വാകത്താനം: കോണ്‍ക്രീറ്റ് കമ്പനിയില്‍ സഹപ്രവര്‍ത്തകനായ ആസാം സ്വദേശിയെ ജെ.സി.ബി ഉപയോഗിച്ചു വേസ്റ്റ് കുഴിക്കുള്ളില്‍ താഴ്ത്തി കൊലപ്പെടുത്തിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ പാണ്ടി ദുരൈ (29) ആണു വാകത്താനം പോലീസ് അറസ്റ്റു ചെയ്തത്. വാകത്താനം ഭാഗത്ത് ഇരുവരും ജോലി ചെയ്തിരുന്ന കോണ്‍ക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ ഇതേ കമ്പനിയിലെ ഹെല്‍പ്പറായി ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ ലേമാന്‍ കിസ്‌കി (19)നെ കമ്പനിയിലെ വേസ്റ്റ് കുഴിക്കുള്ളില്‍ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.
ഏപ്രില്‍ 28 നു വാകത്താനം ഭാഗത്തുള്ള പ്രീഫാബ്  കോണ്‍ക്രീറ്റ് കമ്പനിയിലെ വേസ്റ്റ് കുഴിയില്‍ യുവാവിനെ മരിച്ച നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്നു വാകത്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അസ്വഭാവിക മരണത്തിനു കേസെടുത്ത് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ ഇതു കൊലപാതകമാണെന്നു കണ്ടെത്തി
ഏപ്രില്‍  26 നു ജോലിക്കെത്തിയ യുവാവ് മിക്‌സര്‍ മെഷീനുള്ളില്‍ ക്ലീന്‍ ചെയ്യാന്‍ ഇറങ്ങിയ സമയം പാണ്ടി ദുരൈ മെഷീന്റെ സ്വിച്ച് ഓണ്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നു ഗുരുതുര പരുക്കുകളോടെ മെഷീനുള്ളില്‍ നിന്നു താഴെ വീണ യുവാവിനെ  ജെ.സി.ബി ഉപയോഗിച്ചു കമ്പനിയുടെ വേസ്റ്റ് കുഴിയില്‍ താഴ്ത്തുകയായിരുന്നു.
ഇതിനുശേഷം പ്രതി കമ്പനിയില്‍ സ്ലേറി  വേസ്റ്റ് സൂക്ഷിച്ചിരുന്ന സ്ഥലത്തെത്തി ജെ.സി.ബി കൊണ്ട് ഈ വേസ്റ്റ് ടിപ്പറിലാക്കിയതിനു ശേഷം യുവാവ് കിടന്നിരുന്ന വേസ്റ്റ് കുഴിയിലേക്കു തള്ളുകയും ചെയ്തു. പിന്നീട് രണ്ടു ദിവസത്തിനുശേഷം മൃതദേഹം കൈ ഉയര്‍ന്ന നിലയില്‍ വേസ്റ്റ് കുഴിക്കുള്ളില്‍ കണ്ടെത്തിയതോടെയാണ് മരണ വിവരം പുറത്തറിയുന്നത്.
ഇതിനിടെ യുവാവിനെ കാണാനില്ലെന്ന പരാതിയും ഉണ്ടായിരുന്നു.  കമ്പനിയിലെ ഇലക്ട്രിക്കല്‍ വര്‍ക്ക് കൂടി ചെയ്തിരുന്ന പാണ്ടി ദുരൈ,  സംഭവസമയത്ത് സംഭവസ്ഥലത്തെ സി.സി.ടി.വി ഇന്‍വെര്‍ട്ടര്‍ തകരാര്‍ ആണെന്നു  പറഞ്ഞ്  ഓഫ് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed