‘സിനിമാ ചര്‍ച്ചകള്‍ തീന്‍മേശയിലേക്ക് കൊണ്ടുവരരുത്’? ഫഹദിന്‍റെ അഭിപ്രായപ്രകടനത്തിന് പൃഥ്വിരാജിന്‍റെ പ്രതികരണം

എന്തുകൊണ്ട് ഒരു ഫാന്‍സ് അസോസിയേഷന്‍ ഇല്ലെന്ന ചോദ്യത്തിന് കുട്ടികള്‍ പഠിക്കട്ടെ എന്ന് മറുപടി പറഞ്ഞിട്ടുള്ള ആളാണ് ഫഹദ് ഫാസില്‍. അടുത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ ഫഹദ് നടത്തിയ മറ്റൊരു അഭിപ്രായപ്രകടനവും ചര്‍ച്ചയായി മാറിയിരുന്നു. സിനിമാ ചര്‍ച്ചകള്‍ തിയറ്ററില്‍ത്തന്നെ ഉപേക്ഷിക്കണമെന്നായിരുന്നു ഫഹദ് പറഞ്ഞതിന്‍റെ ആകെത്തുക. ഇപ്പോഴിതാ ഫഹദിന്‍റെ അഭിപ്രായപ്രകടനത്തെക്കുറിച്ചുള്ള ചോദ്യത്തിന് പൃഥ്വിരാജ് സുകുമാരന്‍ നല്‍കിയ മറുപടിയും ശ്രദ്ധ നേടുകയാണ്.

ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് പറഞ്ഞത് ഇപ്രകാരമായിരുന്നു- “തിയറ്റര്‍ വിട്ടതിന് ശേഷം എന്നെക്കുറിച്ച് ​ഗൗരവത്തില്‍ വലിയ ചിന്തയുടെ ആവശ്യമില്ലെന്നാണ് എനിക്ക് പ്രേക്ഷകരോട് പറയാനുള്ളത്. തിയറ്ററില്‍ വച്ച് എന്നെക്കുറിച്ച് ചിന്തിച്ചാല്‍‌ മതി. അഭിനേതാക്കളെക്കുറിച്ചോ അവരുടെ പ്രകടനത്തെക്കുറിച്ചോ ഒന്നും ആളുകള്‍ അവരുടെ തീന്‍മേശയില്‍ സംസാരിക്കണമെന്നില്ല എനിക്ക്. അവരത് തിയറ്ററില്‍ വച്ചോ അല്ലെങ്കില്‍ തിരികെ വീട്ടിലേക്കുള്ള യാത്രയിലോ സംസാരിക്കട്ടെ. അതിനപ്പുറമൊന്നുമില്ല സിനിമ. സിനിമയ്ക്ക് ഒരു അതിരുണ്ട്. സിനിമ കാണുന്നതിനപ്പുറം ജീവിതത്തില്‍ നിങ്ങള്‍ക്ക് പലതും ചെയ്യാനാവും”, ഫഹദിന്‍റെ വാക്കുകള്‍.

തന്‍റെ പുതിയ ചിത്രം ഗുരുവായൂരമ്പല നടയിലിന്‍റെ പ്രൊമോഷണല്‍ അഭിമുഖത്തില്‍ ഒരാള്‍ ഫഹദിന്‍റെ അഭിപ്രായപ്രകടനം ശ്രദ്ധയില്‍ പെടുത്തി. അതേക്കുറിച്ച് എന്ത് കരുതുന്നു എന്നായിരുന്നു ചോദ്യം. അതിന് പൃഥ്വിരാജിന്‍റെ മറുപടി ഇങ്ങനെ- “ആ പറഞ്ഞതില്‍ ഒരര്‍ഥമുണ്ട്. എന്‍റെയും വികാരം സിനിമയാണ്. പക്ഷേ ജീവിതമെന്നാല്‍ സിനിമ മാത്രമാണെന്ന് കരുതരുതെന്നാവും ആ പറഞ്ഞതിന് പിന്നിലെ ഉദ്ദേശ്യം. അത് ശരിയാണ്. ഇപ്പോള്‍ നാളത്തോടെ സിനിമാവ്യവസായം നിന്നാല്‍ ലോകം നിശ്ചലമായിപ്പോവുകയൊന്നുമില്ല. അതിനെക്കുറിച്ച് നല്ല തിരിച്ചറിവ് ഞങ്ങള്‍ക്കുമുണ്ട്. സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളൊന്നുമല്ല. അതിനെ വസ്തുനിഷ്ഠമായിത്തന്നെ കാണണം. ഒരു സിനിമയ്ക്ക് നിങ്ങളുടെ ജീവിതത്തില്‍ ചെലുത്താന്‍ സാധിക്കുന്ന സ്വാധീനത്തിന് അത്രയും സ്പേസ് കൊടുക്കാനേ പാടുള്ളൂ. സിനിമയാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വിനോദമെന്നുണ്ടെങ്കില്‍ അതിന് നന്ദി. എന്‍റെയും ജീവിതത്തിലെ ഏറ്റവും വലിയ വിനോദം സിനിമയാണ്. ഒരു സിനിമ എന്താണെന്നും നമ്മുടെ ജീവിതത്തെ സ്വാധീനിക്കാന്‍ അതിന് എത്രത്തോളം ഇടം കൊടുക്കാമെന്നുമുള്ളതിനെക്കുറിച്ച് നിങ്ങള്‍ വിവേകബുദ്ധിയോടെ ഒരു തീരുമാനമെടുത്ത് അതിനനുസരിച്ച് ജീവിക്കുക. അത്രയേ ഉള്ളൂ”, പൃഥ്വിരാജിന്‍റെ വാക്കുകള്‍.

ALSO READ : ‘ആവേശ’ത്തിന് പിന്നാലെ ‘ജയ് ഗണേഷും’ ഒടിടിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

By admin