ന്യൂഡല്‍ഹി: അടുത്ത 24 മുതൽ 30 മണിക്കൂറിനുള്ളിൽ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിക്കുമെന്നും കാലതാമസം ഉണ്ടായിട്ടില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്.
ആരും ഭയപ്പെടുന്നില്ല. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും വിപുലമായ പ്രചാരണത്തിലാണ്. പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെയും പ്രചരണത്തിലാണെന്നും ജയറാം രമേശ് പറഞ്ഞു. എന്തുകൊണ്ടാണ് ബിജെപി റായ്ബറേലി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതിനാൽ ഒഴിവുവന്ന സീറ്റായ റായ്ബറേലിയിൽ നിന്ന് രാഹുൽ ഗാന്ധിയെയും അമേഠിയിൽ നിന്ന് പ്രിയങ്ക ഗാന്ധി വാദ്രയെയും മത്സരിപ്പിക്കുന്നതിന് പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അനുകൂലമാണ്. 2019-ൽ രാഹുൽ ഗാന്ധി അമേഠിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു.
അതേസമയം, ഗാന്ധി കുടുംബാംഗത്തെ അമേഠിയിൽ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് അമേത്തിയിൽ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി. അമേഠിയിൽ രാഹുൽ ഗാന്ധിയെയും റായ്ബറേലിയിൽ നിന്ന് പ്രിയങ്കയെയും മത്സരിപ്പിക്കണമെന്ന് ഉത്തർപ്രദേശിലെ സംസ്ഥാന നേതൃത്വം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയോടും പാർട്ടി നേതൃത്വത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.