തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്റ്റെ ചുമതല ജൂണ്‍ 4 നു മുന്‍പ് തിരികെ നല്‍കണമെന്ന കെ സുധാകരന്‍റെ ആവശ്യത്തിന്‍മേല്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച തുടങ്ങി. ലോക്സഭാ തെരെഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ അവസാനിക്കും വരെ പ്രസിഡന്‍റിന്റെ ചുമതല നല്‍കപ്പെട്ട എം എം ഹസനെ കാലാവധി പൂര്‍ത്തിയാകും മുന്‍പ് മാറ്റുന്നതില്‍ എഐസിസിയ്ക്കു അതൃപ്തിയുണ്ട്.

അതേസമയം ജൂണ്‍ 4 വരെ കാത്തിരുന്നാല്‍ തെരെഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കണ്ണൂരില്‍ പരാജയം ഉണ്ടായാല്‍ പദവി തിരികെ ലഭിക്കില്ലെന്ന ഭയമാണ് കെ സുധാകരനെ ആശങ്കപ്പെടുത്തുന്നത് എന്നാണ് റിപ്പോര്‍ട്ട് . നിലവില്‍ സുധാകരന്‍റെ നിലപാടിന് പാര്‍ട്ടിയില്‍ ഉള്ള പിന്തുണ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാനും മാത്രമാണ്.  

പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്ന നിലപാടുകാരാണ്. ആരോഗ്യ കാരണങ്ങളാല്‍ സുധാകരന് കെപിസിസി അധ്യക്ഷന്റ്റെ ചുമതലകള്‍ നേരാംവണ്ണം നടത്തിക്കൊണ്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്ന വിലയിരുത്തലാണ് ഭൂരിപക്ഷത്തിനും ഉള്ളത്. അതിനിടെ സുധാകരന്‍ കണ്ണൂരില്‍ തോല്‍ക്കുന്ന സാഹചര്യം കൂടി ഉണ്ടായാല്‍ അത് പാര്‍ട്ടിക്ക് വലിയ നാണക്കേട്  ഉണ്ടാക്കുകയും ചെയ്യും.
അവസരം വിനിയോഗിച്ച് ഹസന്‍ 
ഗ്രൂപ്പ് പോരോ പടലപ്പിണക്കങ്ങളോ വിവാദങ്ങളോ ഇല്ലാതെ ലോകസഭാ തിരഞ്ഞെടുപ്പിൻെറ പ്രചാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനായത് കോൺഗ്രസിലെ ടീം വർക്കിൻെറ വിജയമായാണ് കണക്കാക്കപ്പെടുന്നത്. കെ.പി.സി.സിയുടെ ആക്ടിങ്ങ് പ്രസിഡന്റ് എം.എം.ഹസൻെറ നേതൃത്വത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കാനായതാണ് പ്രശ്നങ്ങളൊന്നുമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിടാൻ പാര്‍ട്ടിയെ പ്രാപ്തമാക്കിയത്.
ലീഗിൻെറ മൂന്നാം സീറ്റ് അടക്കമുളള പ്രശ്നങ്ങൾ വലിയ സമ്മർദ്ദമായി ഉരുണ്ട് കൂടിയെങ്കിലും അതിനെയെല്ലാം ഫലപ്രദമായി നേരിടാനും മറികടക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞു. സമചിത്തതയോടെ പ്രശ്നങ്ങളെ നേരിടാനും അനാവശ്യ പ്രതികരണങ്ങൾ നടത്തി വിവാദങ്ങൾക്ക് വഴിമരുന്നിടാതിരിക്കാനും എം.എം.ഹസൻ അടക്കമുളള കെ.പി.സി.സി ടീം ശ്രദ്ധിച്ചതോടെ പതിവ് പ്രശ്നങ്ങളെല്ലാം ഒഴിഞ്ഞുനിന്നു.

കെ.പി.സി.സി.അദ്ധ്യക്ഷൻ കെ.സുധാകരൻെറ ശൈലിയിൽ നിന്നുളള പ്രകടമായ വഴിമാറി നടക്കലായി ഇതിനെ കാണാം. വലിയ ലക്ഷ്യങ്ങളെ പിന്തുടരുന്ന രാഷ്ട്രീയ നേതൃത്വം പുലർത്തേണ്ട പക്വതയും മിതത്വവും ശീലമാക്കാൻ സുധാകരൻെറ അഭാവത്തിൽ നേതൃത്വം കൈയ്യാളിയ പുതിയ ടീമിന് കഴിഞ്ഞത്രെ. രാഷ്ട്രീയ അന്തരീക്ഷം അനുകൂലമാക്കിയെടുക്കാനും അനുകൂലമായ അന്തരീക്ഷത്തെ നിലനിർത്തി കൊണ്ടുപോകാനും പുതിയ കാലത്ത് ഈ ശൈലി ഏറ്റവും അനിവാര്യമാണ്.

