‘മോനേ, അത് വളരെ വളരെ മോശമാണ്’; ക്യാപ്റ്റന്‍ ഋഷിയെ കുടഞ്ഞ് മോഹന്‍ലാല്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 പത്താം വാരത്തിലേക്ക് കടക്കുകയാണ് ഞായറാഴ്ച. ഗെയിം ചേഞ്ചിംഗിന് പോലും സാധ്യതയുള്ള ഒന്‍പതാം വാരത്തിലെ ക്യാപ്റ്റന്‍ സ്ഥാനം ഋഷിക്കാണ് ലഭിച്ചിരുന്നത്. എന്നാല്‍ ലഭിച്ച അവസരം നന്നായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഫലം ഈ വാരം സഹമത്സരാര്‍ഥികള്‍ ജയിലിലേക്ക് അയച്ച ഒരാളും ഋഷി തന്നെ ആയിരുന്നു. ഇന്നത്തെ എപ്പിസോഡില്‍ അവതാരകനായ മോഹന്‍ലാല്‍ ഋഷിയെ കാര്യമായി വിമര്‍ശിക്കുന്നുണ്ട്.

പവര്‍ റൂമിലുള്ള അടുത്ത സുഹൃത്ത് അന്‍സിബയോട് ചോദിച്ചിട്ടേ ഋഷി ക്യാപ്റ്റനെന്ന നിലയില്‍ ഏത് തീരുമാനവും എടുക്കുമായിരുന്നുള്ളോയെന്ന് അന്‍സിബയോടാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്. എന്നാല്‍ ഇത് ആളുകളുടെ തെറ്റിദ്ധാരണയാണെന്നാണ് അന്‍സിബയുടെ മറുപടി. “ചിലപ്പോള്‍ ആയിരിക്കും. ഇത്രയും കണ്ടുകൊണ്ട് ഇരിക്കുന്ന ആളുകളുടെ തെറ്റിദ്ധാരണ ആയിരിക്കും”, വേദിക്ക് മുന്നിലുള്ള കാണികളെ ചൂണ്ടി മോഹന്‍ലാലിന്‍റെ പ്രതികരണം. പുതിയ പ്രൊമോയില്‍ ഋഷിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിക്കുന്ന നന്ദനയെയും അപ്സരയെയും കാണാം. ക്യാപ്റ്റന്‍ അന്‍സിബയുടെ കളിപ്പാവയായി എനിക്ക് തോന്നിയിട്ടുണ്ടായിരുന്നുവെന്നാണ് നന്ദന പറയുന്നത്. വഴക്കിടുമ്പോള്‍ ഋഷി തന്നെ പലവട്ടം എടീ എന്ന് വിളിച്ചുവെന്ന് അപ്സരയും പറയുന്നു. 

തര്‍ക്കത്തിനിടയില്‍ അപ്സര തന്‍റെ പ്രൊഫഷനെ എടുത്തിട്ടതാണ് പ്രകോപനത്തിന് കാരണമെന്ന് ഋഷി പറയുന്നു. എന്നാല്‍ അഭിനയിക്കുന്നു എന്ന് പറയുന്നതില്‍ എന്താണ് കുഴപ്പമെന്നാണ് മോഹന്‍ലാലിന്‍റെ മറുചോദ്യം. “നിങ്ങള്‍ അങ്ങനെയാണോ, നൂറ് ശതമാനം സത്യസന്ധമായിട്ടാണോ കളിക്കുന്നത്”?, മോഹന്‍ലാല്‍ ഋഷിയോട് ചോദിക്കുന്നു. ആദ്യദിവസം മുതല്‍ താന്‍ താനായിത്തന്നെയാണ് നില്‍ക്കുന്നതെന്ന് ഋഷിയുടെ മറുപടി. “മോനേ കാര്യമായിട്ട് പറയുകയാണ്. വളരെ വളരെ മോശമാണ്”, തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഋഷി ഉപയോഗിക്കുന്ന ഭാഷയെ മോഹന്‍ലാല്‍ വിമര്‍ശിക്കുന്നതും പ്രൊമോയില്‍ ഉണ്ട്. 

ALSO READ : ‘ആവേശ’ത്തിന് പിന്നാലെ ‘ജയ് ഗണേഷും’ ഒടിടിയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

By admin