ടി20 ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്ത് മൈക്കല്‍ വോണ്‍, ഇന്ത്യ സെമിയിലെത്തില്ലെന്ന് പ്രവചനം
ലണ്ടൻ: ടി20 ലോകകപ്പ് തുടങ്ങാന്‍ ഒരു മാസം മാത്രം ബാക്കിയിരിക്കെ ലോകകപ്പ് സെമി ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്ത് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. രോഹിത് ശര്‍മയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യ സെമിയിലെത്തില്ലെന്ന് മൈക്കല്‍ വോണ്‍ പറഞ്ഞു.
നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, പിന്നെ ആതിഥേയരായ ഇംഗ്ലണ്ടുമാകും ടി20 ലോകകപ്പ് സെമിയിലെത്തുന്ന നാലു ടീമുകളെന്ന് മൈക്കല്‍ വോണ്‍ പറഞ്ഞു. ജൂണ്‍ രണ്ടിന് ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലന്‍ഡിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ ഒമ്പതിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.
അതേസമയം, വോണിന്‍റെ പ്രവചനത്തിനെരെ മുന്‍ പ്രവചനങ്ങള്‍ ചൂണ്ടിക്കാട്ടി ആരാധകരും രംഗത്തെത്തയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും സെമിയിലെത്തുമെന്നായിരുന്നു വോണിന്‍റെ പ്രവചനം. എന്നാല്‍ ഇംഗ്ലണ്ടും പാകിസ്ഥാനും സെമിയില്‍ പോലും എത്തിയിരുന്നില്ല.
ഇന്നലെയാണ് ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്. മലയാളി താരം സഞ്ജു സാംസണും ലോകകപ്പ് ടീമില്‍ ഇടം നേടിയിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജുവിനൊപ്പം റിഷഭ് പന്തും ടീമിലുണ്ട്.
My 4 Semi finalists for the T20 WC … England,Austrlalia,South Africa and the West Indies .. #T20WC2024
— Michael Vaughan (@MichaelVaughan) May 1, 2024
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.