അമ്മിണി എവിടെ?; സ്നിഫര്‍ ഡോഗ്സും പരാജയപ്പെട്ടു, നാലാം ദിവസവും തെരച്ചില്‍ വിഫലം

തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടിനുള്ളില്‍ കാണാതായ വയോധികയ്ക്കായുള്ള തെരച്ചില്‍ നാലാം ദിവസവും വിഫലം. അതിരപ്പിള്ളി വാച്ചുമരം കോളനിവാസിയായ അമ്മിണിയെ ആണ് കാണാതായത് ഇതോടെ എഴുപതുകാരിയായ അമ്മിണി എവിടെയെന്ന ചോദ്യം ദുരൂഹത സൃഷ്ടിക്കുകയാണ്. 

വിറക് ശേഖരിക്കാൻ കാട്ടിൽ പോയ അമ്മിണിയെ തിങ്കളാഴ്ച വൈകീട്ടോടെയാണ് കാണാതായത്. വിറക് ശേഖരിച്ച് എത്തിയ ശേഷം മറന്നുവച്ച കത്തിയെടുക്കാന്‍ കാട്ടില്‍ പോയതായിരുന്നു. കണ്ണിന് കാഴ്ചക്കുറവും മറ്റ് വാര്‍ധക്യ പ്രതിസന്ധികളും ഉള്ളയാളായിരുന്നു അമ്മിണി. അതിനാല്‍ തന്നെ എന്തെങ്കിലും അപകടം സംഭവിച്ചതാകുമോ എന്ന സംശയമാണ് ഏവര്‍ക്കുമുള്ളത്.

എന്നാല്‍ നാല് ദിവസമായി കാട്ടിനുള്ളില്‍ പൊലീസും, വനംവകുപ്പും നാട്ടുകാരും ഇന്നിതാ ഡോഗ് സ്ക്വാഡ് അടക്കം നടത്തിയ തെരച്ചിലില്‍ ഒരു തുമ്പും കിട്ടിയില്ല. അപകടം സംഭവിച്ചതാണെങ്കിലും ഇതെക്കുറിച്ചും എന്തെങ്കിലും സൂചന കിട്ടേണ്ടതാണല്ലോ. അതുമില്ലെന്നതാണ് ദുരൂഹത സൃഷ്ടിക്കുന്നത്.

ഇന്ന് സ്നിഫര്‍ ഡോഗുകളുമായാണ് തെരച്ചില്‍ നടന്നത്. എന്നാല്‍ അതിനും ഫലമുണ്ടായില്ല. കഴിഞ്ഞ ദിവസം ഡ്രോണുപയോഗിച്ചായിരുന്നു തെരച്ചില്‍. നാളെയും തെരച്ചിൽ തുടരും.

Also Read:- കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടര്‍ യാത്രികര്‍ 2 പേരും മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

By admin