ചൈന ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഇന്ത്യയെ ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ പറഞ്ഞു. ‘ഭീകരതയുടെ വെല്ലുവിളി പാകിസ്ഥാനേക്കാള്‍ വലുതാണ്. നമ്മുടെ അതിര്‍ത്തികളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ചൈന ആഗ്രഹിക്കുന്നു. നമ്മുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി നമ്മുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുന്ന മറ്റ് ചില രാജ്യങ്ങളും ഉണ്ട്,’ അമൃത്സറില്‍ ഒരു ഇന്ററാക്ടീവ് സെഷനില്‍ സംസാരിക്കവെ ജയശങ്കര്‍ പറഞ്ഞു.
‘നമുക്ക് ഒരു ‘ വിക്ഷിത് ഭാരത്’ (വികസിത ഇന്ത്യ) സൃഷ്ടിക്കണമെങ്കില്‍, രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ ശക്തിപ്പെടുത്താനും അത് മുന്നോട്ട് കൊണ്ടുപോകാനും കഴിയുന്ന ഒരു സര്‍ക്കാരും ഒരു പ്രധാനമന്ത്രിയും എംപിമാരും ഉണ്ടായിരിക്കണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ അമൃത്സര്‍ സ്ഥാനാര്‍ത്ഥിയും യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസഡറുമായ തരണ്‍ജിത് സിംഗ് സന്ധുവിനെ കുറിച്ചും ജയശങ്കര്‍ സംസാരിച്ചു.
‘അദ്ദേഹം പൂര്‍ണ്ണഹൃദയത്തോടെ രാജ്യത്തെ സേവിച്ചു, ഇപ്പോള്‍ അദ്ദേഹത്തിന് അമൃത്സറിനെ സേവിക്കാനുള്ള സമയമായി, നിങ്ങള്‍ എല്ലാവരും അദ്ദേഹത്തിന് അവസരം നല്‍കിയാല്‍ മാത്രമെ അദ്ദേഹത്തിന് അത് സാധിക്കൂ’ വിദേശകാര്യമന്ത്രി പറഞ്ഞു.സന്ധുവിനുവേണ്ടി പ്രചാരണത്തിനായി വെള്ളിയാഴ്ച അമൃത്സറില്‍ റോഡ്‌ഷോയില്‍ മന്ത്രി പങ്കെടുത്തിരുന്നു.
‘അമൃത്സറിലെ ജനങ്ങള്‍ അദ്ദേഹത്തെ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്ക് (പാര്‍ലമെന്റ്) അയക്കുമെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. അദ്ദേഹം പാര്‍ലമെന്റില്‍ വളരെ നല്ല എംപിയായിരിക്കും. അദ്ദേഹം ഇന്ത്യയിലെ ഏറ്റവും ജനപ്രിയ അംബാസഡറാണ്,’ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട്  സംസാരിക്കവെ ജയശങ്കര്‍ പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *