റുതുരാജിന് ഫിഫ്റ്റി, ധോണിയുടെ ഫിനിഷിംഗിന് ശോഭ കുറഞ്ഞു; ചെന്നൈക്ക് ഭേദപ്പെട്ട സ്കോര്‍
ചെന്നൈ: ഐപിഎല്‍ പോരാട്ടത്തില്‍ സിക്‌സര്‍ മഴ മാറി നിന്നപ്പോള്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഭേദപ്പെട്ട സ്കോര്‍ മാത്രം. ചെപ്പോക്കില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന സിഎസ്‌കെ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റിന് 162 റണ്‍സാണ് എടുത്തത്. അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദാണ് ടോപ് സ്കോറര്‍. അവസാന ഓവറുകളില്‍ എം എസ് ധോണിക്ക് പതിവ് താണ്ഡവത്തിലേക്ക് ഉയരാനായില്ല. ശിവം ദുബെയും രവീന്ദ്ര ജഡേജയും ബാറ്റിംഗില്‍ ദയനീയ പരാജയമായി.
സ്വന്തം തട്ടകത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഓപ്പണര്‍മാരായ അജിങ്ക്യ രഹാനെയും റുതുരാജ് ഗെയ്‌ക്‌വാദും സുരക്ഷിത തുടക്കം നല്‍കി. ഇരുവരും പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 55 റണ്‍സ് ചേര്‍ത്തു. പഞ്ചാബ് കിംഗ്‌സ് സ്‌പിന്നര്‍ ഹര്‍പ്രീത് ബ്രാര്‍ എറിഞ്ഞ 9-ാം ഓവര്‍ 64 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് പൊളിച്ചു. ഓവറിലെ രണ്ടാം ബോളില്‍ രഹാനെ (24 പന്തില്‍ 29) റൈലി റൂസ്സോയുടെ കൈകളിലെത്തി. തൊട്ടടുത്ത പന്തില്‍ വെടിക്കെട്ട് വീരന്‍ ശിവം ദുബെ (1 പന്തില്‍ 0) എല്‍ബിയില്‍ ഗോള്‍ഡന്‍ ഡക്കായി. ഇതിന് ശേഷം രവീന്ദ്ര ജഡേജയും വന്നപാടെ മടങ്ങി. 4 പന്തില്‍ 2 റണ്‍സ് മാത്രമെടുത്ത ജഡ്ഡുവിനെ സ്‌പിന്നര്‍ രാഹുല്‍ ചാഹര്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. സിഎസ്‌കെ സ്കോര്‍ 9.5 ഓവറില്‍ 70-3.
ഇതിന് ശേഷം ഇംപാക്ട് സബ്‌സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ സമീര്‍ റിസ്‌വി ക്യാപ്റ്റന്‍ റുതുരാജ് ഗെയ്‌ക്‌വാദിനൊപ്പം ടീമിനെ 100 കടത്തി. എന്നാല്‍ 16-ാം ഓവറിലെ മൂന്നാം പന്തില്‍ പേസര്‍ കാഗിസോ റബാഡയെ തേഡ്‌മാനിലേക്ക് കളിച്ച റിസ്‌വി (23 പന്തില്‍ 21) ഹര്‍ഷല്‍ പട്ടേലിന്‍റെ തകര്‍പ്പന്‍ ക്യാച്ചില്‍ മടങ്ങി. ആറാമനായി ക്രീസിലെത്തിയ മൊയീന്‍ അലി തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും 18-ാം ഓവറില്‍ പേസര്‍ അര്‍ഷ്‌ദീപ് സിംഗിന്‍റെ യോര്‍ക്കര്‍ കുറ്റി തെറിപ്പിച്ചു. 48 പന്തില്‍ 62 റണ്‍സാണ് റുതു പേരിലാക്കിയത്. 19-ാം ഓവറിലെ നാലാം ബോളില്‍ രാഹുല്‍ ചഹാര്‍, മൊയീന്‍ അലിയുടെ (9 പന്തില്‍ 15) കുറ്റി പിഴുതു.
അര്‍ഷിന്‍റെ 20-ാം ഓവറില്‍ എം എസ് ധോണി ക്രീസില്‍ നിന്നപ്പോള്‍ രണ്ട് വൈഡ് അടക്കം 13 റണ്‍സേ പിറന്നുള്ളൂ. ധോണി 11 പന്തില്‍ 14 ഉം, ഡാരില്‍ മിച്ചല്‍ 1 പന്തില്‍ 1* ഉം റണ്‍സെടുത്തു. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ ധോണി ഹര്‍ഷലിന്‍റെ ത്രോയില്‍ റണ്ണൗട്ടായി.
Read more: ‘തമിഴ്‌നാട് താരങ്ങളെ പതിവായി അവഗണിക്കുന്നു’; ടി നടരാജനെ തഴഞ്ഞതില്‍ ആഞ്ഞടിച്ച് മുന്‍ താരം