മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ എത്തി മലയാളക്കരയുടെ സ്വന്തമായി മാറിയ നടനാണ് നിവിൻ പോളി. സീരിയസ് കഥാപാത്രമായി അരങ്ങേറി പിന്നീട് പ്രണയനായകനായും കോമഡി വേഷങ്ങൾ ചെയ്തുമെല്ലാം നിവിൻ തിരശ്ശീലയിൽ നിറഞ്ഞാടി. സമീപകാലത്ത് പരാജയങ്ങൾ നേരിട്ടെങ്കിലും വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് താരം. ഈ അവസരത്തിൽ തമിഴ് നടൻ അജിത് തനിക്ക് നൽകിയ ഉപദേശത്തെ കുറിച്ച് തുറന്നു പറയുകയാണ് നിവിൻ പോളി.
“പ്രേമം ഇറങ്ങിയ സമയം ആയിരുന്നു. അജിത്ത് സാർ ഡിന്നറിന് ഞങ്ങളെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ. നിവിന്റേതായി ഇറങ്ങുന്ന എല്ലാ പടങ്ങളും ഇപ്പോൾ ഹിറ്റാണ്. പക്ഷേ ഒരു ഘട്ടം വരും. എല്ലാ ആക്ടേഴ്സും കടന്നുപോകുന്നൊരു ഭാഗമാണത്. അജിത്ത് സാറും ആ ഘട്ടത്തിലൂടെ കടന്നു പോയിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. ആ ഫേസിലൂടെ നമ്മൾ കടന്ന് പോകണം. ഒരു ഡിപ്പിൽ പോയി നമ്മൾ തിരിച്ചു വരും. ആ ഡിപ്പിൽ നമ്മൾ മനസിലാക്കും ആരാണ് നമുക്കൊപ്പം ഉള്ളത്, നമ്മുടെ ഫോൺ കോളിന് അപ്പുറത്ത് ആരുണ്ടാകും, ആര് സിനിമ തരും, ആര് നമുക്ക് വേണ്ടി എഴുതും, ആര് നിർമിക്കും ഇങ്ങനെ ഒരുപാട് കാര്യങ്ങൾ മനസിലാക്കും. ചിലപ്പോൾ ഒന്നും ഉണ്ടാകില്ല. പക്ഷേ ഇതിൽ നിന്നെല്ലാം നമ്മൾ തിരിച്ചു കയറും. അപ്പോൾ മനസിലാകും റിയൽ മുഖങ്ങൾ എന്താണെന്ന്, കൂടെ ഉള്ളവർ ആരൊക്കെ ആണെന്ന് എന്ന് അജിത് സാർ പറഞ്ഞു”, എന്നാണ് നിവിൻ പറഞ്ഞത്. പുതിയ സിനിമയുടെ പ്രമോഷനിടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
ഒരു ഭീകര കമന്റ് കണ്ട് ഡാർക്കായി, ദൈവത്തെ പേടിക്കണ്ട, മനുഷ്യനെ പേടിക്കണം; വിനായക് ശശികുമാർ
അതേസമയം, മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രമാണ് നിവിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഡിജോ ആണ് ചിത്രത്തിന്റെ സംവിധാനം. അനശ്വര രാജൻ നായികയായി എത്തിയ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തിയിരുന്നു.