ന്യൂയോർക്ക് : നീലച്ചിത്ര നടിക്കു പണം കൊടുത്തു നിശ്ശബ്ദയാക്കാൻ ശ്രമിച്ചു എന്ന കേസിൽ കോടതി വിലക്കു ലംഘിച്ചു പ്രസ്താവനകൾ നടത്തിയതിനു ഡൊണാൾഡ് ട്രംപിനു മൻഹാട്ടൻ കോടതി $1,000 പിഴയടിച്ചു. ഇനി ലംഘനം നടത്തിയാൽ ജയിലിൽ പോകേണ്ടി വരുമെന്ന താക്കീതും ജഡ്‌ജ് യുവാൻ മെർച്ചൻ നൽകി.
കഴിഞ്ഞയാഴ്ച്ച 9 തവണ കോടതി വിലക്കു ലംഘിച്ചതിനു ട്രംപിനു $9,000 പിഴ കിട്ടിയിരുന്നു. മറ്റൊരു വഴിയുമില്ലങ്കിൽ തനിക്കു ട്രംപിനെ ജയിലിൽ അടയ്ക്കേണ്ടി വരുമെന്നു മെർച്ചൻ പറഞ്ഞു.
വെള്ളിയാഴ്ച്ച ട്രംപിന്റെ വൈറ്റ് ഹൗസിലെ മുൻ ഉദ്യോഗസ്ഥ ഹോപ്പ് ഹിക്ക്സ് നൽകിയ മൊഴി പ്രോസിക്യൂഷനു കരുത്ത് പകർന്നിട്ടുണ്ട്. 2016 തിരഞ്ഞെടുപ്പിൽ ട്രംപിനു ദൂഷ്യം ചെയ്യുന്ന തെളിവുകൾ നശിപ്പിക്കാൻ നടന്ന ശ്രമങ്ങളെ കുറിച്ചു ഹിക്ക്സ് മറയില്ലാതെ തുറന്നു പറഞ്ഞു. അതിലൊന്ന് ആയിരുന്നു സ്ത്രീകളെ അനുവാദം കൂടാതെ കീഴ്പെടുത്താൻ തനിക്കു കഴിയുമെന്നു ട്രംപ് പറഞ്ഞതു 2005ൽ റെക്കോർഡ് ചെയ്തിരുന്നത്. “അതൊരു ഭയങ്കര കഥയായി വാർത്തകളിൽ നിറയുമെന്നു എനിക്കറിയാമായിരുന്നു,” ഹിക്ക്സ് പറഞ്ഞു. “അത് ട്രംപിന് മഹാ നാശം ആകുമായിരുന്നു.”
നടി സ്റ്റോർമി ഡാനിയൽസ് സത്യം മൂടി വയ്ക്കാൻ അവർക്കു ട്രംപ് $130,000 നൽകിയെന്ന ആരോപണത്തിനു പിന്ബലമാവുന്ന മൊഴി ആയിരുന്നു അവരുടേത്.
ട്രംപ് രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപ് ഒരു പ്ലേബോയ് മോഡലുമായി ഉണ്ടായ ബന്ധം മൂടാൻ ശ്രമം നടന്നതും കോടതി കേട്ടു. വിചാരണ തിങ്കളാഴ്ച മൂന്നാം വാരത്തിൽ എത്തി. സുപ്രധാന സാക്ഷിയും ട്രംപിന്റെ മുൻ അഭിഭാഷകനുമായ മൈക്കൽ കോഹൻ ഈയാഴ്ച എത്തും. ഡാനിയൽസിനു പണം നൽകിയത് അദ്ദേഹമാണ്.