ഗൾഫിലെ പരിചയത്തിൽ ജോലി നൽകി, നോമ്പ് തുറക്കാൻ വീട്ടിലേക്ക് വിളിച്ചു; പണികൊടുത്ത് മുങ്ങിയ തൊഴിലാളിയെ പൊക്കി

കൊച്ചി: ആലുവയിൽ പ്രവാസിയുടെ വീട് കുത്തിത്തുറന്ന് നാൽപ്പത് പവൻ സ്വർണ്ണവും രണ്ട് ലക്ഷം രൂപയും കവർന്ന സംഭവത്തിൽ യുവതി അടക്കം മൂന്ന് പ്രതികൾ പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം അണ്ടൂർക്കോണം സ്വദേശി നസീർ, കൊല്ലം പുനലൂ‌ർ സ്വദേശി റജീന, തൊളിക്കോട് സ്വദേശി ഷഫീക്ക് എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കവർച്ച ചെയ്ത സ്വർണ്ണവും പ്രതികളിൽ നിന്ന് പൊലീസ് കണ്ടെത്തി

കഴിഞ്ഞ നോമ്പ് കാലത്തായിരുന്നു ആലുവ തോട്ടുമുഖത്തെ പ്രവാസിയുടെ വീട്ടിൽ കവർച്ച നടന്നത്. കവർച്ച നടന്ന വീടിനോട് ചേർന്ന് ഇതേ പ്രവാസിയുടെ ഉടമസ്ഥതയിൽ ഒരു അച്ചാർ കമ്പനി പ്രവ‍ർത്തിച്ചിരുന്നു. ഇവിടുത്തെ ജീവനക്കാരനും സുഹൃത്തുക്കളുമാണ് പിടിയിലായത്. നേരത്തെ ഗൾഫിൽ ഉണ്ടായിരുന്നപ്പോൾ അവിടെ വെച്ചുള്ള പരിചയത്തിന്‍റെ പേരിലാണ് പ്രവാസി, നസീറിന് തന്റെ അച്ചാർ കമ്പനിയിൽ ജോലി നൽകിയത്. 

കമ്പനിയിൽ ജോലി ചെയ്തു വരവെ ഏപ്രിൽ ഒന്നാം തീയതി നോമ്പുതുറക്കാനായി നസീറിനെ വീട്ടിലേക്ക് വിളിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് പണവും, ആഭരണങ്ങളും കാണാതായത്. കവർച്ചയ്ക്ക് പിന്നാലെ നസീർ ഓഫ് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. ആലുവ സിഐയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം ദിവസങ്ങളോളം പ്രതിയെ നീരീക്ഷിച്ച ശേഷമാണ് പിടികൂടിയത്. 

നസീർ കർച്ച ചെയ്ത സ്വർണ്ണം വിൽക്കാൻ സഹായിച്ചവരാണ് റജീനയും, ഷഫീക്കും. മോഷണ മുതലുകൾ ഉപയോഗിച്ച് ഇവർ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. മൂന്ന് പേരിൽ നിന്നുമായി മോഷണ മുതലുകൾ പൊലീസ് കണ്ടെടുത്തു. നസീറിനെതിരെ തിരുവനന്തപുരം ജില്ലയിൽ വേറെയും കേസുകളുണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin