കോട്ടയം: സംസ്ഥാനത്ത് പ്ലസ് ടു ഫലം വന്നതിനു പിന്നാലെ ഉപരിപഠനത്തിന്റെ സാധ്യതകള്‍ തെരഞ്ഞു വിദ്യാര്‍ഥികള്‍. കാനഡയും യു.കെയും ജനര്‍മനിയും സ്വഡീനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഉന്നത പഠനത്തിനും ജോലിയും ലക്ഷ്യംവച്ചുള്ള ഒഴുക്ക് തുടരുകയാണ്. പഴയത് പോലെ ഈ രാജ്യങ്ങളില്‍ അനുകൂല സാഹചര്യമല്ലെങ്കിലും വിദേശ പഠനമോഹത്തിന് കുറവില്ല. ഹംഗ്രി ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നവരുമേറി. ഐ.ഇ.എല്‍.ടി.എസ് കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ പതിവിനേക്കാള്‍ തിരക്കാണ്. റിക്രൂട്ടിംഗ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ രക്ഷിതാക്കളെ വിളിച്ച് ക്യാന്‍വാസിങ്ങും ആരംഭിച്ചു.
സയന്‍സ് ബാച്ചുകാര്‍ ഭൂരിഭാഗവും പതിവുതെറ്റിക്കാതെ മെഡിക്കല്‍, എന്‍ജീനിയറിങ്ങ് മേഖലകളിലെ സാധ്യതകള്‍ തെരയുന്നവരാണ് ഭൂരിഭാഗം പേരും. പഴയ ആകര്‍ഷണീയതയ്ക്കു മങ്ങലുണ്ടെങ്കിലും ബി.എ, ബി.എസ്. സി. കോഴ്‌സുകള്‍ തെരയുന്നവരും ഉണ്ട്. യൂറോപ്യന്‍ രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍ വീണ്ടും വര്‍ധിച്ചതോടെ, ആണ്‍,പെണ്‍ ഭേദമെന്യേ നഴ്‌സിങ്ങിലേക്കു തിരിയുന്ന പ്രവണത ശക്തിപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തെ നഴ്‌സിങ് പ്രവേശനം വൈകുമെന്നതിനാല്‍ പലരും കര്‍ണാടകയിലും തമിഴ്‌നാട്ടിലും ആന്ധ്രയിലുമൊക്കെയായി സീറ്റ് ഉറപ്പിച്ചു കഴിഞ്ഞു.ഹോട്ടല്‍ മാനേജമെന്റ് , ഗ്രാഫിക്‌സ് ഡിസൈനിങ്, വിവിധ ടെക്‌സിനിക്കല്‍ കോഴ്‌സുകളടക്കം പ്രഫഷണല്‍ കോഴ്‌സുകളുടെ സാധ്യത തിരയുന്നവരും ഒട്ടേറെ.
ഉയര്‍ന്ന പഠന സാധ്യതകളും വിശാലമായ കോഴ്‌സ് രീതികളുമാണ് വിദ്യാര്‍ത്ഥികളെ സംസ്ഥാനത്തിന് പുറത്തേയ്ക്ക് ആകര്‍ഷിക്കുന്നത്. മംഗലാപുരം ഉള്‍പ്പെടെയുള്ള സര്‍വകലാശാലകളിലെ ഡബിള്‍ മെയിന്‍ ബിരുദ കോഴ്‌സുകള്‍, ട്രിപ്പിള്‍ മെയിന്‍ ബിരുദ കോഴ്‌സുകള്‍ എന്നിവയ്ക്കും ജില്ലയില്‍ നിന്നു പഠിതാക്കളുണ്ട്. ഇതിനിടയില്‍ പരാമ്പരാഗത രീതിയില്‍ ബി.എ, ബി.എസ്.സി കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നവരുമേറെയാണ്. സിവില്‍ സര്‍വീസ്, യു.പി.എസ്.സി. പരീക്ഷകള്‍ ലക്ഷ്യമിട്ടു ബി.എ. കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണമേറിയിട്ടുണ്ട്. ബിരുദ പഠനത്തിനൊപ്പം പി.എസ്.സി. കോച്ചിങ്ങ് നടത്തുന്നവരും തെരഞ്ഞെടുക്കുന്നതും ബി.എയും ബി.എസ്.സിയുമാണ്.