തിരുവനന്തപുരം: തിരുവനന്തപുരം ഉൾപ്പെടെ മൂന്ന് സീറ്റുകളിൽ വിജയം പ്രതീക്ഷിച്ച് സി.പി.ഐ. 2009 മുതൽ മൂന്നാം സ്ഥാനത്ത് പോയിക്കൊണ്ടിരിക്കുന്ന തലസ്ഥാന മണ്ഡലത്തിൽ ഇക്കുറി നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്നാണ് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിൻെറ വിലയിരുത്തൽ. പാർട്ടി മത്സരിച്ച നാല് സീറ്റുകളിൽ തിരുവനന്തപുരം മണ്ഡലത്തിന് പുറമേ തൃശൂരിലും മാവേലിക്കരയിലും കൂടി വിജയിക്കാനാകുമെന്നാണ് സിപിഐയുടെ കണക്കുകൂട്ടല്‍. തൃശൂരിൽ വി.എസ്.സുനിൽ കുമാറും മാവേലിക്കരയിൽ യുവനേതാവ് സി.എ.അരുൺകുമാറുമാണ് മത്സരിച്ചത്.
ദേശിയ എക്സിക്യൂട്ടിവ് അംഗം ആനിരാജ മത്സരിച്ച വയനാട്ടിൽ തോൽക്കുമെങ്കിലും രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ തവണത്തെ നാലര ലക്ഷത്തിൻെറ ഭൂരിപക്ഷം ലഭിക്കില്ലെന്നും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തുന്നു. സി.പി.എം വിലയിരുത്തൽ പോലെ സംസ്ഥാനത്ത് 12 സീറ്റുകൾ വരെ എൽ.ഡി.എഫിന് ലഭിക്കാം എന്നാണ് സി.പി.ഐയുടെയും കണക്ക്.
എന്നാൽ സി.പി.എം വിജയ പ്രതീക്ഷ പുലർത്തിയ മണ്ഡലങ്ങളിൽ തിരുവനന്തപുരം സീറ്റ് ഇല്ലായിരുന്നു. ആലപ്പുഴയും കോട്ടയവും വിജയിക്കാൻ ഇടയില്ലെന്ന സി.പി.എം കണക്കും സി.പി.ഐ ശരിവെയ്ക്കുന്നുണ്ട്.
ഈ മണ്ഡലങ്ങളിൽ അത്യന്തം വാശിയേറിയ മത്സരം ആയിരുന്നെങ്കിലും അവസാന ഘട്ടത്തിൽ എതിരാളികൾക്ക് മേൽക്കൈ ലഭിച്ചുവെന്നാണ് സി.പി.ഐയുടെ വിലയിരുത്തൽ.ശക്തമായ ത്രികോണ മത്സരമാണ് നടന്നതെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിൻെറ വോട്ടുകൾ ഭിന്നിച്ച്പോയതിനാൽ വിജയ സാധ്യതയുണ്ടെന്നാണ് തിരുവനന്തപുരം ജില്ലാ കൗൺസിൽ സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്ന റിപോർട്ട്.
പോളിങ്ങ് ശതമാനം കുറഞ്ഞതും സി.പി.ഐ ജില്ലാ നേതൃത്വം ശുഭസൂചനയായി കാണുന്നു. മുന്നണിക്ക് ലഭിക്കേണ്ട വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുളളതിനാൽ പോളിങ്ങ് ശതമാനത്തിലെ കുറവ് യു.ഡി.എഫിനെയും ബി.ജെ.പിയേയുമാണ് ദോഷകരമായി ബാധിക്കുക എന്നാണ് സി.പി.ഐയുടെ വിലയിരുത്തൽ. 66.47 ശതമാനമാണ് തിരുവനന്തപുരത്തെ ഇത്തവണത്തെ പോളിങ്ങ്.
ശശി തരൂരിന് എതിരെ കോൺഗ്രസിൽ നിന്ന് ശക്തമായ നീക്കങ്ങൾ ഉണ്ടായി. മുൻ യൂത്ത് കോൺഗ്രസ് നേതാവിനെ മത്സരിപ്പിച്ചതിന് പിന്നിൽ ബി.ജെ.പിയുടെ ഇടപെടൽ സംശയിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് വോട്ടുകൾ ചോർന്നിട്ടുണ്ടെന്ന് സി.പി.ഐ ഉറപ്പിക്കുന്നു.
തുടർച്ചയായി നാലാം തവണ മത്സരിക്കുന്ന ശശി തരൂരിന് പഴയ പ്രതിഛായയോ അനുകൂല തരംഗമോ ഇല്ലെന്നതും അനുകൂല ഘടകമായി സി.പി.ഐ കാണുന്നുണ്ട്. മുൻ തിരഞ്ഞെടുപ്പുകളെക്കാൾ വലിയ യോജിപ്പും പിന്തുണയും സി.പി.എമ്മിൽ ലഭിച്ചതും തലസ്ഥാന മണ്ഡലത്തിൽ ഉറച്ച വിജയപ്രതീക്ഷ പുലർത്താൻ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നുണ്ട്. പന്ന്യൻെറ സ്ഥാനാർത്ഥിത്വമാണ് ഇതിന് സഹായകമായത്.
2005ൽ മണ്ഡലത്തിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച പന്ന്യൻ രവീന്ദ്രന് പ്രതികൂല ഘടകങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. വിശ്വ പൗരനോടും വലിയ ടെക്നോക്രാറ്റിനോടും മത്സരിച്ച പന്ന്യൻെറ സാധാരണക്കാരൻ എന്ന പ്രതിഛായയും ലാളിത്യവും ഇടതുവോട്ടർമാരിലും പൊതുസമൂഹത്തിലും ചലനം ഉണ്ടാക്കി. ഈ ഘടകകങ്ങളെല്ലാം കൂടി ചേരുമ്പോൾ പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയിലുളള ഭൂരിപക്ഷത്തിന് പന്ന്യൻ രവീന്ദ്രന് തിരുവനന്തപുരത്ത് വിജയിക്കാനാകുമെന്നാണ് സി.പി.ഐയുടെ പ്രതീക്ഷ.