ന്യൂഡല്‍ഹി: ഇറാന് പിടിച്ചെടുത്ത ഇസ്രായേലി ബന്ധമുള്ള കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. ഹോർമുസ് കടലിടുക്കിൽ വെച്ച് ഇറാൻ്റെ റെവല്യൂഷണറി ഗാർഡുകൾ പിടിച്ചെടുത്ത ഇസ്രായേലുമായി ബന്ധമുള്ള എംഎസ്സി ഏരീസ് കപ്പിലെല ജീവനക്കാരെ വിട്ടയച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയനാണ് വ്യക്തമാക്കിയത്.
17 ഇന്ത്യക്കാരുള്‍പ്പെടെ 25 ജീവനക്കാരുള്ള കപ്പില്‍ ഏപ്രില്‍ 13നാണ് പിടിച്ചെടുത്തത്. കപ്പലിലെ മലയാളി വനിത ആന്‍ ടെസ്സ ജോസഫിനെ ഏപ്രില്‍ 18ന് വിട്ടയച്ചിരുന്നു. ആന്‍ ടെസയെ കൂടാതെ കപ്പലില്‍ മൂന്ന് മലയാളികളാണുള്ളത്.
മാനുഷിക പരിഗണനയുടെ ഭാഗമായാണ് ജീവനക്കാരെ വിട്ടയച്ചതെന്നാണ് ഇറാന്റെ വിശദീകരണം. ക്യാപ്റ്റനടക്കമുള്ള ജീവനക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ അനുവദിക്കും. എന്നാലും കപ്പലിന്റെ നിയന്ത്രണം ഇറാന് തുടരും.
ഇന്ത്യൻ ജീവനക്കാരുടെ മടങ്ങിവരവ് കരാർ ബാധ്യതകൾ ഉൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിരന്തരം ഇറാനുമായി ആശയവിനിമയം നടത്തിയിരുന്നു.
പിടിച്ചെടുത്ത കപ്പൽ ഇറാൻ്റെ സമുദ്രാതിർത്തിയിൽ തങ്ങളുടെ റഡാർ പ്രവർത്തനരഹിതമാക്കിയെന്നും ഇത് നാവിഗേഷൻ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇറാൻ ആരോപിച്ചു.