‘പ്രത്യേക സംഘങ്ങള്‍, ഇതുവരെ 2,650 പരിശോധനകള്‍’; തൊഴില്‍ സമയക്രമീകരണം, പരിശോധന തുടരുമെന്ന് തൊഴില്‍ വകുപ്പ്

തിരുവനന്തപുരം: വേനല്‍ച്ചൂട് അതികഠിനമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ തൊഴില്‍ സമയ ക്രമീകരണങ്ങളും മറ്റു നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടുന്നത് ഉറപ്പാക്കുന്നതിനായി പരിശോധന തുടരുകയാണെന്ന് തൊഴില്‍ വകുപ്പ്. ഫെബ്രുവരി മുതല്‍ 2,650 പരിശോധനകളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. നിയമലംഘനം കണ്ടെത്തിയ സ്ഥലങ്ങളില്‍ അത് പരിഹരിക്കുകയും ആവര്‍ത്തിക്കാതിരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്‌തെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു.

ജില്ലാ ലേബര്‍ ഓഫീസര്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍, അസി ലേബര്‍ ഓഫീസര്‍, പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചാണ് പരിശോധന. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് തൊഴില്‍വകുപ്പ് വ്യക്തമാക്കി. 

സംസ്ഥാനത്ത് ഫെബ്രുവരി മുതല്‍ മെയ് 15 വരെ, രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെയുള്ള സമയത്തില്‍ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. പകല്‍ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം മൂന്ന്  മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

അതേസമയം, വരും മണിക്കൂറുകളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

‘നന്മയുടെ മറുവാക്ക്, ജീവിക്കുന്ന ചരിത്രവും അത്ഭുതവും’; രൈരു ഡോക്ടറെ വിളിച്ച് സ്‌നേഹം പങ്കുവച്ചെന്ന് മന്ത്രി 
 

By admin