ലോകകപ്പിന് മുമ്പ് പാകിസ്ഥാന് ഞെട്ടിക്കുന്ന തോൽവി; സൈനിക ക്യാംപിലെ പരിശീലനമൊക്കെ വെറുതെ ആയല്ലോയെന്ന് ആരാധകർ

ഡബ്ലിന്‍: ടി20 ലോകകപ്പിന് മുമ്പ് പാകിസ്ഥാന് ഞെട്ടിക്കുന്ന തോല്‍വി. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തപ്പോള്‍ അയര്‍ലന്‍ഡ് ഒരു പന്ത് ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്കോര്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 182-6, അയര്‍ലന്‍ഡ് 19.5 ഓവറില്‍ 183-5.

183 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ അയര്‍ലന്‍ഡിനായി 55 പന്തില്‍ 77 റണ്‍സടിച്ച ഓപ്പണര്‍ ആന്‍ഡ്ര്യു ബാല്‍ബൈറിന്‍ ആണ് തിളങ്ങിയത്. ക്യാപ്റ്റന്‍ പോള്‍ സ്റ്റിര്‍ലിങിനെയും(8), ലോര്‍കാന്‍ ടക്കറെയും(4) തുടക്കത്തിലെ നഷ്ടമായെങ്കിലും ഹാരി ടെക്ടറെ കൂട്ടുപിടിച്ച് ബാല്‍ബൈറിന്‍ അയര്‍ലന്‍ഡിനെ പതിമൂന്നാം ഓവറില്‍ 100 കടത്തി. ടെക്ടര്‍(27 പന്തില്‍ 36) പുറത്തായശേഷം ജോര്‍ജ് ഡോക്റെലും(12 പന്തില്‍ 24)ബാല്‍ബൈറിന് മികച്ച പിന്തുണ നല്‍കി.

ഐപിഎൽ ഓറഞ്ച് ക്യാപ്: ടോപ് 4ൽ നിന്ന് സഞ്ജുവിന് പടിയിറക്കം; റിഷഭ് പന്തിനെ ആദ്യ 10ൽ നിന്ന് പുറത്താക്കി ഗിൽ

വിജയത്തിനരികെ ബാല്‍ബൈറിന്‍ പുറത്തായെങ്കിലും ഗാരെത് ഡെലാനിയും(6 പന്തില്‍ 10*),  കര്‍ട്ടിസ് കാംഫെറും(7 പന്തില്‍ 15*) ചേര്‍ന്ന് അയര്‍ലന്‍ഡിനെ വിജയത്തിലെത്തിച്ചു. അബ്ബാസ് അഫ്രീദി എറിഞ്ഞ അവസാന ഓവറില്‍ 11 റണ്‍സായിരുന്നു അയര്‍ലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയ കാംഫെര്‍ നാലാം പന്തും ബൗണ്ടറി കടത്തി വിജയം അനായാസമാക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ അര്‍ധസെഞ്ചുറിയുടെയും(43 പന്തില്‍ 57), ഓപ്പണര്‍ സയിം അയൂബ്(29 പന്തില്‍ 45), ഇഫ്തീഖര്‍ അഹമ്മദ്(15 പന്തില്‍ 37) എന്നിവരുടെ ബാറ്റിംഗിന്‍റെയും കരുത്തിലാണ് 20 ഓവറില്‍ 182 റണ്‍സിലെത്തിയത്. ടി20 ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി പാകിസ്ഥാന്‍ ടീം കഴിഞ്ഞ മാസം സൈനികര്‍ക്കൊപ്പം കഠിന പരിശീലനം നടത്തിയിരുന്നു. അയര്‍ലന്‍ഡിനോട് തോല്‍വി വഴങ്ങിയതോടെ സൈനിക ക്യാംപില്‍ കഠിന പരിശീലനം നടത്തി വന്നിട്ടും അയര്‍ലന്‍ഡിനോട് പോലും തോറ്റ ബാബര്‍ അസമിനും സംഘത്തിനുമെതിരെ ആരാധകര്‍ ട്രോളുകളുമായി രംഗത്തെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin