ന്യൂഡല്‍ഹി: ഇന്ത്യയെക്കുറിച്ച് പാകിസ്ഥാന്‍ മുന്‍ സെനറ്ററായ ഫൈസല്‍ അബിദി നടത്തിയ പ്രകോപനപരമായ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നു. ‘അഖണ്ഡ് ഭാരതു’മായി ബന്ധപ്പെട്ടുള്ള പാര്‍ലമെന്റിലെ ചുവര്‍ചിത്രത്തെക്കുറിച്ച് ഫൈസല്‍ അബിദി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
ഈ പ്രതീകാത്മക ചിത്രം നേപ്പാള്‍, ശ്രീലങ്ക, ഭൂട്ടാന്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളെ അലോസരപ്പെടുത്തുന്നുവെന്നാണ് പാകിസ്ഥാന്‍ മുന്‍ സെനറ്ററുടെ വാദം.  ജിടിവി ന്യൂസിലെ ഒരു പരിപാടിയിലാണ് അബിദിയുടെ പ്രതികരണം. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രധാനമന്ത്രി നടത്തിയ ‘ഹിന്ദുത്വ’ അജണ്ട, ഇന്ത്യക്കാരില്‍ നിന്ന് അദ്ദേഹത്തിന് ലഭിക്കുന്ന വലിയ തോതിലുള്ള പിന്തുണ എന്നിവയായിരുന്നു പരിപാടിയില്‍ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍. ഇതിന് അബിദി നല്‍കിയ മറുപടിയാണ് ഏറെ വിവാദമായത്.
“ഇന്ത്യ അവരുടെ പാർലമെൻ്റിൽ ‘അഖണ്ഡഭാരത’ത്തിൻ്റെ ചുവർചിത്രം പതിപ്പിച്ചപ്പോൾ നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ പ്രകോപിതരായി. പാകിസ്ഥാൻ ഇതേക്കുറിച്ച് സംസാരിച്ചപ്പോൾ ആളുകൾ ഞങ്ങളെ കളിയാക്കി, പക്ഷേ അത് സത്യമായി. 2026 നവംബർ 26 ന് ഇന്ത്യ കഷ്ണങ്ങളായി തകരുമെന്ന്‌ ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ആശ്ചര്യപ്പെടുംവിധം ഇന്ത്യ പല കഷണങ്ങളായി തകരും. മോദിയുടെ ഹിദുത്വ അജണ്ടയിൽ നിന്ന് ആളുകളെ പുറത്തെടുക്കുക എന്നതാണ് ജനങ്ങളെ രക്ഷിക്കാനുള്ള ഏക മാർഗം. ഏജൻസികൾ വഴി ഒരു അപകടം സംഭവിക്കാം. പക്ഷേ മോദി അധികാരത്തിലിരിക്കുമ്പോൾ ഇന്ത്യയെ നശിപ്പിക്കണം. അതാണ് കൂടുതൽ പ്രധാനം”, എന്നായിരുന്നു ഫൈസല്‍ അബിദി നടത്തിയ ഗുരുതര പ്രതികരണം.

“…Allah will break India(Bharat Mata) into pieces…”- Ex-senator Pakistan pic.twitter.com/jg4O4fJsUK
— Pakistan Untold (@pakistan_untold) May 3, 2024

സമൂഹമാധ്യമങ്ങളിലൂടെ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇന്ത്യയിലും പാകിസ്ഥാനിലും തങ്ങളുടെ വെടിക്കോപ്പുകളും മനുഷ്യവിഭവശേഷിയും ഇവര്‍ തയ്യാറാക്കി വച്ചുവെന്നാണ് ഇതിനര്‍ത്ഥമെന്ന് ഒരാള്‍ ‘എക്‌സി’ല്‍ കുറിച്ചു. ഇതുപോലെ നിരവധി പേരാണ് മുന്‍ പാക് സെനറ്ററുടെ പ്രകോപനപരമായ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചത്.
“ദരിദ്രമായ നിങ്ങളുടെ രാജ്യത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ത്യയെക്കുറിച്ച് വിഷമിക്കേണ്ട. ഇന്ത്യ സ്വയം പരിപാലിക്കും. ആദ്യം നിങ്ങളുടെ രാജ്യത്തെ രക്ഷിക്കാൻ ദൈവത്തോട് പ്രാര്‍ത്ഥിക്കുക.”, എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

By admin

Leave a Reply

Your email address will not be published. Required fields are marked *