തിരുവനന്തപുരം: കേരളത്തിൻെറ ചുമതലയുളള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ എൽ.ഡി. എഫ് കൺവീനർ ഇ.പി.ജയരാജൻെറ നടപടിയിൽ സി.പി.ഐ അതൃപ്തി അറിയിക്കും. ഇന്ന് ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൻേറതാണ് തീരുമാനം. മുന്നണിയുടെ രാഷ്ട്രീയ നയത്തിനും നിലപാടിനും വിരുദ്ധമായി ബി.ജെ.പിയുടെ നേതൃ തലത്തിലുളളയാളുമായി കൂടിക്കാഴ്ച നടത്തിയത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് സി.പി.ഐയുടെ നിലപാട്. ഇതാണ് മുന്നണിയെ നയിക്കുന്ന സി.പി.എമ്മിനെ അതൃപ്തി അറിയിക്കാൻ തീരുമാനിച്ചത്.
എന്നാൽ ഈ വിഷയം ഒരു പൊതു ചർച്ചയാക്കി മുന്നണിയിൽ ഭിന്നത എന്ന പ്രതീതി ജനിപ്പിക്കേണ്ടതില്ലെന്നും സി.പി.ഐ തീരുമാനിച്ചിട്ടുണ്ട്. സി.പി.എം – സി.പി.ഐ സംസ്ഥാന സെക്രട്ടറിമാർ തമ്മിൽ വിഷയം ചർച്ച ചെയ്താൽ മതിയെന്നാണ് സംസ്ഥാന എക്സിക്യൂട്ടിവിൽ ഉണ്ടായ ധാരണ. മറ്റ് പൊതു ചർച്ചകൾ ഒഴിവാക്കണമെന്ന് എല്ലാ എക്സിക്യൂട്ടിവ് അംഗങ്ങളോടും നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവിൽ അംഗങ്ങൾ വിഷയം ഉന്നയിച്ചെങ്കിലും  നേതൃത്വം ഇടപെട്ട് ചർച്ച  വിലക്കുകയായിരുന്നു.

 കാനത്തിൻെറ കാലത്ത് തുടക്കമിട്ട  പ്രശ്നങ്ങൾ  പാർട്ടി സംസ്ഥാന സെക്രട്ടറിമാർ ചർച്ച ചെയ്യുന്ന കീഴ്വഴക്കം തുടരാനാണ് തീരുമാനം. മുന്നണിയോഗത്തിലും വിഷയം പൊതുവായി ഉന്നയിക്കേണ്ടതില്ലെന്നാണ് തീരുമാനം.

മുന്നണി യോഗത്തിൽ പ്രശ്നം ഉന്നയിച്ചാൽ മാധ്യമങ്ങൾക്ക് വിവരം ചോർന്ന് കിട്ടുമെന്നാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻെറ ഭയപ്പാട്. എന്നാൽ സംസ്ഥാന എക്സിക്യൂട്ടീവിലെ വിവരങ്ങൾ അപ്പടി ചോരുന്നതിൽ സംസ്ഥാന സെക്രട്ടറി ആരെ പഴിക്കുമെന്നാണ് പാർട്ടി നേതാക്കളുടെ അടക്കത്തിലുളള പരിഹാസം.
ബി.ജെ.പി പ്രവേശനത്തിന് ശ്രമിച്ചെന്ന വെളിപ്പെടുത്തലോടെ വിവാദത്തിലായ എൽ.‍‍ഡി.എഫ് കൺവീനർ ഇ.പി.ജയരാജനെ തൽക്കാലം സംരക്ഷിച്ചുകൊണ്ടുപോകാനാണ് സി.പി.എം ശ്രമിക്കുന്നതെങ്കിലും മുന്നണിയിലെ ഘടകകക്ഷികൾക്കിടയിൽ അതൃപ്തി പുകയുകയാണ്. സി.പി.ഐക്ക് മാത്രമല്ല അമർഷവും എതിർപ്പുമുളളത്. സാധാരണ മുന്നണിയിലെ പൊതുകോലാഹലങ്ങളിൽ കക്ഷിചേരാത്ത, പ്രതികരണങ്ങളിൽ മിതത്വം പുലർത്തുന്ന കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ്.കെ.മാണിയും മൗനം ഭേദിച്ച് അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. എം.വി.ശ്രേയാംസ് കുമാറിൻെറ ഏറ്റവും പുതിയ പാർട്ടിയായ ആർ.ജെ.ഡിയും ജയരാജൻ- ജാവദേക്കർ ചർച്ചയെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്.  

ബി.ജെ.പി നേതൃത്വവുമായി ചർച്ച നടത്തിയെന്ന് സ്വയം സ്ഥിരീകരിച്ച ജയരാജൻ മുന്നണി കൺവീനർ സ്ഥാനത്ത് തുടരുന്നത് വൻ തിരിച്ചടിയാകുമെന്നാണ് മിക്ക ഘടകകക്ഷികളുടെയും നിലപാട്‌.

ബി.ജെ.പി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിലൂടെ, ജയരാജൻ മുന്നണിയുടെ സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിൻെറ അന്തസത്ത തന്നെ ചോർത്തി കളഞ്ഞുവെന്നാണ് ഘടകകക്ഷി നേതാക്കൾ ചൂണ്ടികാട്ടുന്നത്. സി.പി.ഐ സന്നദ്ധനമായില്ലെങ്കിലും മറ്റ് ഘടകകക്ഷികൾ ഇക്കാര്യം മുന്നണിയോഗത്തിൽ ഉന്നയിക്കാൻ തയാറായേക്കും. ഇനി തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ മാത്രമേ മുന്നണി യോഗം ചേരാനിടയുളളു.
ബി.ജെ.പിയുടെ കേരളത്തിലെ പ്രഭാരി പ്രകാശ് ജാവദേക്കറുമായി ആക്കുളത്തെ മകൻെറ ഫ്ളാറ്റിൽ വെച്ച് ഇ.പി. ജയരാജന്‍ നടത്തിയ കൂടിക്കാഴ്ച തീർത്തും യാദൃശ്ചികം മാത്രമാണെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ന്യായീകരിച്ചത്. എന്നാൽ യാദൃശ്ചികമാണെന്ന ന്യായീകരണം ഘടകകക്ഷികൾക്ക് ദഹിച്ചിട്ടില്ല. വിവാദ ദല്ലാൾ, ടി.ജി.നന്ദകുമാറുമായി ഇ.പി.ജയരാജന് സാധാരണയിൽ കവിഞ്ഞ ബന്ധമുണ്ടെന്ന് ഘടകക്ഷി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ഇത് സംശയകരമായ ബന്ധമായി കണക്കാക്കണമെന്നും അവർ പറയുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇ.പിക്ക് എതിരെ സി.പി.എം നടപടിയെടുത്തേക്കുമെന്നാണ് സൂചന.

By admin

Leave a Reply

Your email address will not be published. Required fields are marked *