സിഡ്നി: ഓസ്ട്രേലിയന്‍ സ്ററുഡന്റ്സ് വീസ ലഭിക്കാനുള്ള ബാങ്ക് നിക്ഷേപത്തുകയില്‍ വര്‍ധന വരുത്തി. അന്തര്‍ദേശീയ വിദ്യാര്‍ഥികള്‍ ഇനി മുതല്‍ 29,710 ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം 16.28 ലക്ഷം രൂപ) ബാങ്ക് നിക്ഷേപത്തിന്റെ രേഖകള്‍ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം. മെയ് 10 മുതലാണ് പുതിയ നിയമ പ്രാബല്യം. കഴിഞ്ഞ 7 മാസത്തിനിടെ രണ്ടാം തവണയാണു വര്‍ധന. നേരത്തേ 21,041 ഓസ്ട്രേലിയന്‍ ഡോളര്‍ (11.53 ലക്ഷം രൂപ) ആയിരുന്നത് 2023 ഒക്ടോബറില്‍ 24,505 ഓസ്ട്രേലിയന്‍ ഡോളറായി (13.43 ലക്ഷം രൂപ) കൂട്ടിയിരുന്നു. സ്ററുഡന്റ് വീസ അനുവദിക്കുന്നതിലെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണു പുതിയ നിയന്ത്രണവും. കൊറോണയ്ക്ക് ശേഷം ഓസ്ട്രേലിയ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുടെ കുടിയേറ്റം കൂടിയതിന്റെ പിന്നാലെയാണ് പുതിയ നിയമങ്ങളുടെ മാറ്റങ്ങള്‍.