59 മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍, മൂല്യം കോടികള്‍; അങ്ങനെയും ഒരു സ്ഥാനാര്‍ഥി
കട്ടക്ക്: ഇന്ത്യന്‍ പൊതു തെരഞ്ഞെടുപ്പില്‍ ധനികരായ നിരവധി സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. ഒഡിഷയിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥിയായ സന്‍ത്രുപ്ത് മിശ്രയാണ് ഇവരിലൊരാള്‍. മിശ്രയുടെ സ്വത്തുവിവര കണക്കുകള്‍ ആരുടെയും കണ്ണുതള്ളിക്കും. 461 കോടി രൂപയുടെ ആസ്തിയാണ് മിശ്ര തെരഞ്ഞെടുപ്പ് അഫിഡവിറ്റില്‍ കാണിച്ചിരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.
കട്ടക്ക് ലോക്‌സഭ സീറ്റിലെ ബിജു ജനതാദള്‍ (ബിജെഡി) സ്ഥാനാര്‍ഥിയാണ് സന്‍ത്രുപ്ത് മിശ്ര. ഒഡിഷയില്‍ ഇതുവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചവരിലെ ഏറ്റവും സമ്പന്നനായ ഇദേഹത്തിന് കോടികളുടെ മൂല്യമുള്ള 59 മ്യൂച്ചല്‍ ഫണ്ട് പദ്ധതികളുണ്ട്. ആദിത്യ ബിര്‍ല ഗ്രൂപ്പിലെ എച്ച്ആര്‍ വിഭാഗം മേധാവിയായിരുന്ന സന്‍ത്രുപ്ത് മിശ്രയക്ക് ആദിത്യ ബിര്‍ല സണ്‍ ലൈഫ് മ്യൂച്ചല്‍ ഫണ്ടില്‍ ആറ് മ്യൂച്ചല്‍ ഫണ്ട് പദ്ധതികളുണ്ട്. എച്ച്‌ഡിഎഫ്‌സി മ്യൂച്ചല്‍ ഫണ്ട്, വിവിധ സ്വകാര്യ ബാങ്കുകളുടെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന സന്‍ത്രുപ്ത് മിശ്രയുടെ നിക്ഷേപങ്ങളെല്ലാം തന്നെ കോടികളുടെ മൂല്യമുള്ളവയാണ്. 308 കോടിയോളം മ്യൂച്ചല്‍ ഫണ്ട്, അള്‍ട്ടര്‍നേറ്റ് ഇന്‍വസ്റ്റ്‌മെന്‍റ്, ബോണ്ട്, ഷെയര്‍ മിശ്രയ്ക്കുണ്ട് എന്നാണ് ഇക്കണോമിക് ടൈംസിന്‍റെ റിപ്പോര്‍ട്ട്.
ആദിത്യ ബിര്‍ല ഗ്രൂപ്പില്‍ നിന്ന് സ്വയം വിരമിച്ച ശേഷം 58കാരനായ സന്‍ത്രുപ്ത് മിശ്ര കഴിഞ്ഞ മാര്‍ച്ചിലാണ് ബിജെഡിയില്‍ അംഗത്വമെടുത്തത്. ഭര്‍ത്രുഹരി മഹ്‌താബും കോണ്‍ഗ്രസിലെ സുരേഷ് മഹാപത്രയുമാണ് കട്ടക്ക് ലോക്‌സഭ സീറ്റിലേക്ക് മത്സരിക്കുന്ന മറ്റ് സ്ഥാനാര്‍ഥികള്‍. 2019ലെ കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അന്ന് ബിജു ജനതാദള്‍ സ്ഥാനാര്‍ഥിയായിരുന്ന ഭര്‍ത്രുഹരി മഹ്‌താബ് 1,21,201 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. 2024 മാര്‍ച്ചിലാണ് ബിജെഡി വിട്ട് മഹ്‌താബ് ബിജെപിയിലേക്ക് ചേക്കേറിയത്. 1998 മുതല്‍ കട്ടക് ലോക്‌സഭ മണ്ഡലത്തിലെ എംപിയാണ് ഭര്‍ത്രുഹരി മഹ്‌താബ്.
Read more: 4500 അടി ഉയരെ, ഇരുമ്പ് ഗോവണിയില്‍ അള്ളിപ്പിടിച്ച് ട്രക്കിംഗ്; ഇങ്ങനെയും ഒരു പോളിംഗ് സ്റ്റേഷന്‍