 സുസംഘടിതമെന്ന് തോന്നിക്കുന്ന സംഘടനാ ബലമുളള സി.പി.എം ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളികളെ അതിജീവിക്കാന്‍ കെ സുധാകരന്‍റെ ശൈലി പര്യാപ്തമല്ല എന്നു തെളിഞ്ഞ നാളുകളാണ് കഴിഞ്ഞു പോയത്. സുധാകരന്‍ പലതിനും തുടക്കമിട്ടു , പക്ഷേ ഒന്നും മുന്നോട്ടുപോയില്ല , പൂര്‍ത്തിയാക്കിയതുമില്ല. 
ചെറിയ നാവുപിഴകളും പെരുമാറ്റ വൈകല്യങ്ങളും എല്ലാം അനുനിമിഷം ഓഡിറ്റ് ചെയ്യപ്പെടുന്ന ഇക്കാലത്ത് രാഷ്ട്രീയ നേതൃത്വം ഏറ്റവും ശ്രദ്ധയോടെ സമൂഹത്തില്‍ ഇടപെടേണ്ട കാലമാണ്.

ലീഗിന്‍റെ മൂന്നാം സീറ്റ് വിവാദം തന്നെ ഉദാഹരണം. ലീഗിന് സീ റ്റ് നൽകില്ലെന്നും കോൺഗ്രസ് തന്നെ കണ്ണൂർ അടക്കമുളള സീറ്റിൽ മത്സരിക്കുമെന്നുമായിരുന്നു മനോരമ ന്യൂസിന് നൽകിയ പ്രതികരണത്തിൽ കെ. സുധാകരൻ പറഞ്ഞത്. ഇതോടെ മൂന്നാം സീറ്റ് ആവശ്യത്തിൽ നിന്ന് ഒരുനിലയ്ക്കും പിന്മാറാൻ കഴിയാത്ത നിർബന്ധിത സ്ഥിതിയിലേക്ക് ലീഗ് നേതൃത്വവുമെത്തി.

 പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഹസനും അടങ്ങിയ ടീം അടിയന്തിരമായി ഇടപെട്ട് ലീഗ് നേതൃത്വവുമായി സംസാരിച്ച് പ്രശ്നം രമ്യമായി പരിഹരിക്കുകയായിരുന്നു. അപ്പോഴും അടുത്തതായി ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് ലീഗിന് വിട്ടുകൊടുക്കേണ്ടി വരുന്ന വലിയ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു. സാഹചര്യത്തിൻെറ ഗൗരവം മനസിലാക്കാതെ  അശ്രദ്ധമായി കെ.സുധാകരൻ നടത്തിയ പ്രസ്താവനയാണ് ആ വലിയ വിട്ടുവീഴ്ചയിലേക്ക് കോൺഗ്രസിനെ എത്തിച്ചത് എന്നത് കാണാതിരുന്നുകൂടാ.
ഇനി തെരെഞ്ഞെടുപ്പ് കാലം 
 ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് വലിയ ലക്ഷ്യങ്ങളാണ്. 2025ൽ നടക്കാനിരിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന്  സംഘടനാപരമായും രാഷ്ട്രീയമായും പാർട്ടിയെ ഒരുക്കേണ്ടതുണ്ട്. പ്രാദേശിക തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കുളള മേൽക്കൈ മറികടക്കാൻ നല്ല തയാറെടുപ്പുകൾ വേണ്ടതുണ്ട്.

ബൂത്ത് തലം മുതൽ ബ്ളോക്ക് തലം വരെയുളള പാർ‍ട്ടി കമ്മിറ്റികളെ സജീവമാക്കിയാലെ ആ ലക്ഷ്യം കാണാനാവൂ. അതിന് സാഹചര്യത്തിൻെറ ഗൗരവം മനസിലാക്കി ഇടപെടുന്ന പുതിയ നേതൃത്വം അനിവാര്യമാണ്. നേതൃതലത്തിൽ അത്തരമൊരു പൊളിച്ചെഴുത്തിന് ദേശിയ നേതൃത്വം തയാറായേ മതിയാകു എന്ന അഭിപ്രായത്തിനാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ മുന്‍തൂക്കം.

അതുകൊണ്ട് തന്നെ കാലത്തിൻെറ ചുവരെഴുത്ത് വായിച്ച് കൊണ്ട് വേഗത്തിലുളള തീരുമാനങ്ങളും അത് നടപ്പാക്കാനുളള ഇച്ഛാശക്തിയും ഹൈക്കമാൻഡ് പ്രകടിപ്പിക്കുന്നില്ലെങ്കിൽ കേരളത്തിലും കാര്യങ്ങൾ വീണ്ടും പഴയ കാലത്തേക്ക് തന്നെ മടങ്ങി പോകും. ഒന്ന് കരകയറിയ ശേഷമുളള ആ തിരിച്ചുപോക്ക് ദുരന്തങ്ങൾ വിതയ്ക്കുമെന്ന കാര്യം നേതൃത്വം മറന്നുപോകരുതെന്നാണ് പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.

By admin

Leave a Reply

Your email address will not be published. Required fields are marked *