ആലപ്പുഴ: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ പാ‍‍ർ‍ട്ടിയിലെ എതിർ വിഭാഗത്തിനെതിരെ വെടിപൊട്ടിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. ആത്മാർത്ഥമായി പ്രവർ‍ത്തിച്ചവർക്ക് നന്ദിയുണ്ടെന്നും ബാക്കി കാര്യങ്ങൾ ഫലപ്രഖ്യാപനം കഴിഞ്ഞ് പറയാമെന്നുമാണ് ശോഭാ സുരേന്ദ്രൻെറ മുന്നറിയിപ്പ്. ഇന്ന് ആലപ്പുഴയിൽ ചേർന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു പ്രവർത്തനത്തിലെ പാളിച്ചകളെ കുറിച്ച് സൂചന നൽകികൊണ്ട് സംസാരിച്ചത്.
ആലപ്പുഴ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥി വി. മുരളീധരൻെറ ഇടപെടൽ നടന്നുവെന്ന് ആരോപണം ഉയർന്ന കമ്മിറ്റിയിലാണ് ശോഭ സുരേന്ദ്രൻ ഇങ്ങനെ പറഞ്ഞത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ജില്ലയിൽ നിന്നുളള ബി.ജെ.പി ദേശീയ കൗൺസിൽ അംഗങ്ങളായ നേതാക്കളാണ് ആലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രവർ‍ത്തനത്തിൽ അനാവശ്യ ഇടപെടൽ നടന്നുവെന്ന ആരോപണം ഉന്നയിച്ചതെന്നാണ് യോഗത്തിൽ പങ്കെടുത്ത മറ്റ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന വിവരം.

മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മുഖ്യചുമതല വഹിച്ച ജില്ലയിലെ വിശ്വസ്തൻ വഴിയാണ് വി. മുരളീധരൻ ഇടപെട്ടതെന്നാണ് ആക്ഷേപം. ഇത്തരം അനാവശ്യ ഇടപെടൽ അനുവദിക്കാൻ പാടില്ലായിരുന്നു. അത് തിരിച്ചറിഞ്ഞ് തടയുന്നതിൽ നേതൃത്വത്തിന് വലിയ വീഴ്ച  സംഭവിച്ചുവെന്നും യോഗത്തിൽ ആക്ഷേപമുയർന്നു.

 തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ ഗുരുതരമായ പാളിച്ചകളും യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു.1331 ബൂത്തുകളുളള മണ്ഡലത്തിൽ 326 ബൂത്തുകൾ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചില്ല. സ്ഥാനാർത്ഥി രംഗത്തിറങ്ങി 14 ദിവസം പിന്നിട്ട ശേഷമാണ് ഈ ബൂത്തുകളിൽ പോസ്റ്ററുകൾ പോലും ഒട്ടിച്ചു തുടങ്ങിയത്. ആദ്യഘട്ടത്തിൽ ഈ ബൂത്തുകളിൽ ഒരു പ്രവർത്തനവും നടന്നില്ല. വിഷയം ശ്രദ്ധയിൽ പെട്ടതോടെ ആർ.എസ്.എസ് നേതൃത്വം റിപ്പോർട്ട് നൽകി. ഇതിന് ശേഷമാണ് പോസ്റ്റർ ഒട്ടിക്കാൻ തുടങ്ങിയത്. അപ്പോഴേക്കും മറ്റ്   സ്ഥാനാർത്ഥികളുടെ പോസ്റ്ററും ഫ്ലക്സും നിറഞ്ഞിരുന്നുവെന്നുമാണ് യോഗത്തിൽ ഉയർന്ന വിമർശനം.
സ്ഥാനാർത്ഥിയുടെ മാനേജരെ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് നേതൃത്വം നൽകിയവർ അവഗണിച്ചുവെന്നും യോഗത്തിൽ ആക്ഷേപം ഉയർന്നു. എല്ലാവരും വാഹനങ്ങളിൽ കറങ്ങിയപ്പോൾ സ്ഥാനാർത്ഥിയുടെ മാനേജർക്ക് വാഹനം പോലും നൽകിയില്ല. വാഹനം കിട്ടാതെ അലയേണ്ടിവന്ന മാനേജർ പലപ്പോഴും സ്ഥാനാർത്ഥിയുടെ വാഹനത്തിൽ കയറിയാണ് ബന്ധപ്പെട്ട സ്ഥലങ്ങളിൽ എത്തിയതെന്നും വിമർശകർ ആരോപിച്ചു. ബി.ജെ.പിയുടെ മണ്ഡലങ്ങളുടെ ചുമതലയുളള കോർ ഗ്രൂപ്പ് അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ , മണ്ഡലത്തിൻെറ ചുമതലയുളള സംസ്ഥാന ജനറൽ സെക്രട്ടറിമാർ എന്നിവർ  പങ്കെടുത്ത യോഗത്തിലാണ് ഈ ആക്ഷേപങ്ങളത്രയും ഉയർന്നത്.
ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലെ പോളിങ്ങിൻെറയും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൻെറയും  അവലോകനമായിരുന്നു യോഗത്തിൻെറ അജണ്ട. ആർ.എസ്.എസ്. പ്രതിനിധികളാരും യോഗത്തിൽ പങ്കെടുത്തില്ല. യോഗത്തിന് മുൻപ് എത്തി റിപ്പോർട്ട് കൈമാറിയ ശേഷം ആർ‍.എസ്.എസ് പ്രതിനിധികൾ മടങ്ങുകയാണ് ഉണ്ടായത്.

 തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ പോരായ്മകളും പ്രശ്നങ്ങളും തുറന്നു കാണിക്കപ്പെട്ട യോഗം ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ വിജയിക്കുമെന്ന വിലയിരുത്തലിലാണ് എത്തിചേർന്നത്.

 മണ്ഡലത്തിൽ മോദി തരംഗവും ശോഭാ തരംഗവും പ്രകടമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ പ്രതീക്ഷ പുലർത്തുന്നത്. 1400083 വോട്ടർമാരുളള മണ്ഡലത്തിൽ പത്ത് ലക്ഷത്തിൽ പരം വോട്ടാണ് പോൾ ചെയ്തത്. മോദി- ശോഭാ തരംഗത്തിൻെറ ബലത്തിൽ മൂന്നേകാൽ ലക്ഷം മുതൽ മൂന്നേമുക്കാൽ ലക്ഷം വോട്ടുകൾ എൻ.‍ഡി.എ സ്ഥാനാർത്ഥിക്ക് ലഭിക്കുമെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടൽ. പ്രതീക്ഷിക്കാത്ത മേഖലകളിൽ നിന്ന് നല്ല പിന്തുണ ലഭിച്ചതായും യോഗം വിലയിരുത്തി. തീര ദേശത്തെ ധീവര, ലത്തീൻ കത്തോലിക്ക വോട്ടർമാരിൽ ശോഭക്ക് കാര്യമായ പിന്തുണ ലഭിച്ചെന്ന ആത്മവിശ്വാസമാണ് ഈ വിലയിരുത്തലിൻെറ അടിസ്ഥാനം.                                                         

By admin

Leave a Reply

Your email address will not be published. Required fields are marked *