ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് “മാര്‍കോ”. ചിത്രത്തിന്റെ പൂജ മെയ് മൂന്നിന് അരങ്ങേറുമെന്നു അണിയറപ്രവർത്തകർ അറിയിച്ചു. സംവിധാനം നിര്‍വഹിക്കുന്നത് ഹനീഫ് അദേനിയാണ്. കെ ജി എഫ് താരം രവി ബസ്രൂരാണ് സംഗീതം നിർവഹിക്കുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വില്ലന്റെ സ്പിൻ ഓഫ് സിനിമ വരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്‌ഷൻ എന്റർടെയ്നർ ‘മാർക്കോ’ ആണ് മലയാള സിനിമയിൽ പുതിയ തുടക്കം സൃഷ്ടിക്കുന്നത്. മിഖായേല്‍ എന്ന നിവിൻ പോളി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയർ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. ഷരീഫ് മുഹമ്മദ്, അബ്ദുൾ ഗദാഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്നാണ് മാർക്കോ തിയേറ്ററുകളിൽ എത്തിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ സ്റ്റൈലിഷ് വില്ലൻ വേഷങ്ങളിലൊന്നായിരുന്നു മാർക്കോ എന്ന കഥാപാത്രം. മുഴുനീള കഥാപാത്രമായി മാർക്കോ എത്തുമ്പോൾ പുതിയൊരു യൂണിവേഴ്സ് കൂടി സൃഷ്ടിക്കുകയാണ് സംവിധായകനായ ഹനീഫ് അദേനി.
ഉണ്ണി മുകുന്ദൻ നായകനായവയില്‍ ഒടുവില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയത് ജയ് ഗണേഷാണ്. കുട്ടികളടക്കമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ട് പ്രദര്‍ശനത്തിനെത്തിച്ചിരുന്ന ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തുന്ന ചിത്രമായ ജയ് ഗണേഷ് പ്രദർശന വിജയം നേടി മുന്നേറുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *