4500 അടി ഉയരെ, ഇരുമ്പ് ഗോവണിയില്‍ അള്ളിപ്പിടിച്ച് ട്രക്കിംഗ്; ഇങ്ങനെയും ഒരു പോളിംഗ് സ്റ്റേഷന്‍

പൂനെ: 97 കോടിയോളം വോട്ടര്‍മാരും വ്യത്യസ്ത ഭൂപ്രകൃതിയുമുള്ള ഇന്ത്യ പോലൊരു വലിയ രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടത്തുക എളുപ്പമല്ല എന്ന് നമുക്കറിയാം. വോട്ടര്‍മാരും പോളിംഗ് ഉദ്യോഗസ്ഥരും പുഴകളും തടാകങ്ങളും കാടുകളും മലനിരകളും താണ്ടിയാണ് ലോക്സഭ തെരഞ്ഞെടുപ്പില്‍ ഭാഗമാകുന്നത്. മൂന്നാംഘട്ട ലോക്‌സഭ വോട്ടെടുപ്പിനിടെ മഹാരാഷ്ട്രയിലെ പൂനെയ്ക്കടുത്ത റെയ്‌രേശ്വറില്‍ നിന്നുള്ള അത്ഭുതപ്പെടുത്തുന്ന വീഡിയോ അതിനാല്‍ തന്നെ ശ്രദ്ധേയമായി. 

ഒരു മണിക്കൂറോളം നടന്ന് ഇരുമ്പ് ഗോവണിയുടെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തിലെത്തുന്നതായിരുന്നു വീഡിയോ. സമുദ്രനിരപ്പില്‍ 4,500 അടി ഉയരെ, 160 വോട്ടര്‍മാര്‍ക്കായാണ് ഇവിടെ പോളിംഗ് ബൂത്ത് സജ്ജമാക്കിയത്. മഹാരാഷ്ട്രയിലെ ബാരാമതി ലോക്‌സഭ മണ്ഡലത്തിലെ ഏറ്റവും ഉയരത്തിലുള്ള പോളിംഗ് ബൂത്താണിത്. പൂനെയ്ക്ക് സമീപം ഭോർ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന റൈരേശ്വർ കോട്ടയുടെ സമീപത്താണ് ഈ പോളിംഗ് സ്റ്റേഷന്‍.  

പൂനയില്‍ നിന്ന് 30 കിലോമീറ്റര്‍ യാത്ര ചെയ്ത് എത്തിയ ശേഷം ഒരു മണിക്കൂറോളം ട്രക്കിംഗ് നടത്തി, ഇരുമ്പ് ഗോവണിയിലൂടെ കയറി വേണം 160 വോട്ടര്‍മാര്‍ക്കായുള്ള പോളിംഗ് ബൂത്തിലെത്താന്‍. ഇവിടേക്ക് സാഹസികമായി പോളിംഗ് ഉദ്യോഗസ്ഥര്‍ എത്തുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു. ഏഴിലധികം പോളിംഗ് ഉദ്യോഗസ്ഥരാണ് ഇവിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും കണ്‍ട്രോള്‍ യൂണിറ്റുകളും വിവിപാറ്റ് മെഷീനുകളും കയ്യിലേന്തിയായിരുന്നു ഉദ്യോഗസ്ഥര്‍മാരുടെ യാത്ര. ദുര്‍ഘടം പിടിച്ച യാത്രയെങ്കിലും പോളിംഗ് ഉദ്യോഗസ്ഥര്‍ എല്ലാ സാമഗ്രികളും അനായാസം ബൂത്തില്‍ എത്തിച്ചു. 

ആറ് നിയോജക മണ്ഡലങ്ങളുള്ള ബാരാമതി ലോക്‌സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്താണ് റൈരേശ്വർ. മൂന്നാംഘട്ട ലോക്സഭ വോട്ടെടുപ്പില്‍ 64 ശതമാനത്തിലധികം പോളിംഗാണ് രാജ്യത്താകെ രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ 53.95 മാത്രമായിരുന്നു പോളിംഗ് ശതമാനം. മൂന്നാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്നയിടങ്ങളിലെ ഏറ്റവും കുറഞ്ഞ വോട്ടിംഗ് ശതമാനമായിരുന്നു ഇത്. 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 93 സീറ്റുകളിലേക്കായിരുന്നു മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. 

Read more: ഇന്നത്തെ വോട്ടെടുപ്പ് ബിജെപിക്ക് പ്രതീക്ഷയും ചങ്കിടിപ്പും; 2019ല്‍ ഇതേ സീറ്റുകളില്‍ കിട്ടിയത് മൃഗീയ മേല്‍ക്കൈ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin

You missed