ഒരേ സൂപ്പര്‍മാര്‍ക്കറ്റില്‍ 4 തവണ കയറിയ കള്ളൻ; സിസിടിവിയില്‍ പതിഞ്ഞിട്ടും പിടി കിട്ടിയില്ല
കണ്ണൂര്‍: ഒരേ സൂപ്പര്‍മാര്‍ക്കറ്റില്‍ നാല് തവണ കയറിയിട്ടും, സിസിടിവിയില്‍ മുഖം പതിഞ്ഞിട്ടും പൊലീസിന്‍റെ കൺവെട്ടത്ത് എത്താതെ ‘മിടുക്കൻ’ കളിക്കുകയാണ് പയ്യന്നൂരിലൊരു കള്ളൻ. ഈ ബുധനാഴ്ചയാണ് അവസാനമായി ഇയാള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയത്. അന്ന് കൗണ്ടറില്‍ നിന്ന് 25,000 രൂപയും കവര്‍ന്നു.
പണം കഴിഞ്ഞാല്‍ പിന്നെ ഈ കള്ളന് പ്രിയം പെര്‍ഫ്യൂമുകളോടും, ഷാമ്പൂ പോലുള്ള ഉത്പന്നങ്ങളുമാണത്രേ. ആയിരക്കണക്കിന് രൂപയുടെ ഇത്തരം ഉത്പന്നങ്ങളാണ് ഇയാളിവിടെ നിന്ന് മോഷ്ടിച്ചിട്ടുള്ളത്.
സിസിടിവി വീഡിയോയില്‍ ഇയാള്‍ കൗണ്ടറില്‍ നിന്നുകൊണ്ട് ഡ്രിങ്ക്സ് കഴിക്കുന്നത് കാണാം. സിസിടിവി ക്യാമറയെ നേരെ നിന്ന് നോക്കിയാണ് ഡ്രിങ്ക്സ് കഴിക്കുന്നത്. വളരെ ലാഘവത്തോടെ അകത്തേക്ക് മോഷണത്തിനായി നടന്നുപോകുന്നതും കാണാം.
മോഷണത്തിന് ശേഷം സിസിടിവി ദൃശ്യം പരിശോധിച്ച സൂപ്പര്‍മാര്‍ക്കറ്റ് ഉടമസ്ഥര്‍ ഇയാളെ തിരിച്ചറിയുകയായിരുന്നു. മുമ്പ് മൂന്ന് തവണ കയറിയ അതേയാള്‍ എന്ന തിരിച്ചറിയല്‍ ഇവര്‍ക്കും ഞെട്ടലായി. നേരത്തെ വെന്‍റിലേറ്റര്‍ ഇളക്കിയാണ് കള്ളൻ അകത്തുകയറിയതെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് അത് ഭദ്രമായി അടച്ചതാണ്. ഇക്കുറി പക്ഷേ ഷീറ്റിളക്കിയാണ് അകത്തുകയറിയിരിക്കുന്നത്.
ആളെ കൃത്യമായി കണ്ടിട്ടും കവര്‍ച്ച ആവര്‍ത്തിച്ചിട്ടും പയ്യന്നൂര്‍ പൊലീസിന് ഇതുവരെ ഇയാളെ പിടികൂടാനായില്ല എന്നതാണ് പരാജയം. പൊലീസിനും ഇത് വല്ലാത്ത തലവേദന ആയെന്ന് പറയാം.
Also Read:- കോഴിക്കോട് ജില്ലയില്‍ 2 മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-