നഖങ്ങളുടെ നിറം, ആകൃതി, ഘടന എന്നിവയിലൂടെ നിങ്ങളുടെ ആരോഗ്യം തിരിച്ചറിയാൻ സാധിക്കും. നഖങ്ങളിലെ നിറവ്യത്യാസം, ഘടനാവ്യത്യാസം എന്നിവ പോഷകക്കുറവിന്‍റെയും ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണങ്ങളാകാം.
ചർമ്മത്തിന്റെ ഭാഗമാണ് നഖങ്ങളും. പ്രോട്ടീൻ കെരാറ്റിൻ പാളികളാൽ നിർമിതമാണ് നഖങ്ങൾ. പുതിയ കോശങ്ങൾ വളരുമ്പോൾ പഴയ കോശങ്ങൾ കഠിനവും ഒതുക്കമുള്ളതുമാകുകയും ഒടുവിൽ വിരൽത്തുമ്പിലേക്ക് നീണ്ടു വളരുകയും ചെയ്യുന്നു. ആരോഗ്യമുള്ള നഖങ്ങൾ പിങ്ക് നിറത്തിൽ ഒരോ ആകൃതിയിലാകും ഉണ്ടാവുക.
നഖങ്ങളിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കുക
കൊയിലോണിയ (സ്പൂൺ ആകൃതിയിലുള്ള നഖങ്ങൾ): ഇത് പലപ്പോഴും ശരീരത്തിൽ ഇരുമ്പിന്റെ കുറവുമൂലമാണ് സംഭവിക്കുന്നത്. ഇത് വിളർച്ച, ഹീമോക്രോമാറ്റോസിസ്, ല്യൂപ്പസ് എറിത്തമറ്റോസസ് എന്നി ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ഒനിക്കോളിസിസ് (നഖം പൊളിഞ്ഞു പോകുന്നു): സോറിയാസിസ്, ഫംഗസ് അണുബാധ (ഒനികോമൈക്കോസിസ്), ഹൈപ്പർതൈറോയിഡിസം എന്നിവയുടെ ലക്ഷണമായി കണക്കാക്കുന്നു.
ക്ലബിംഗ്: ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ശ്വാസകോശ അർബുദം, ഹൃദ്രോഗം അല്ലെങ്കിൽ എൻഡോകാർഡിറ്റിസ് പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
ല്യൂക്കോണിച്ചിയ (നഖങ്ങളിലെ വെളുത്ത പാടുകൾ): സിങ്കിന്റെ കുറവോ ഫംഗസ് അണുബാധ കാരണമോ ആകാം നഖങ്ങളിൽ വെളുത്ത പാടുകൾ ഉണ്ടാവുന്നത്.
യെല്ലോ നെയിൽ സിൻഡ്രോം: നഖങ്ങൾ മഞ്ഞനിറത്തിലാവുക, നഖങ്ങളുടെ വളർച്ച മന്ദഗതിയിലാവുക, ലിംഫോഡീമ എന്നിവ പലപ്പോഴും ക്രോണിക് ബ്രോങ്കൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
നഖങ്ങൾ എങ്ങനെ സംരക്ഷിക്കാം
നഖങ്ങൾ വെട്ടി വൃത്തിയായി സൂക്ഷിക്കുക. ഇത് നഖത്തിനടിയിൽ ബാക്ടീരിയകൾ വളരുന്നത് തടയുന്നു
വെള്ളവുമായുള്ള ആവർത്തിച്ചുള്ള സമ്പർക്കം നഖങ്ങൾ പിളരുന്നതിന് കാരണമാകും. പാത്രങ്ങളും തുണിയും കഴുകുമ്പോഴും രാസവസ്തുക്കൾ ഉപയോഗിക്കുമ്പോഴും കയ്യുറകൾ ധരിക്കുക.
പതിവായി മോയ്സ്ചറൈസർ ഉപയോഗിക്കുക. ഹാൻഡ് ലോഷൻ ഉപയോഗിക്കുമ്പോൾ, ലോഷൻ നിങ്ങളുടെ നഖങ്ങളിലും പുറംതൊലിയിലും പുരട്ടുക.
ചെയ്യാൻ പാടില്ലാത്തത്
ഇടയ്‌ക്കിടയ്‌ക്ക് നഖങ്ങൾ കടിക്കുന്ന ശീലം ഒഴിലാക്കണം. ഇത് ബാക്ടീരിയ അല്ലെങഅകിൽ ഫംഗസ് അണുബാധയ്‌ക്ക് കാരണമാകും.
നഖ സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. നെയിൽ പോളിഷ് റിമൂവറിൻ്റെ ഉപയോഗം പരിമിതപ്പെടുത്തുക. നെയിൽ പോളിഷ് റിമൂവർ ഉപയോഗിക്കുമ്പോൾ, അസെറ്റോൺ രഹിത ഫോർമുല തിരഞ്ഞെടുക്കുക.
പെഡിക്യൂർ ചെയ്യുമ്പോൾ നഖങ്ങൾ പിന്നിലേക്ക് തള്ളുകയോ പുറംതൊലി നീക്കം ചെയ്യുകയോ ചെയ്യരുത്.
നഖങ്ങളിലേക്കുള്ള ഓക്സിജൻ വിതരണം കുറയ്ക്കുന്നതിനാൽ പുകവലി ഒഴിവാക്കുക
നീണ്ടകാലം നഖങ്ങളിലെ വ്യത്യാസങ്ങൾ നിലനിന്നാൽ തീർച്ചയായും വൈദ്യസഹായം തേടുക.
ഇറുകി പാദരക്ഷകൾ ഇടുന്നതും നഖങ്ങൾ നഷ്ടപ്പെടാൻ കാരണമാകും.