2023 ൽ ഇന്ത്യയിൽ വിറ്റത് 94 കോടി സിനിമാ ടിക്കറ്റുകൾ! തെന്നിന്ത്യന്‍ സിനിമയിൽ വളര്‍ച്ച മലയാളത്തിന് മാത്രം
ഹോളിവുഡ് കഴിഞ്ഞാല്‍ ലോകത്തെ തന്നെ പ്രധാന സിനിമാ വ്യവസായമാണ് ഇന്ത്യന്‍ സിനിമ. ഒരുകാലത്ത് വിദേശികളായ മുഖ്യധാരാ സിനിമാപ്രേമികളെ സംബന്ധിച്ച് ഇന്ത്യന്‍ സിനിമയെന്നാല്‍ ഹിന്ദി സിനിമ മാത്രമായിരുന്നെങ്കില്‍ ഇന്ന് ആ ചിത്രം മാറി. തെന്നിന്ത്യന്‍ സിനിമ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടുമ്പോള്‍ വളര്‍ച്ചയുടെ പാതയില്‍ മലയാളവുമുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്‍റെ സമീപകാലങ്ങളിലെ ട്രെന്‍ഡ് മനസിലാക്കിത്തരുന്ന ഒരു റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തിറക്കിയ 2023 ലെ വാര്‍ഷിക റിപ്പോര്‍ട്ട് ആണിത്.
ഇവരുടെ കണക്ക് പ്രകാരം ഇന്ത്യയില്‍ സിനിമ കാണുന്നവരുടെ എണ്ണം 15.7 കോടിയാണ്. 2023 ലെ കണക്ക് അനുസരിച്ചാണ് ഇത്. മുന്‍ വര്‍ഷത്തേക്കാള്‍ 29 ശതമാനം വളര്‍ച്ചയാണ് ഇതെന്ന് മാത്രമല്ല, കൊവിഡ് കാലത്തിന് മുന്‍പുള്ള അവസ്ഥയേക്കാള്‍ 8 ശതമാനം വളര്‍ച്ചയുമാണ്. എന്നാല്‍ 15.7 കോടി എന്ന് പറഞ്ഞാലും ഇന്ത്യന്‍ ജനസംഖ്യയുടെ 11.1 ശതമാനം മാത്രമേ ആവുന്നുള്ളൂ. എന്നാല്‍ 2023 ല്‍ ഇന്ത്യയില്‍ വിറ്റ സിനിമാ ടിക്കറ്റുകളുടെ എണ്ണം 94.2 കോടിയാണ്.
അതായത് ഇന്ത്യയിലെ ഒരു സിനിമാപ്രേമി 2023 ല്‍ ശരാശരി 6 സിനിമ വീതം കണ്ടിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ ഏറ്റവും വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത് ബോളിവുഡ് ആണ്. 2022 നെ അപേക്ഷിച്ച് 58 ശതമാനം വളര്‍ച്ചയാണ് 2023 ല്‍ ഹിന്ദി സിനിമ നേടിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമ എടുത്താല്‍ മലയാളം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയം.
2022 നെ അപേക്ഷിച്ച് 2023 ല്‍ പ്രേക്ഷകരുടെ എണ്ണത്തില്‍ മോളിവുഡ് രേഖപ്പെടുത്തിയിരിക്കുന്നത് 19 ശതമാനം വളര്‍ച്ചയാണ്. അതേസമയം തമിഴ് സിനിമ 3 ശതമാനവും തെലുങ്ക് സിനിമ 6 ശതമാനവും കന്നഡ സിനിമ 9 ശതമാനവും കുറവാണ് കാണികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.