വേനൽക്കാലത്ത് കാറിൽ യാത്ര ചെയ്യുമ്പോൾ കൂടുതൽ കരുതൽ വേണം. കാറുകളിൽ ഉപയോ​ഗിക്കുന്ന ഫ്ലേം റിട്ടാർഡന്റുകൾ കാൻസറിന് കാരണമാകുമെന്ന് കാലിഫോർണിയയിലെ ​ഗ്രീൻ സയൻസ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

99 ശതമാനം കാറുകളിലും ടിസിഐപിപി എന്ന ഫ്ലേം റിട്ടാർഡൻ്റ് അടങ്ങിയിട്ടുണ്ട്. ഇവ നാഡീസംബന്ധമായ തകരാറുകളും പ്രത്യുത്പാദന പ്രശ്നങ്ങളും ഉണ്ടാക്കാമെന്ന് ​ഗവേഷകർ പറയുന്നു. മിക്ക കാറുകളിലുമുള്ള ടിഡിസിഐപിപി, ടിസിഇപി എന്നീ രണ്ട് ഫ്ലേം റിട്ടാർഡന്റുകള്‍ കാൻസറിന് കാരണമാകുന്നവയാണെന്ന് നേരത്തേ കണ്ടെത്തിയവയാണെന്നും പഠനത്തിൽ പറയുന്നു. 2015-നും 2022-നും ഇടയിൽ പുറത്തിറക്കിയ കാറുകളിലെ ക്യാബിൻ എയർ പരിശോധിച്ചാണ് പഠനം നടത്തിയത്.

ചൂടു കൂടുമ്പോൾ കാറിലെ മെറ്റീരിയലുകളിൽ നിന്ന് കെമിക്കൽസ് പുറപ്പെടുവിക്കുന്നത് കൂടുതലായതിനാൽ വേനൽക്കാലത്ത് വിഷമയമായ ഈ ഫ്ലെയിം റിട്ടാർഡന്റുകളുടെ തോത് കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു. കൂടാതെ ക്യാബിൻ എയറിലുള്ള കാൻസറിന് കാരണമാകുന്ന ഘടകങ്ങളുടെ ഉറവിടം സീറ്റ് ഫോമിൽ നിന്നാണെന്നും ​ഗവേഷകർ പറയുന്നുണ്ട്. തീപിടിത്ത സാധ്യത ഒഴിവാക്കാനാണ് നിർമാതാക്കൾ സീറ്റ് ഫോമുകളിൽ ഈ കെമിക്കലുകൾ ചേർക്കുന്നത്.

ഓരോ ദിവസവും ഒരു ശരാശരി ഡ്രൈവര്‍ ഒരു മണിക്കൂറോളം കാറിനുള്ളില്‍ ചെലവഴിക്കുന്നത് കണക്കിലെടുക്കുമ്പോള്‍ ഇതൊരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണെന്നും ഗവേഷകര്‍ പറയുന്നു. ദൈർഘ്യമേറിയ യാത്ര ചെയ്യുന്ന മുതിര്‍ന്നവര്‍ക്കും അതിനെക്കാള്‍ ഏറെ കുട്ടികള്‍ക്കുമാണ് ഇവ അപകടമാകുന്നത്.

ഇത്തരം ടോക്സിക്കായ ഫ്ലെയിം റിട്ടാർ‍ഡെന്റുകൾ യഥാർഥത്തിൽ ​കാറിനുള്ളിൽ പ്രത്യേക ​ഗുണങ്ങളൊന്നും നൽകുന്നില്ലെന്നും ​ഗവേഷകർ പറയുന്നുണ്ട്. ഈ കെമിക്കലുകളിൽ നിന്ന് ഒരുപരിധിവരെയെങ്കിലും രക്ഷനേടാനുള്ള വഴിയേക്കുറിച്ചും ​ഗവേഷകർ പറയുന്നുണ്ട്. കാറിലെ വിൻഡോകൾ തുറന്നുവച്ചും തണലുകളിലോ ​ഗാരേജുകളിലോ പാർക്ക് ചെയ്തുമൊക്കെ മേൽപ്പറഞ്ഞ കെമിക്കലുകളുടെ പ്രവാഹം കുറയ്ക്കാമെന്നാണ് പറയുന്നത്. അപ്പോഴും ഇവയുടെ സാന്നിധ്യം കാറുകളിൽ നിലനിൽക്കുന്നുവെന്നതാണ് യഥാർഥത്തിൽ പരിഹാരം കാണേണ്ട പ്രശ്നമെന്നും അവർ പറയുന്നുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *