കോട്ടയം: മണിക്കൂറുകള്‍ നീണ്ട ചോദ്യ ചെയ്യല്‍, കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും ഭക്ഷണം പോലും നല്‍കാതെ കുറ്റവാളികളോടെന്ന പോലെയുള്ള പെരുമാറ്റം, ഒടുവില്‍ ആന്ധ്ര പൊലീസ് തടഞ്ഞു വച്ച 2000 കോടി രൂപയുടെ പഴയ നോട്ടുകള്‍ പൊലീസ് സംഘം ഒടുവില്‍ ഹൈദരാബാദിലെ റിസര്‍വ് ബാങ്ക് കേന്ദ്രത്തിലെത്തിച്ചു. ഇനി കേരളാ പൊലീസിന് ആശ്വാസത്തോടെ നാട്ടിലേക്കു മടക്കം. കാലാവധി കഴിഞ്ഞ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം ഹൈദരാബാദില്‍ എത്തിക്കുന്നതിനു കോട്ടയത്തു നിന്നു പോയ പൊലീസ് സംഘത്തെ കഴിഞ്ഞ ദിവസം രേഖകള്‍ എല്ലാം ഉണ്ടായിരുന്നിട്ടും ആന്ധ്ര പോലീസ് തടഞ്ഞു വച്ചിരുന്നു.
കോട്ടയം നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി ജോണിനൊപ്പം 2 എസ്.ഐമാരും 3 സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരും 8 സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, മൂന്നു ബാങ്കുകളുടെ ഉദ്യോഗസ്ഥര്‍ എന്നവര്‍ അടങ്ങിയ സംഘത്തെയാണ് ആന്ധ്രാ പൊലീസ് തടഞ്ഞുവെച്ചത്. ഒടുവില്‍ പല ഉന്നത ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടു സഹായം ലഭിക്കാതെ വന്നതോടെ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക് ഇടപെട്ടാണു സംഘത്തെ മോചിപ്പിച്ചത്.

കാലാവധി കഴിഞ്ഞ 500 രൂപ നോട്ടുകള്‍ നിറച്ച 4 ട്രക്കുകളിലാണു 2000 കോടിയുമായി  ഡിവൈ.എസ്.പി ടി. ജോണിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ 30ന് ഹൈദരാബാദിലേക്കു പോയത്.

 പഴകിയതിനെ തുടര്‍ന്നു വിവിധ ബാങ്കുകളില്‍ തിരിച്ചെത്തിയ പണം തുരുത്തിയിലെ ഫെഡറല്‍ ബാങ്ക് കറന്‍സി ചെസ്റ്റിലാണു (റിസര്‍വ് ബാങ്കില്‍ നിന്നു ലഭിക്കുന്ന നോട്ടുകള്‍ ശാഖകള്‍ക്കു വിതരണം ചെയ്യുന്ന കേന്ദ്രം) സൂക്ഷിച്ചിരുന്നത്. ഇതു ഹൈദരാബാദ് റിസര്‍വ് ബാങ്ക് കേന്ദ്രത്തിലെത്തിക്കുന്നതിനുള്ള സമയ പരിധി അവസാനിക്കാറായതിനാലാണു തെരഞ്ഞെടുപ്പു കാലമായിട്ടും പുറപ്പെട്ടത്.
ആന്ധ്രയിലെ അനന്തനഗര്‍ ജില്ലയില്‍ വെച്ച് സംഘത്തെയും പണം അടങ്ങിയ കണ്ടെയ്‌നറുകളും തെരഞ്ഞെടുപ്പ് നിരീക്ഷണ സംഘത്തോടൊപ്പം എത്തിയ പോലീസ് തടയുകയായിരുന്നു. വിജനമായ സ്ഥലത്താണു വാഹനങ്ങള്‍ തടഞ്ഞിട്ടത്. കോട്ടയം പൊലീസ് വിവരങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ആന്ധ്രയിലെ ഉദ്യോഗസ്ഥര്‍ വഴങ്ങിയില്ല.
ആന്ധ്ര പൊലീസും റവന്യു സംഘവും ചേര്‍ന്നു മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്‍ തുടര്‍ന്നു.  ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി നല്‍കിയിട്ടും രേഖകള്‍ കാട്ടിയിട്ടും ഉദ്യോഗസ്ഥരുടെ സംശയം മാറിയില്ല. റിസര്‍വ് ബാങ്ക് നല്‍കിയിരിക്കുന്ന ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ വാഹനം എവിടെ നിന്നു പണം കയറ്റിയെന്നും എവിടേക്കു പോവുകയാണെന്നും അറിയാന്‍ കഴിയുമെന്ന് മജിസ്റ്റീരിയല്‍ അധികാരമുള്ള റവന്യു ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ബാര്‍കോഡ് സ്‌കാന്‍ ചെയ്തു പരിശോധിക്കാന്‍ അദ്ദേഹം തയാറായില്ല.
ആന്ധ്ര പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ കൂട്ടാക്കാതെ വന്നതോടെ  ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പടെ ബന്ധപ്പെട്ടെങ്കിലും ആദ്യം പ്രയോജനമുണ്ടായില്ല. ഉച്ചഭക്ഷണത്തിനു പോകാനും അനുവദിച്ചില്ല. ഒടുവില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിനെബന്ധപ്പെട്ടതോടെയാണ്  കാര്‍ത്തിക് അനന്തപുരി ഡിഐജിയെയും ജില്ലാ കലക്ടറെയും ബന്ധപ്പെട്ടു ഉദ്യോഗസ്ഥരുടെ മോചനത്തിനു വഴിയൊരുക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *