22 കോടി കിലോമീറ്റർ ദൂരത്ത് നിന്ന് ഭൂമിയിലേക്കൊരു ലേസർ സി​ഗ്നൽ, ‘സൈക്ക്’ പണി തുടങ്ങിയെന്ന് നാസ

ന്യൂയോർക്ക്: ബഹിരാകാശത്തുനിന്ന് ഭൂമിയിലേക്ക് നി​ഗൂഢമായ ലേസർ സി​ഗ്നൽ ലഭിച്ചതായി നാസ.  നാസയുടെ പുതിയ ബഹിരാകാശ പേടകമായ ‘സൈക്കി’ൽ നിന്നാണ് ഏകദേശം 140 ദശലക്ഷം മൈൽ അകലെ നിന്ന് ഉത്ഭവിച്ച സിഗ്നൽ ഭൂമിയിലെത്തിയത്.  2023 ഒക്‌ടോബറിലായിരുന്നു ഛിന്ന​ഗ്ര​ഹമായ സൈക്ക് -16ലേക്ക് നാസ പേടകം അയച്ചത്. സൗരയൂഥത്തിലെ അപൂർവമായ ലോഹം കൊണ്ടാണ് ഛിന്ന​ഗ്രഹം നിർമിക്കപ്പെട്ടിരിക്കുന്നതത്. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള വലയത്തിലാണ് ഈ ഛിന്നഗ്രഹം സ്ഥിതി ചെയ്യുന്നത്. ഛിന്ന​ഗ്രഹത്തിന്റെ പേര് തന്നെയാണ് പേടകത്തിനും നൽകിയിരിക്കുന്നത്. ലേസർ വികിരണങ്ങൾ പഠിക്കുകയും ദൗത്യത്തിന്റെ ലക്ഷ്യമാണ്. 

ബഹിരാകാശത്തെ വലിയ ദൂരങ്ങളിൽ നിന്ന് ലേസർ ആശയവിനിമയം സാധ്യമാക്കാനായി ഡീപ് സ്പേസ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻസ് (ഡിഎസ്ഒസി) സിസ്റ്റം സൈക്കിയിൽ സജ്ജീകരിച്ചിരിക്കുന്നു.  സൈക്ക് പ്രാഥമികമായി റേഡിയോ ഫ്രീക്വൻസിയാണ് ആശയവിനിമയത്തിനായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻസ് സാങ്കേതികവിദ്യയിലും മേന്മ തെളിയിച്ചിട്ടുണ്ട്. നിലവിൽ ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിൻ്റെ 1.5 മടങ്ങ് ദൂരത്തിൽ നിന്നാണ് ലേസർ രശ്മികൾ ഭൂമിയിലേക്കയച്ചത്.

സൈക്കിയുടെ റേഡിയോ ട്രാൻസ്മിറ്ററുമായി ഡിഎസ്ഒസി വിജയകരമായി പ്രവർത്തിക്കുകയും ബഹിരാകാശ പേടകത്തിൽ നിന്ന് നേരിട്ട് ഭൂമിയിലേക്ക് വിവരങ്ങൾ കൈമാറാനാകുകയും ചെയ്യുമെന്ന് സതേൺ കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ (ജെപിഎൽ) പ്രൊജക്ട് ഓപ്പറേഷൻ ലീഡറായ മീര ശ്രീനിവാസൻ പറഞ്ഞു. ഏപ്രിൽ എട്ടിനാണ് ഡാറ്റ ലേസർ കമ്മ്യൂണിക്കേഷൻ വഴിയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഏപ്രിൽ 8-ന് നടന്ന പരീക്ഷണത്തിനിടെ, പരമാവധി 25 Mbps എന്ന നിരക്കിൽ പേടകം വിജയകരമായി ടെസ്റ്റ് ഡാറ്റ കൈമാറ്റം ചെയ്തു. 

By admin