എടത്വാ: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ കെ പി യോഹന്നാൻ്റെ വിയോഗത്തിൽ ഓർമ്മകൾ പങ്കുവെച്ച് ഗുരുനാഥൻ. തലവടി ഗവ: ഹൈസ്കൂളിൽ കെ.പി യോഹന്നാനെ പഠിപ്പിച്ച പി.വി രവീന്ദ്രനാഥാണ് (കൊച്ചപ്പൂസാർ) പ്രിയശിഷ്യൻ്റെ ഓർമ്മകൾ പങ്കുവെച്ചത്.
1964 -ൽ ഹൈസ്കൂളിൽ പഠിക്കാനാണ് കെ.പി യോഹന്നാൻ തലവടിയിൽ എത്തുന്നത്. നിരണത്തെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അദ്ദേഹം കിലോമീറ്റർ താണ്ടിയാണ് പഠനം പൂർത്തിയാക്കിയത്. നിരാലംബർക്ക് സാന്ത്വനമേകി ആതുര സേവന രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന കെ.പി യോഹന്നാൻ സഭയുടെ പരമാധ്യക്ഷനായി മാറിയെങ്കിലും തലവടി സ്കൂൾ അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നെന്ന് ഗുരുനാഥൻ ഓർമ്മിക്കുന്നു.

സ്കൂളിലും നാട്ടിലും നടക്കുന്ന ഒട്ടുമിക്ക പരിപാടികൾക്കും അദ്ദേഹം നിറസാന്നിധ്യമായിരുന്നു. പ്രിയ ഗുരുനാഥൻ്റെ ജീവചരിത്ര കുറിപ്പായ നന്മകൾ പൂക്കുന്ന പൂമരം എന്ന പുസ്തകം പ്രകാശനം ചെയ്യാനാണ് അവസാനമായി തലവടിയിൽ എത്തിയത്. ഈ പരിപാടിയിൽ കേരളാ ചീഫ് സെക്രട്ടറി ഡോ. കെ വേണു മുഖ്യ അതിഥിയായി എത്തിയിരുന്നു. തലവടി ചുണ്ടൻ വള്ളത്തിൻ്റെ നിർമ്മാണ ഘട്ടത്തിലും സഭ പരമാധ്യക്ഷൻ്റെ സാന്നിദ്ധ്യവും സഹകരണവും തലവടിക്കാർക്ക് വിസ്മരിക്കാനാകില്ല.
അമേരിക്കയിൽ വെച്ച് പ്രഭാത നടത്തത്തിനിടെ വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് കെ.പി യോഹന്നാൻ്റെ അന്ത്യം. തലവടിയിലെ സാമുദായിക – സംസ്കാരിക – രാഷ്ട്രീയ രംഗത്തെ പ്രമുഖർ അദ്ദേഹത്തിൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *