92 മണ്ഡലങ്ങളിൽ ഇന്ത്യൻ ജനത ഇന്ന് വിധി കുറിക്കും; ഗുജറാത്തിൽ സമ്പൂർണ വിധി, അമിത് ഷായടക്കം ജനവിധി തേടുന്നു

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട പോളിംഗ് ഇന്ന് നടക്കും. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 25 മണ്ഡലങ്ങൾ, കർണാടകത്തിലെ 14 മണ്ഡലങ്ങൾ, മധ്യപ്രദേശിലെ 8 മണ്ഡലങ്ങൾ, യു പിയിലെ 10 മണ്ഡലങ്ങൾ, മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധി കുറിക്കുക. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, ദിഗ്വിജയ് സിംഗ് എന്നിവരാണ് മൂന്നാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖര്‍.

കേരള തീരത്ത് ഓറഞ്ച് അലർട്ട് തുടരുന്നു, നാളെയും കടലാക്രമണ സാധ്യത; കള്ളക്കടൽ ഭീഷണി ഒഴിയുന്നില്ല

അതിനിടെ കർണാടക ബി ജെ പിയുടെ എക്സ് ഹാൻഡിലിൽ മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ വീഡിയോ പങ്കുവച്ചതിൽ ബി ജെ പി ദേശീയാധ്യക്ഷൻ ജെ പി നദ്ദയടക്കമുള്ളവർക്കെതിരെ കേസെടുത്തതും പ്രചരണ വിഷയമായിട്ടുണ്ട്. കർണാടക പൊലീസാണ് ജെ പി നദ്ദക്കും സംസ്ഥാനാധ്യക്ഷൻ വിജയേന്ദ്രയ്ക്കും ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്. മതവികാരം വ്രണപ്പെടുത്തി, മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

പിന്നാക്ക വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ മുസ്ലിം വിഭാഗത്തിന് മാത്രമായി അനധികൃതമായി നൽകുന്നുവെന്ന് സൂചിപ്പിക്കുന്ന കാർട്ടൂൺ വീഡിയോയാണ് മെയ് 4 ന് പങ്ക് വച്ചത്. ഇതിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് കർണാടക പൊലീസ് കേസെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin