ന്യൂയോര്‍ക്ക്: ഗൂഗിളിനു വെല്ലുവിളിയായി ഓപ്പണ്‍ എഐയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ടിത സെര്‍ച്ച് എന്‍ജിന്‍ വരുന്നു. യാഹൂവും അള്‍ട്ടാവിസ്റ്റയും പോലുള്ള സെര്‍ച്ച് എന്‍ജിനുകളെ നാമാവശേഷമാക്കിക്കൊണ്ടാണ് ഗൂഗിള്‍ ഈ രംഗത്ത് അപ്രമാദിത്വം പിടിച്ചെടുത്തത്. അതിനു ശേഷം ഇന്നുവരെ കാര്യമായ വെല്ലുവിളി അവരുടെ സ്ഥാനത്തിന് ഉണ്ടായിരുന്നില്ല. എന്നാല്‍, ചാറ്റ്ജിപിടിയുടെ നിര്‍മാതാക്കളായ ഓപ്പണ്‍എഐയുടെ സെര്‍ച്ച് എന്‍ജിനെ ഗൗരവമായി തന്നെയാണ് ടെക്ക് ലോകം കാണുന്നത്.
പുതിയ സെര്‍ച്ച് എന്‍ജിന്‍ തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ചൊവ്വാഴ്ചയാണ് ഗൂഗിളിന്റെ ഐഒ കോണ്‍ഫറന്‍സ് ആരംഭിക്കുന്നത്. ഇതിന് തൊട്ടുമുമ്പ് ഓപ്പണ്‍ എഐയുടെ പ്രഖ്യാപനമുണ്ടായേക്കുമെന്നും കണക്കുകൂട്ടല്‍. വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഗൂഗിളും എഐ അധിഷ്ടിത സേവനങ്ങള്‍ പ്രഖ്യാപിച്ചേക്കും. നേരത്തെ മൈക്രോസോഫ്റ്റിന്റെ ബിങ് സെര്‍ച്ച് എഞ്ചിനില്‍ ഓപ്പണ്‍ എഐയുടെ എഐ ഫീച്ചറുകള്‍ ലഭ്യമാക്കിയിരുന്നു.
ഗൂഗിളും ജെമിനി എഐ ഉപയോഗിച്ചുള്ള കൂടുതല്‍ സെര്‍ച്ച് ഫീച്ചറുകള്‍ അവതരിപ്പിക്കാനിടയുണ്ട്. ഗൂഗിളിനെ കൂടാതെ മുന്‍ ഓപ്പണ്‍ എഐ ഗവേഷകന്‍ അരവിന്ദ് ശ്രീനിവാസ് ആരംഭിച്ച പെര്‍പ്ളെക്സിറ്റിയും എഐ സെര്‍ച്ച് രംഗത്ത് ശക്തമായ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്.
ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ടുള്ളതായിരിക്കും ഓപ്പണ്‍ എഐയുടെ സെര്‍ച്ച് സംവിധാനം. ഇതോടെ ചാറ്റ് ജിപിടിയ്ക്ക് വെബ്ബിലെ വിവരങ്ങള്‍ നേരിട്ട് എടുക്കാനും ലിങ്കുകള്‍ നല്‍കാനും സാധിക്കും. നിലവില്‍ വിവിധ വിവരങ്ങള്‍ ചാറ്റ് ജിപിടിയ്ക്ക് നല്‍കാന്‍ സാധിക്കുമെങ്കിലും വെബ്ബില്‍ നിന്നുള്ള തത്സമയ വിവരങ്ങള്‍ നല്‍കാന്‍ ചാറ്റ്ജിപിടിക്ക് സാധിക്കില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *