൂരിപക്ഷത്തിൽ അധികാരത്തിൽ വരികയാണെങ്കിൽ കോൺഗ്രസ്സ് പിൻ സീറ്റ് ഡ്രൈവ് ചെയ്തുകൊണ്ട് തീർച്ചയായും അരവിന്ദ് കെജ്‌രിവാൾ പോലും ഇന്ത്യൻ പ്രധാനമന്ത്രി ആയേക്കാം. 

ഉദ്ധവ് താക്കറെ ആഭ്യന്തര മന്ത്രിയും, മമത ബാനർജി നിയമമന്ത്രിയും, രഘുറാം രാജൻ ധനകാര്യ മന്ത്രിയും, അഖിലേഷ് യാദവ് പ്രതിരോധ മന്ത്രിയും, എംകെ സ്റ്റാലിൻ ട്രാൻസ്‌പോർട്ട് മന്ത്രിയും തേജസ്വി യാദവ് റെയിൽവേ മന്ത്രിയും ഒക്കെ ആയാൽ ഇന്നത്തെ ഭരണകർത്താക്കൾ ഒളിവിൽ പോകേണ്ടിവരും. കാരണം കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്നത് ഘടക കക്ഷികളെ കൊണ്ട് കോൺഗ്രസ്സ് ചെയ്തുകാണിച്ചേക്കാം.
കേരളത്തെ സോമാലിയ ആക്കിയ രാജീവ് ചന്ദ്രശേഖറിന്റെ സ്വന്തം ചാനലായ റിപ്പബ്ലിക്കിന്റെ അർണാബ് ഗോസാമിയുമായുള്ള ടിവി ഇന്റർവ്യൂവിൽ നിന്നും രാഹുൽഗാന്ധി പലതവണ ഒഴിഞ്ഞുമാറിയെങ്കിലും ജ്യോതിദിത്യ സിന്ധ്യയുടെ ചതിയിൽ അകപ്പെട്ട് രാഹുൽ ആ ഇന്റർവ്യൂവിന് തല വെച്ച് കൊടുക്കുകയായിരുന്നു. 
അന്നത്തെ ആ ഇന്റർവ്യൂ ആണ് രാഹുലിനും കോൺഗ്രസ്സിനും ദുരന്തമായത്. ഇന്നിപ്പോൾ കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കിപ്പിച്ചതുപോലെ അതേ അർണാബ് നരേന്ദ്ര മോഡിയെ പപ്പുവാക്കിയിരിക്കുന്നു. മോഡി ഈ ഇന്റർവ്യൂവോടെ ഭാരതീയരുടെ മനസ്സിൽ പപ്പുവിന്റെ അപ്പനായിരിക്കുന്നു.
”ഇന്ത്യ തിളങ്ങുന്നു ”
ആ നാനൂറിൽ തൃശൂർ ഇല്ലെന്ന് ആണായിട്ടുകൊണ്ട് ദാസൻ ഒല്ലൂരുംആ നാനൂറിൽ തിരോന്തരം ഇല്ലെന്നു ഉറക്കെ വെല്ലുവിളിച്ചുകൊണ്ട് വിജയൻ പൂന്തുറയും

By admin

Leave a Reply

Your email address will not be published. Required fields are marked *