കോട്ടയം: മീനച്ചിലാറ്റില്‍ ഉപ്പിന്റെ അംശം ക്രമാതീതമായി കൂടിയതോടെ താഴത്തങ്ങാടിയില്‍ നിന്നുമുള്ള ജല അതോറിറ്റിയുടെ പമ്പിങ് നിര്‍ത്തി. ഇതോടെ ,കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളില്‍ ജലവിതരണം തടസപ്പെടുമെന്ന അവസ്ഥയായി. മീനച്ചിലാറിന്റെ താഴത്തങ്ങാടി ഭാഗത്തു നിന്നു ശേഖരിക്കുന്ന വെള്ളമാണ് ജല അതോറിറ്റി പമ്പിങ് നടത്തി ചെങ്ങളത്തുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ് വഴി ശുദ്ധീകരിച്ച് കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളില്‍ ലഭ്യമാക്കുന്നത്. ഇതോടൊപ്പം വെളളൂപ്പറമ്പ് പ്ലാന്റില്‍ നിന്നും ഈ പഞ്ചായത്തുകളിലേക്കു കുടിവെള്ളം എത്തിക്കുന്നുണ്ട്.
തണ്ണീര്‍മുക്കം ബണ്ട് തുറന്നുവെങ്കിലും താഴത്തങ്ങാടിയില്‍ താല്‍ക്കാലിക ബണ്ട് ഇടാത്തതാണ് ഇത്തവണ പ്രശ്‌നങ്ങള്‍ക്കു കാരണമായത്. ഇതോടെ, താഴത്തങ്ങാടി പമ്പ് ഹൗസിന് സമീപത്ത് വെള്ളത്തില്‍ ഉപ്പിന്റെ അംശം അനുവദനീയമായതിനേക്കാള്‍ ക്രമാതീതമായി കൂടി. ജലസേചന വകുപ്പാണു ബണ്ട് നിര്‍മിക്കേണ്ടത്. മുന്‍ വര്‍ഷങ്ങളില്‍ ഉപ്പുവെള്ള ഭീഷണി മുന്നില്‍ക്കണ്ട് ബണ്ട് നിര്‍മിച്ചിരുന്നു.നിലവില്‍ വെള്ളൂപ്പറമ്പ് പമ്പ് ഹൗസില്‍ നിന്ന് മാത്രമാണ് വെള്ളം പമ്പ് ചെയ്യുന്നത്. ഇതിനാല്‍ കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളില്‍ ജലവിതരണത്തില്‍ നിയന്ത്രണം ഉണ്ടാകും. മീനച്ചിലാറ്റിന്റെ വിവിധയിടങ്ങളിലും ഉപ്പിന്റെ അംശം ക്രമാതീതമായി കൂടുകയാണ്.
നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ താഴത്തങ്ങാടിക്ക് പുറമെ മീനച്ചിലാറിന്റെ തീരങ്ങളില്‍ നിന്നു ജലം ശേഖരിക്കുന്ന വെള്ളൂപ്പറമ്പ്, പൂവത്തുമ്മൂട് പമ്പ് ഹൗസുകളുടെ പ്രവര്‍ത്തനത്തെയും പ്രതിസന്ധിയിലാക്കും. കോട്ടയം നഗരത്തിലേക്കും മെഡിക്കല്‍ കോളജിലേക്കും ഉള്‍പ്പെടെ കുടിവെള്ളം വിതരണം ചെയ്യുന്നത് ഈ പമ്പ് ഹൗസുകളില്‍ നിന്നുമാണ്. ശക്തമായ മഴ പെയ്ത് ഒഴുക്ക് ശക്തിപ്പെട്ടാല്‍ മാത്രമേ ഉപ്പുവെള്ള ഭീഷണി ഒഴിവാകൂ.