സഞ്ജുവിന്‍റെ വീരോചിത പോരാട്ടം പാഴായി; രാജസ്ഥാനെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി

ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ 20 റണ്‍സിന് വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ഡല്‍ഹിയ ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാനു വേണ്ടി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. പതിനാറാം ഓവറില്‍ 46 പന്തില്‍ 86 റണ്‍സുമായി പൊരുതിയ സഞ്ജുവിനെ ടിവി അമ്പയര്‍ മൈക്കല്‍ ഗഫ് തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയതായിരുന്നു രാജസ്ഥാന്‍റെ തോല്‍വിയില്‍ വഴിത്തിരിവായത്. തോറ്റെങ്കിലും 11 കളികളില്‍ 16 പോയന്‍റുമായി രാജസ്ഥാന്‍ തന്നെയാണ് പോയന്‍റ് പട്ടികയില്‍ രണ്ടാമത്. സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 221-8, രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 201-8.

222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് അവസാന അഞ്ചോവറില്‍ 63 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. 43 പന്തില്‍ 85 റണ്‍സുമായി സഞ്ജുവും 7 പന്തില്‍ 14 റണ്‍സുമായി ശുഭം ദുബെയുമായിരുന്നു ക്രീസില്‍. മുകേഷ് കുമാര്‍ എറിഞ്ഞ പതിനാറാം ഓവറിലെ നാലാം പന്തില്‍ സഞ്ജു അടിച്ച സിക്സ് ലോംഗ് ഓണ്‍ ബൗണ്ടറിയില്‍ ഷായ് ഹോപ്പ് കൈയിലൊതുക്കിയെങ്കിലും കാല്‍ ബൗണ്ടറി കുഷ്യനില്‍ തട്ടിയെന്ന് വ്യക്തമായിട്ടും ടിവി അമ്പയര്‍ സഞ്ജു ഔട്ടാണെന്ന് വിധിച്ചതാണ് മത്സരത്തില്‍ നിര്‍മായകമായി.

സഞ്ജുവിനെ ടിവി അമ്പയര്‍ ചതിച്ചു, സിക്സ് അടിച്ച പന്തില്‍ ഔട്ട്; ഐപിഎല്ലില്‍ വീണ്ടും അമ്പയറിംഗ് വിവാദം

ഇതോടെ താളം തെറ്റിയ രാജസ്ഥാനുവേണ്ടി ശുഭം ദുബെ സിക്സും ഫോറും അടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും ദുബെയെ(12 പന്തില്‍ 25) മടക്കി ഖലീല്‍ അഹമ്മദ് ആ പ്രതീക്ഷ തകര്‍ത്തു. ഡൊണോവന്‍ ഫെറേരയെ(1)യെയും അശ്വിനെയും(2) കുല്‍ദീപ് യാദവും റൊവ്മാന്‍ പവലിനെ(10) മുകേഷ് കുമാറും മടക്കിയതോടെ രാജസ്ഥാന്‍റെ പോരാട്ടം അവസാനിച്ചു.

നേരത്തെ 222 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ രാജസ്ഥാന് തുടക്കത്തിലെ യശസ്വി ജയ്സ്വാളിനെ(4) നഷ്ടമായി. ജോസ് ബട്‌ലര്‍(17 പന്തില്ഡ 19) പ്രതീക്ഷ നല്‍കിയെങ്കിലും പവര്‍ പ്ലേയില്‍ സ്കോറുയര്‍ത്തേണ്ട ഉത്തവാദിത്തും മുഴുവന്‍ സഞ്ജുവിന്‍റെ ചുമലിലായി. ബട്‌ലര്‍ പുറത്തായശേഷമെത്തിയ റിയാന്‍ പരാഗ്(22 പന്തില്‍ 27) നന്നായി തുടങ്ങിയശേഷം മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ സഞ്ജു ക്രീസിലുള്ളപ്പോള്‍ രാജസ്ഥാന് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അമ്പയറുടെ തെറ്റായ തീരുമാനം രാജസ്ഥാന്‍റെ വിധിയെഴുതി. ഡല്‍ഹിക്കായി ഖലീല്‍ അഹമ്മദും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഓപ്പണര്‍മാരായ ജേക് ഫ്രേസര്‍  ജേക് ഫ്രേസര്‍ മക്‌ഗുര്‍കിന്‍റെയും അഭിഷേക് പോറലിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ മികവിലാണ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തത്. മക്‌ഗുര്‍ക് 20 പന്തില്‍ 50 റണ്‍സെടുത്തപ്പോള്‍ അഭിഷേക് പോറല്‍ 36 പന്തില്‍ 65 റണ്‍സെടുത്ത് ഡല്‍ഹിയുടെ ടോപ് സ്കോററായി. ക്യാപ്റ്റന്‍ റിഷഭ് പന്ത്(15) നിരാശപ്പെടുത്തിയപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ട്രൈസ്റ്റന്‍ സ്റ്റബ്സ്(20 പന്തില്‍ 41) ആണ് ഡല്‍ഹി സ്കോര്‍ റണ്‍സിലെത്തിച്ചത്. രാജസ്ഥാനു വേണ്ടി അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin