ഇഷ്ടക്കാര്‍ക്ക് മാത്രമാണ് പരിഗണ നല്‍കിയത്! ടി20 ലോകകപ്പ് ടീം പ്രഖ്യാപനത്തിനെതിരെ തുറന്നടിച്ച് മുന്‍ താരം
ചെന്നൈ: കഴിഞ്ഞ ദിവസമാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത്. സീനിയര്‍ താരങ്ങളെല്ലാം ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ മറ്റുചിലര്‍ക്ക് അവസരം നഷ്ടമായി. ഒന്നര വര്‍ഷത്തിന് ശേഷം റിഷഭ് പന്ത് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. കാറപകടത്തിന് ശേഷം കളത്തിന് പുറത്തായിരുന്നു താരം. ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ് എന്നിവര്‍ക്ക് പതിനഞ്ചംഗ സ്‌ക്വാഡില്‍ ഇടം പിടിക്കാനായില്ല. പകരക്കാരുടെ നിരയിലാണ് ഇരുവരും. കെ എല്‍ രാഹുല്‍, റുതുരാജ് ഗെയ്കവാദ്, ദിനേശ് കാര്‍ത്തിക് എന്നിവരേയും സ്‌ക്വാഡില്‍ നിന്ന് തഴഞ്ഞു.
ഇപ്പോള്‍ ഇന്ത്യന്‍ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇഷ്ടക്കാരെ കുത്തിനിറച്ചാണ് ടീം തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ശ്രീകാന്ത് വ്യക്തമാക്കി. റുതുരാജിനെ ടീമിലെടുക്കാത്തത് ബന്ധപ്പെടുത്തിയാണ് ശ്രീകാന്ത് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”റുതാരാജ് ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നു. 17 ടി20 മത്സരങ്ങളില്‍ നിന്ന് 500ല്‍ അധികം റണ്‍സ് നേടിയിട്ടുള്ള താരമാണ് റുതുരാജ്. ഇതില്‍ ഓസ്‌ട്രേലിയക്കെതിരായ സെഞ്ചുറിയും ഉള്‍പ്പെടും.” ശ്രീകാന്ത് പറഞ്ഞു.
ഗില്ലിനെ പകരക്കാരുടെ നിരയില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ചും ശ്രീകാന്ത് സംസാരിച്ചു. ”മോശം ഫോമിലാണ് ശ്രീകാന്ത്. പിന്നെ എന്തിനാണ് അദ്ദേഹം ടീമിനൊപ്പം ചേര്‍ത്തിരിക്കുന്നത്? സെലക്റ്ററുടെ ഇഷ്ടക്കാരനാണ് ഗില്‍. അവന്‍ ഫോമിലല്ലെങ്കില്‍ പോലും വീണ്ടും വീണ്ടും അവസരം ലഭിക്കും. അതിപ്പോള്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും അങ്ങനെ തന്നെ.” ശ്രീകാന്ത് പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഗംഭീര പ്രകടനം പുറത്തെടുത്ത റിങ്കു സിംഗിനെ ഒഴിവാക്കിയതിനേയും ശ്രീകാന്ത് കുറ്റപ്പെടുത്തി.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.
ട്രാവലിംഗ് റിസേര്‍വ്‌സ്: ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍.