കോട്ടയം: ഇടത് കോട്ടകളില്‍ കടന്നു കയറ്റം. യു.ഡി.എഫ് നിയമസഭാ മണ്ഡലങ്ങളില്‍ ഉയര്‍ന്ന ഭൂരിപക്ഷം.കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ് അറുപതിനായിരത്തിനും എണ്‍പതിനായിരത്തിനും ഇടയ്ക്കുള്ള ഭൂരിപക്ഷത്തില്‍ വിജയം നേടുമെന്ന് യു.ഡി.എഫ് കോട്ടയം പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര ഇലക്ഷന്‍ കമ്മറ്റി യോഗത്തില്‍ വിലയിരുത്തല്‍. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ പരിധിയില്‍ വരുന്ന പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, പാലാ, പിറവം, ഏറ്റുമാനൂര്‍ തുടങ്ങിയ ആറ് അസംബ്ലി മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജ് ഭൂരിപക്ഷം നേടുമെന്നു നേതൃയോഗം വിലയിരുത്തി. വൈക്കം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നേരിയ ഭൂരിപക്ഷം നേടുമെങ്കിലും മുന്‍പുള്ള കാലഘട്ടത്തെക്കാള്‍ മെച്ചപ്പെട്ട വോട്ടിങ് നിലവാരം യു.ഡി.എഫിനു ലഭിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ സ്വീകാര്യതയും യു.ഡി.എഫിന് അനുകൂല ഘടകമായിരുന്നു. വികസന മുരടിപ്പിന്റെ തകര്‍ച്ചയില്‍നിന്നു കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തെ മോചിപ്പിക്കുന്നതിന് ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ പരാജയവും യു.ഡി.എഫിന്റെ വിജയവും ജനങ്ങള്‍ അനിവാര്യമായി കണക്കാക്കിയതായി യോഗം വിലയിരുത്തി.
എന്നാല്‍, ഇടതിന്റെ മുഴുവന്‍ വോട്ടുകളും പെട്ടിയിലായെന്നും പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചില്‍ വിജയത്തെ സ്വാധീനിക്കില്ലെന്നുമാണ് എല്‍.ഡി.എഫ് വിലയിരുത്തല്‍.
എല്ലാം നിയോജക മണ്ഡലങ്ങളിലും ഭൂരിപക്ഷം ലഭിക്കുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നില്ല. മികച്ച വിജയം ഉറപ്പാണെന്ന വിശ്വാസത്തിലാണ് എല്‍.ഡി.എഫ്. തങ്ങളുടെ വോട്ടര്‍മാരെല്ലാം ബൂത്തികളിലെത്തിയതായി കോട്ടയത്ത് എല്‍.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി വിലയിരുത്തുകയും ചെയ്തിരുന്നു. ഒപ്പം പല വട്ടം മുന്നണിയും പാര്‍ട്ടിയും മാറിയ ഒരാളെ കോട്ടയത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും എല്‍.ഡി.എഫ് പറയുന്നു. തോമസ് ചാഴികാടന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന ശുഭപ്രതീക്ഷയാണ് എല്‍.ഡി.എഫിനുള്ളത്.
ക്ലീന്‍ ഇമേജും എം.പിയെന്ന നിലയിലുള്ള ചാഴികാടന്റെ പ്രവര്‍ത്തനവും നിഷ്പക്ഷ വോട്ടുകള്‍ വരെ ലഭിക്കാനിടയാക്കിയെന്നും എല്‍.ഡി.എഫ് പറയുന്നു. തുഷാര്‍ പിടിക്കുന്ന വോട്ടുകള്‍ യു.ഡി.എഫിനെയും ബാധിക്കുമെന്നുമാണ് എല്‍.ഡി.എഫ് കണക്കുകൂട്ടുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന പി.സി തോമസ് 155135 വോട്ട് (17.04ശതമാനം) പിടിച്ചിരുന്നു. ഇക്കുറി തുഷാര്‍ വോട്ടുവിഹിതം ഉയര്‍ത്തുമെന്ന് ഇരുമുന്നണി നേതൃത്വങ്ങള്‍ക്കും ആശങ്കയുണ്ട്.